ADVERTISEMENT

കേരളത്തിലെ പ്രധാന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇടിയപ്പം. അതിന്റെ കൂടെ സ്‌റ്റൂ കൂടിയുണ്ടെങ്കിൽ കുശാലാണ്. നമ്മുടെ സ്വന്തം ഇടിയപ്പവും സ്‌റ്റൂവും ഉണ്ടാക്കി കൊതിപ്പിക്കുകയാണ് തെന്നിന്ത്യയിലും ബോളിവുഡിലും ഒരു കാലത്തു സൂപ്പർ താരമായിരുന്ന സമീറ റെഡ്‌ഡി. താരം പങ്കുവച്ച വിഡിയോയിൽ ഭർതൃമാതാവിനെയും കാണാവുന്നതാണ്. സാരിയുടുത്തു ചിരിച്ചു കൊണ്ടുനിൽക്കുന്ന ഭർത്തൃമാതാവ് മഞ്ചരി വാർഡയിൽ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ന് ഇത്തരത്തിൽ വസ്ത്രം ധരിച്ചിരിക്കുന്നതെന്നു സമീറ ചോദിക്കുമ്പോൾ വർഷത്തിൽ ഒരു ദിവസം മരുമകൾ ഭക്ഷണം തയാറാക്കുന്ന ദിവസമാണ് ഇന്നെന്നും തനിക്ക് ഇടിയപ്പവും സ്‌റ്റൂ തയാറാക്കി തരാമെന്നു വാക്കുനൽകിയിട്ടുണ്ടെന്നുമാണ് മഞ്ചരി വാർഡ മറുപടി നൽകുന്നത്. 

തുടർന്ന് സമീറ റെഡ്‌ഡി വെജിറ്റബിൾ സ്‌റ്റൂവും ഇടിയപ്പവും തയാറാക്കുന്നതിന്റെ വിശദമായ വിഡിയോയാണ്. കറിയ്ക്കായി ക്യാരറ്റും ബീന്സും കോളിഫ്ലവറും അരിഞ്ഞു വച്ചിരിക്കുന്നത് കാണാവുന്നതാണ്.ആ പച്ചക്കറികൾ സമീറ അല്ല അരിഞ്ഞതെന്ന ഭർതൃ മാതാവ് ചൂണ്ടി കാണിക്കുമ്പോൾ ചെറു ചിരിയോടെ അത് താനല്ല ചെയ്തതെന്ന് താരം സമ്മതിക്കുന്നുമുണ്ട്. ചൂടായ പാനിലേക്ക് എണ്ണയൊഴിച്ചതിനു ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവയും കൂടെ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയും ചേർത്തുകൊടുക്കുന്നു. ഇവ നന്നായി വഴറ്റിയതിനു ശേഷം അതിലേക്കു ഗ്രീൻ പീസ്, നേരത്തെ അരിഞ്ഞു വെച്ച പച്ചക്കറികൾ എന്നിവയും ചേർക്കുന്നു. വെള്ളം കൂടി ഒഴിച്ച് മൂടിവെച്ച് പച്ചക്കറികൾ വേവിച്ചെടുക്കുന്നതാണ് പിന്നീട് കാണുന്നത്. തേങ്ങാപാൽ കൂടി ചേർക്കുന്നതോടെ സ്‌റ്റൂ തയാറായി കഴിഞ്ഞു.

ഇടിയപ്പം തയാറാക്കുന്നതിന്റെ വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഒരു പാത്രത്തിൽ വെള്ളം  തിളപ്പിച്ച്, കുറച്ച് എണ്ണ ആ വെള്ളത്തിലേയ്ക്ക് ഒഴിക്കുന്നു. അരിപൊടി വറക്കുന്നതും തിളച്ച വെള്ളത്തിലേക്ക് പൊടിയിട്ട് നല്ലതുപോലെ ഇളക്കി കുഴച്ചെടുത്ത് സേവനാഴിയിലേക്കു മാറ്റി ഇടിയപ്പം തയാറാക്കിയെടുക്കുകയും ചെയ്യുന്നു. നിങ്ങളും ഇതുണ്ടാക്കി നോക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തന്റെ മകൾ നൈറയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണിതെന്നും സമീറ കൂട്ടി ചേർക്കുന്നുണ്ട്. പങ്കുവെച്ച വീഡിയോയുടെ താഴെ ഇടിയപ്പവും സ്‌റ്റൂവും തയാറാക്കുന്നത്തിനായി എടുത്തിട്ടുള്ളവയുടെ കൃത്യമായ അളവും എങ്ങനെയാണു പാകം ചെയ്യുന്നത് എന്നതിന്റെ വിശദമായ പാചകകുറിപ്പും സമീറ റെഡ്‌ഡി ചേർത്തിട്ടുണ്ട്.

വിഡിയോയുടെ താഴെ ധാരാളംപേരാണ് ഭർത്തൃമാതാവുമൊരുമിച്ചുള്ള സമീറ റെഡ്‌ഡിയുടെ വിഡിയോ ഏറെ രസകരമാണെന്നു സൂചിപ്പിച്ചു കൊണ്ട് കമെന്റുകൾ എഴുതിയിരിക്കുന്നത്. ഇടിയപ്പവും സ്റ്റൂവും തങ്ങൾക്കും ഏറെ ഇഷ്ടമുള്ള വിഭവമാണെന്നും ധാരാളം പേർ കുറിച്ചിട്ടുണ്ട്. 

English Summary:

When It Is Bahu Cooks Day, Sameera Reddy Makes kerala idiyappam veg stew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com