ഇതൊന്നും പഴങ്ങൾക്കൊപ്പം കഴിക്കരുതേ! അറിയാം
Mail This Article
ആരോഗ്യദായകവും അതിനൊപ്പം തന്നെ ധാരാളം പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷ്യവസ്തുക്കളാണ് പഴങ്ങൾ. എളുപ്പത്തിൽ ദഹനം സാധ്യമാക്കുമെന്നതും കഴിക്കാനേറെ രുചികരമാണെന്നതും പഴങ്ങളെ എക്കാലത്തും ജനപ്രിയമാക്കി നിർത്തുന്ന പ്രധാന ഘടകങ്ങളാണ്. പഴങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും ഇവയ്‌ക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. ദഹന പ്രക്രിയയെ തടസപ്പെടുത്തുമെന്നു മാത്രമല്ല, പോഷകങ്ങൾ ആഗിരണം ചെയ്യുവാൻ സാധിക്കാതെ വരുകയും ചെയ്യും. പഴങ്ങൾക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയെന്നു നോക്കാം.
പ്രോട്ടീൻ സമ്പന്നമായവ വേണ്ട
പഴങ്ങൾ കഴിക്കുമ്പോൾ അതിനൊപ്പം പ്രോട്ടീൻ നിറഞ്ഞ മാംസം, മുട്ട എന്നിവ ഒഴിവാക്കേണ്ടിയിരിക്കുന്നു. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര ദഹനം എളുപ്പത്തിലാക്കും. എന്നാൽ പ്രോട്ടീനിനാൽ സമ്പന്നമായ ഭക്ഷണ പദാർത്ഥങ്ങളുടെ ദഹനം സാവധാനത്തിലാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. മുട്ടയും മാംസവുമൊക്കെ അടങ്ങിയ പ്രധാന ഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിക്കാതെ പകരം ഇടനേരങ്ങളിൽ പഴങ്ങൾ ശീലമാക്കാം.
കഴിക്കരുത് സിട്രസ് പഴങ്ങൾക്കൊപ്പം പാലും പാലുൽപ്പന്നങ്ങളും
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾക്കൊപ്പം പാല്, തൈര് എന്നിവ കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും. സിട്രസ് പഴങ്ങളിലെ ആസിഡിനൊപ്പം പാലിലെ പ്രോട്ടീൻ ചേരുമ്പോൾ വയറിനു അസ്വാസ്ഥ്യങ്ങളുണ്ടാകുന്നു. അതുകൊണ്ടു തന്നെ പാലോ പാലുൽപ്പന്നങ്ങളോ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള പഴങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം.
ഒഴിവാക്കാം അന്നജം കൂടുതലടങ്ങിയവ
അന്നജം കൂടുതലടങ്ങിയ ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവ പഴങ്ങൾക്കൊപ്പം കഴിക്കരുത്. ഇവ ഒരുമിച്ചു വയറിലെത്തുന്നത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്‍നങ്ങൾക്കിടയാക്കും. ഇരു ഭക്ഷണങ്ങളും ഒരുമിച്ചു കഴിക്കുന്ന ശീലം ഒഴിവാക്കിയാൽ വയറിന്റെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സാധിക്കും.
തണ്ണിമത്തൻ മറ്റു പഴങ്ങൾക്കൊപ്പം വേണ്ട
തണ്ണിമത്തനും അതിന്റെ വകഭേദങ്ങളും മറ്റു പഴങ്ങൾക്കൊപ്പം കഴിക്കാതിരിക്കാം. തണ്ണിമത്തൻ വളരെ എളുപ്പത്തിൽ ദഹിക്കുമ്പോൾ മറ്റു പഴങ്ങൾക്ക് അല്പം കൂടി സമയമെടുക്കും. ഇത് ദഹന പ്രക്രിയയെ ബാധിക്കും. സ്വാഭാവികമായും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്.
പ്രധാന ഭക്ഷണത്തിനു ശേഷം ഉടനടി പഴങ്ങൾ അരുത്
ഭക്ഷണം ധാരാളമായി കഴിച്ചതിനു പുറകെ പഴങ്ങൾ കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കണം. മുകളിൽ സൂചിപ്പിച്ചതു പോലെ പഴങ്ങൾ എളുപ്പത്തിൽ ദഹിക്കുന്നവയാണ്. എന്നാൽ വേവിച്ചു കഴിക്കുന്നവ ദഹിക്കാൻ സമയമെടുക്കും. സ്വാഭാവികമായും വയറിൽ ഫെർമെന്റഷന് സാധ്യതയുണ്ട്. പ്രധാന ഭക്ഷണം കഴിച്ച് അരമണിക്കൂർ കഴിഞ്ഞു മാത്രം പഴങ്ങൾ കഴിക്കാവുന്നതാണ്.