ഇങ്ങനെയാണോ ച്യൂയിങ്ഗം ഉണ്ടാക്കുന്നത്? ഇനി കഴിക്കുമോ!
Mail This Article
ഒരിക്കലെങ്കിലും ച്യൂയിങ്ഗം കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എങ്ങനെയാണിത് തയാറാക്കുന്നതെന്ന്. ച്യൂയിങ്ഗത്തിന് ആ ഘടന നൽകുന്നത് എന്തെന്നു വെളിപ്പെടുത്തുള്ള ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന ചൂടേറിയ ചർച്ചകളും നടക്കുന്നുണ്ട്.
ചെമ്മരിയാടിന്റെ ഗ്രന്ഥിയിൽനിന്നു പുറത്തു വരുന്ന ഒരു സ്രവമാണ് ച്യൂയിങ്ഗത്തിനു മാർദ്ദവവും റബറി ഘടനയും നൽകുന്നതെന്നാണ് വിഡിയോയിൽ പറയുന്നത്. എങ്ങനെയാണിത് ആടുകളിൽനിന്നു ശേഖരിക്കുന്നതെന്നുള്ള വിശദമായ വിഡിയോയും ഇതിനൊപ്പം കാണിക്കുന്നുണ്ട്. ച്യൂയിങ്ഗത്തിനൊപ്പം ചേരുന്ന വിശേഷപ്പെട്ട വസ്തു എന്താണെന്നു കണ്ടാൽ അത് കഴിക്കുന്നത് നിർത്തുമെന്ന് പറഞ്ഞു കൊണ്ടാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ച്യൂയിങ്ഗം ചവയ്ക്കുന്നത് താടിയെല്ലുകളെ ബലപ്പെടുത്തുമെന്നു കരുതിയാണ് പലരുമിത് ഉപയോഗിക്കുന്നത്. എന്നാൽ ലാനോലിൻ എന്ന വസ്തുവാണ് ച്യൂയിങ്ഗത്തെ മൃദുവാക്കുന്നത്. ആടിന്റെ ചർമത്തിൽ കാണപ്പെടുന്ന സെബാസിയസ് ഗ്രന്ഥികൾ പുറത്തുവിടുന്ന ഒരു പ്രത്യേകതരം വസ്തുവാണ് ഇതിനായി ഉപയോഗിക്കുന്നത്. അരക്കിനു സമാനമാണിത്. ച്യൂയിങ്ഗം മൃദുവാക്കി മാറ്റാനിതു സഹായിക്കുന്നു.’- വിഡിയോയിൽ പറയുന്നത് ഇപ്രകാരമാണ്.
ഗന്ധവും രുചിയുമാണ് പലരെയും ച്യൂയിങ്ഗം വാങ്ങി കഴിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ വിഡിയോ കണ്ടതോടെ അത് നിർത്തി എന്നാണ് കൂടുതൽ പേരും കമന്റുകൾ കുറിച്ചിരിക്കുന്നത്. ഇത് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും വാങ്ങുകയില്ലെന്നും ചിലർ എഴുതിയിട്ടുണ്ട്. ഇനി ച്യൂയിങ്ഗം കഴിക്കുകയില്ലെന്നും ഇതുണ്ടാക്കുന്ന കമ്പനി നിരോധിക്കണമെന്നുമുള്ള ആവശ്യങ്ങളും കമെന്റ് ബോക്സിലുണ്ട്. എന്നാൽ വിഡിയോയിൽ പറയുന്നത് അർഥശൂന്യമായ കാര്യമാണെന്നും ച്യൂയിങ്ഗം തയാറാക്കുന്നത് ഇങ്ങനെയല്ലെന്നും കുറിച്ചവരുമുണ്ട്. എന്തായാലും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ വാദപ്രതിവാദങ്ങൾ തന്നെ സൃഷ്ടിച്ചു കഴിഞ്ഞു.