ഭക്ഷണം വിൽക്കുന്നത് 22 ലക്ഷത്തിന്റെ പുതിയ കാറിൽ; കച്ചവടം പൊടിപൊടിക്കുന്നു
Mail This Article
ഈ കഴിഞ്ഞ നാളുകളിൽ തെരുവോരങ്ങളിൽ ഭക്ഷണം വിൽക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതിൽ ഉന്നത വിദ്യാഭ്യാസമുള്ളവർ വരെയുണ്ടെന്നു കേൾക്കുന്നത് ഇപ്പോൾ ഒട്ടും അതിശയോക്തിയില്ലാത്ത കാര്യമാണ്. നാടൻ ഭക്ഷണങ്ങൾ മുതൽ പീതസയും ബർഗറും ചൈനീസ് വിഭവങ്ങളും വരെ വിളമ്പുന്ന തെരുവോരക്കടകൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കൂടെ ചായയും ബജികളും വിൽക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. പല ഫ്യൂഷൻ വിഭവങ്ങളും വിളമ്പുന്ന തട്ടുകടകളും നാട്ടിൽ ഹിറ്റാണ്. തൊഴിലില്ലായ്മയും വലിയ മുതൽ മുടക്കില്ലാതെ സംരംഭം ആരംഭിക്കാമെന്നതുമാണ് വിദ്യാഭ്യാസമുള്ളവരെയും ഈ മേഖലയിലേയ്ക്ക് ആകർഷിക്കുന്നത്. വാനുകളിൽ ഭക്ഷണം വിൽക്കുന്നത് ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. എന്നാൽ ഇവിടെ ഒരു കച്ചവടക്കാരൻ വ്യത്യസ്തനാകുന്നത് തന്റെ പുതിയ കാറിൽ ഭക്ഷണം വിറ്റു കൊണ്ടാണ്. പുതിയ കാറിനെ ഒരു മൊബൈൽ ധാബയാക്കിയാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ കച്ചവടക്കാരനും കാറും വൈറലായതോടെ നിരവധിപേരാണ് പുതിയ സംരംഭത്തിന് ഭാവുകങ്ങൾ നേർന്നും അഭിനന്ദിച്ചു കൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇരുപത്തിരണ്ടു ലക്ഷം രൂപ വില വരുന്ന കാറിലാണ് മൊബൈൽ ധാബ പ്രവർത്തിക്കുന്നത്. കാറിന്റെ ട്രങ്കിൽ കാസറോളുകളിലായി നിരവധി വിഭവങ്ങൾ നിരത്തി വച്ചിരിക്കുന്നു. അതിൽ മസാല ചിക്കൻ, ചോറ്, ഷാഹി പനീർ, തവ റൊട്ടി തുടങ്ങി വിഭവ സമൃദ്ധമായ ഒരു മെനുവുമുണ്ട്. വീട്ടിൽ നിന്നും ഭാര്യ തയാറാക്കി നൽകുന്ന ഭക്ഷണമാണ് വിൽപനക്കായി എത്തിച്ചിരിക്കുന്നത്. വഴിയരികിലെ ഈ ഭക്ഷണം വില്പനയിൽ ഒട്ടും നാണക്കേടുമില്ലെന്നു മാത്രമല്ല, ഏറെ അഭിമാനത്തോടെയുമാണ് ആ കാറുടമ ഇത്തരമൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്
വിഡിയോ കണ്ടവരിൽ ഭൂരിപക്ഷം പേരും ഈ കച്ചവടക്കാരനെ അഭിനന്ദിച്ചു കൊണ്ട് കമെന്റുകൾ കുറിച്ചിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ്, ഇനിയുമേറെ മുന്നോട്ടു പോകൂ എന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്. സഹോദരാ...മറ്റുള്ളവർ നിങ്ങളെ ഒരു പ്രചോദനമായി കാണുമെന്നാണ് വേറൊരു കുറിപ്പ്. വളരെ നന്നായിരിക്കുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ഇത് എല്ലാവർക്കും ഒരു പ്രേരണയാണെന്നും എഴുതിയിട്ടുള്ളവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്.