ഇത് അതിശയം തന്നെ! ലോകത്തിലെ ഏറ്റവും നീളമേറിയ തീന്മേശയോ? വിശേഷങ്ങളുമായി മിഥുന്
Mail This Article
യാത്രാപ്രേമി മാത്രമല്ല നല്ലൊന്നാന്തരം ഫൂഡികൂടിയാണ് മലയാളികളുടെ പ്രിയതാരമായ മിഥുൻ രമേശ്. ഏത് നാട്ടിലേക്കുള്ള യാത്രയായാലും അവിടുത്തെ ട്രെഡീഷണൽ വിഭവമടക്കം മിക്കതും മിഥുൻ രുചിക്കാറുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന നിരവധി വിഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വിഡിയോയാണ് സമൂഹമാധ്യമത്തില്‍ പങ്കിട്ടിരിക്കുന്നത്. ഒരേസമയം 101 പേര്‍ക്ക് ഇരിക്കാവുന്ന, ലോകത്തിലെ ഏറ്റവും നീളമുള്ള തീന്‍മേശയുടെ വിശേഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മിഥുനും ഭാര്യ ലക്ഷ്മിയും മകളും കൂടി ഇതിന്‍റെ ഉള്‍വശം സന്ദര്‍ശിക്കുന്നതിന്‍റെ വിഡിയോയും ഒപ്പമുണ്ട്.
ഹൈദരാബാദിലെ ഫലക്നുമ പാലസിലാണ്, അതിമനോഹരവും രാജകീയവുമായി അലങ്കരിച്ചിരിക്കുന്ന ഈ തീന്‍മേശ ഉള്ളത്, 108 അടി നീളവും, 5.7 അടി വീതിയും, 2.7 അടി ഉയരവുമുണ്ട് ഇതിന്. റോസ്‌വുഡില്‍ നിര്‍മിച്ച കസേരകളിലിരുന്ന്, സ്വര്‍ണ്ണനിറമുള്ള പാത്രങ്ങളില്‍ വിളമ്പിക്കഴിക്കാം. മുകളില്‍ അലങ്കാരത്തിനായി അഞ്ചു ബെല്‍ജിയന്‍ തൂക്കുവിളക്കുകളുണ്ട്. എലിസബത്ത് രാജ്ഞിയും ജോര്‍ജ് രാജാവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവിടെ നിന്നും മുന്നേ ഭക്ഷണം കഴിച്ചിട്ടുണ്ട്.
ചുവരുകളില്‍ ഭക്ഷണമെനു പെയിന്‍റ് ചെയ്തതും കാണാം.
ഹൈദരാബാദിലെ പ്രധാനമന്ത്രിയായിരുന്ന നവാബ് വികർ ഉൽ ഉംറയും നവാബ് മിർ മഹബൂബ് അലി ഖാൻ ബഹദൂറും ചേർന്നാണ് ഫലക്നുമ പാലസ് പണികഴിപ്പിച്ചത്. പിന്നീട്, 1897-98 കാലഘട്ടത്തിൽ ഹൈദരാബാദിന്‍റെ ആറാമത്തെ നിസാമിനു കൈമാറി. ഈ പാലസ് ഒരു രാജകീയ ഗസ്റ്റ് ഹൗസായി നിസാം ഉപയോഗിച്ചു. നഗരത്തിന്‍റെ പ്രധാനഭാഗങ്ങളെല്ലാം തന്നെ ഈ പാലസിൽ ഇരുന്നാല്‍ കാണാന്‍ പറ്റും.
ചാർമിനാറിൽനിന്നും 5 കിലോമീറ്റർ അകലെ 32 ഏക്കർ സ്ഥലത്താണ് ഫലക്നുമ സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും ഇറ്റാലിയൻ മാർബിളും സ്റ്റെയിൻ ഗ്ലാസും ഉപയോഗിച്ചാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ 60 അത്യാഡംബര മുറികളും, വിശാലമായ 22 ഹാളുകളും ഉണ്ട്. ബെർക്‌ഷെയറിലെ വിൻഡ്സർ കൊട്ടാരത്തിന് സാമ്യമായ രീതിയിലുള്ള ലൈബ്രറിയും പാലസിലുണ്ട്. ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാരുടെ ചിത്ര രചനകൾ പ്രദർശിപ്പിച്ചതും കാണാം.
2000 വരെ ഈ പാലസ് നിസാം കുടുംബത്തിന്‍റെ സ്വകാര്യ സ്വത്തായിരുന്നു, പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല. 2000 ത്തിൽ താജ് ഹോട്ടൽസ് ഗ്രൂപ്പ് കൊട്ടാരം ഏറ്റെടുക്കുകയും ഇവിടം ഒരു ഹോട്ടലാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ ഭക്ഷണശാലകള്‍, ബിസിനസ് സെന്‍റര്‍, ബോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ജിം, ബ്യൂട്ടി സലോൺ തുടങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഒരു ഹോട്ടലായി പാലസ് പ്രവര്‍ത്തിച്ചുവരുന്നു.
രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഫലക്നുമ പാലസിലേക്ക് ഏകദേശം 17 കിലോമീറ്റര്‍ ആണ് ദൂരം. ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഫലക്നുമ പാലസിൽനിന്നും അനായാസം എത്തിച്ചേരാം. മക്ക മസ്ജിദ് (ഏകദേശം 4 കിമീ), നെഹ്‌റു സുവോളജിക്കൽ പാർക്ക് (ഏകദേശം 4 കിമീ) എന്നിവ അടുത്താണ് സ്ഥിതിചെയ്യുന്നത്. ചാർമിനാർ, തരമടി ബരദാരി, സലർ ജങ്ങ് മ്യൂസിയം എന്നിവയും സന്ദർശിക്കാം.