പ്രതിരോധശേഷി വർധിപ്പിക്കാം; നെല്ലിക്ക മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ
Mail This Article
തണുപ്പ് കാലമാണ്, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി പോഷകങ്ങൾ അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും അതിനൊപ്പം തന്നെ ദഹനം സുഗമമാക്കാനും ഇത്തരം ഭക്ഷണങ്ങൾ സഹായിക്കും. മഞ്ഞുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സിയും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ദഹന പ്രക്രിയ സുഗമമാക്കുന്നു, പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, കൂടാതെ കരളിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
നെല്ലിക്ക സാധാരണയായി ഉപയോഗിക്കുന്നത് അച്ചാർ, ചമ്മന്തി തേൻ നെല്ലിക്ക തുടങ്ങിയവ തയാറാക്കാനാണ്. വർഷത്തിലെ മൂന്നോ നാലോ മാസങ്ങളിൽ മാത്രമാണ് നെല്ലിക്ക ലഭിക്കുക. അതുകൊണ്ടു തന്നെ വർഷം മുഴുവൻ ഇവ സൂക്ഷിച്ചു വയ്ക്കുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നെല്ലിക്ക മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.
* സൂര്യ പ്രകാശം നേരിട്ടു പതിക്കാത്ത സ്ഥലങ്ങളിൽ, സാധാരണ താപനിലയിൽ, ഒട്ടും തന്നെയും ജലാംശമില്ലാത്തയിടങ്ങളിൽ നെല്ലിക്ക സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുന്നത്, വളരെനാളുകൾ കേടുകൂടാതെയിരിക്കാൻ സഹായിക്കും.
* നെല്ലിക്കകൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കുന്നതു വഴി ഉപയോഗശൂന്യമായി പോകാതെയിരിക്കും. പാത്രങ്ങളിൽ ജലാംശം ഒട്ടും തന്നെയുമില്ലെന്നു ഉറപ്പാക്കിയതിനു ശേഷം നെല്ലിക്കകൾ സൂക്ഷിക്കാവുന്നതാണ്. അതിനായി ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് കണ്ടെയ്നർ തിരഞ്ഞെടുക്കാം.
* നെല്ലിക്ക ഉപ്പിലിട്ടു വെയ്ക്കുന്നത് വഴി കൂടുതൽ കാലം കേടുകൂടാതെയിരിക്കും. വെള്ളം തിളപ്പിച്ചതിലേക്കു ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. നന്നായി തണുത്തതിനു ശേഷം വായു കടക്കാത്ത ഒരു പാത്രത്തിലേയ്ക്ക് നെല്ലിക്കയും ഈ ഉപ്പുവെള്ളവും ചേർത്തുകൊടുക്കണം. നല്ലതു പോലെ അടച്ചു സൂക്ഷിച്ചാൽ നാല് മുതൽ എട്ട് മാസം വരെ കേടുകൂടാതെയിരിക്കും.
* നെല്ലിക്കകൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത്, കുരു നീക്കം ചെയ്തതിനു ശേഷം പൊടിച്ചെടുത്തു സൂക്ഷിക്കാവുന്നതാണ്. ചില വിഭവങ്ങളുടെ രുചി വർധിപ്പിക്കാനും അതിനൊപ്പം തന്നെ ഗാർണിഷ് ചെയ്യുന്നതിനുമൊക്കെ ഈ നെല്ലിക്ക പൊടിച്ചത് ഉപയോഗിക്കാവുന്നതാണ്.
* നെല്ലിക്ക ഉപയോഗിച്ച് മിഠായികൾ തയാറാക്കാം. ഇവ മികച്ച മൗത്ത് ഫ്രഷ്നെർ കൂടിയാണ്. നെല്ലിക്കകൾ പുഴുങ്ങിയെടുത്തതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. ഇനി ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് ഒരു വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. മധുരമുള്ള നെല്ലിക്ക, മാസങ്ങളോളം കേടുകൂടാതെയിരിക്കും.
* ആറു മുതൽ എട്ടു മാസം വരെ നെല്ലിക്കകൾ കേടാകാതെ സൂക്ഷിക്കാനുള്ള ഏറ്റവും എളുപ്പ വഴി ഫ്രീസ് ചെയ്യുക എന്നത് തന്നെയാണ്. ചെറിയ കഷ്ണങ്ങളായി മുറിച്ച നെല്ലിക്കകൾ കുരു കളഞ്ഞതിനു ശേഷം വായു കടക്കാത്ത ഒരു കണ്ടെയ്നറിനുള്ളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. നെല്ലിക്കയുടെ പോഷകങ്ങളും രുചിയും നിലനിൽക്കണമെന്നുണ്ടെങ്കിലും ഈ വഴി സ്വീകരിക്കാവുന്നതാണ്.