കത്രീനയുടെ പ്രിയപ്പെട്ട ആ മൂന്നു വിഭവങ്ങള്‍ ഇവയാണ്
Mail This Article
ബ്രിട്ടിഷ് വംശജയാണെങ്കിലും ഇന്ത്യന്‍ ഭക്ഷണവും സംസ്കാരവുമെല്ലാം കത്രീന കൈഫിന് ഏറെ പ്രിയപ്പെട്ടതാണ്. ഫിറ്റ്നസിൽ ഏറെ ശ്രദ്ധയുള്ള കത്രീനയുടെ ഭക്ഷണശീലങ്ങളും ജീവിതരീതിയുമെല്ലാം ആരാധകരടക്കം പലർക്കും പ്രചോദനമാണ്. തന്‍റെ പ്രിയ ഇന്ത്യന്‍ ഭക്ഷണങ്ങൾ എന്ന പേരിൽ കത്രീന അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും ശ്രദ്ധിക്കപ്പെട്ടു. പീച്ചിങ്ങ, കോളിഫ്ലവര്‍ എന്നിവയുടെ കറിയും ബ്രോക്കോളി സൂപ്പുമാണ് ചിത്രത്തിലുണ്ടായിരുന്നത്. ഒരു ഇന്റർവ്യൂവിൽ കത്രീനയുടെ ഭർത്താവും നടനുമായ വിക്കി കൗശൽ തന്റെയും കത്രീനയുടെയും ഭക്ഷണപ്രിയത്തെപ്പറ്റി പറഞ്ഞിരുന്നു. തനിക്ക് പറാത്തയാണ് ഇഷ്ടമെങ്കിലും കത്രീനയ്ക്ക് കൂടുതല്‍ പ്രിയം പാന്‍ കേക്കാണെന്നും എന്നാല്‍ തന്‍റെ അമ്മ ഉണ്ടാക്കിയ പറാത്ത കത്രീനയ്ക്ക് പ്രിയപ്പെട്ടതാണെന്നുമാണ് വിക്കി പറഞ്ഞത്.
വെളിച്ചെണ്ണ ചേർത്ത അവക്കാഡോ സ്മൂത്തിയാണ് കത്രീനയുടെ പ്രഭാതഭക്ഷണം. പോഷകങ്ങൾ ഏറെയുള്ള സ്മൂത്തിയുടെ ഒരു വിഡിയോ മുൻപു താരം പങ്കുവച്ചിരുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സഹായകമായ ഈ സ്മൂത്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആവശ്യമുള്ളവ
അവക്കാഡോ - ഒന്ന്
പഴം- ഒന്ന്
ചീരയില– മൂന്നോ നാലോ
ചിയ സീഡ്സ്– ഒരു ടീസ്പൂൺ
ചെറുനാരങ്ങ നീര്– ഒരു ടീസ്പൂൺ
കൊക്കോ പൊടി– ഒരു ടീസ്പൂൺ
ഐസ് ക്യൂബ്– നാലോ അഞ്ചോ
തയാറാക്കുന്ന വിധം:
അവക്കാഡോയും പഴവും തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇത് ഒരു ബ്ലെൻഡറിലിട്ട് ചീരയിലയും ചിയ സീഡ്സും ചേർത്ത് നന്നായി അടിച്ചെടുക്കാം. ഈ കൂട്ടിലേക്ക് വെളിച്ചെണ്ണ, നാരങ്ങാനീര്, ഐസ് ക്യൂബുകൾ, കൊക്കോ പൗഡർ എന്നിവ കൂടി ചേർത്ത് അടിച്ചെടുക്കണം. സ്മൂത്തി തയാറായിക്കഴിഞ്ഞു.