ADVERTISEMENT

വര്‍ഷം 1883. നവംബര്‍ മാസത്തില്‍, മർഡോക്ക് ബ്രൗൺ എന്നു പേരായ ഒരു വ്യാപാരി കേരളത്തിലെ തലശ്ശേരിയിലുള്ള റോയൽ ബിസ്‌ക്കറ്റ് ഫാക്ടറിയിലെത്തി. അതിന്‍റെ ഉടമയായ മമ്പള്ളി ബാപ്പുവിനോട് ഒരു ക്രിസ്മസ് കേക്ക് ഉണ്ടാക്കിത്തരാന്‍ പറ്റുമോ എന്ന് ആരാഞ്ഞു. അക്കാലത്ത്, മലബാര്‍ മേഖലയില്‍, വലിയരീതിയില്‍ കറുവാപ്പട്ട തോട്ടം നടത്തിയിരുന്ന സ്കോട്ടുകാർ ബ്രിട്ടനിൽ നിന്ന് ഒരു സാമ്പിൾ കേക്ക് കൊണ്ടുവന്നിരുന്നു. അത് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം ബാപ്പുവിനോട് വിശദീകരിച്ചു.

ബര്‍മ്മയിലെ ബിസ്ക്കറ്റ് ഫാക്ടറിയില്‍ നിന്ന് തൊഴില്‍ പഠിച്ച ബാപ്പുവിന് ബ്രെഡും ബിസ്‌ക്കറ്റും എങ്ങനെ ഉണ്ടാക്കാമെന്ന് നന്നായി അറിയാമായിരുന്നു. പക്ഷേ, മുന്‍പൊരിക്കലും അദ്ദേഹം കേക്ക് ഉണ്ടാക്കിയിരുന്നില്ല. ബ്രൗൺ കൊണ്ടുവന്ന കേക്ക് അദ്ദേഹത്തിന്‌ പ്രചോദനമായി. എന്തുകൊണ്ട് പുതിയൊരു പരീക്ഷണം നടത്തിക്കൂടാ? അദ്ദേഹം ചിന്തിച്ചു. കേക്ക് ഉണ്ടാക്കാന്‍, അടുത്ത ഫ്രഞ്ച് കോളനിയായ മാഹിയിൽ നിന്ന് വാങ്ങാൻ ബ്രൗൺ നിർദ്ദേശിച്ച ബ്രാണ്ടിക്ക് പകരം, കശുമാങ്ങ കൊണ്ട് നിർമിച്ച നാടൻ വാറ്റ് ചേര്‍ത്ത് ബാപ്പു കേക്കിന്‍റെ മാവുണ്ടാക്കി.

plum-cake

അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് പ്ലം കേക്ക്, തലശ്ശേരിക്കാരനായ ബാപ്പുവിന്‍റെ കൈകളില്‍ ജന്മമെടുത്തു. ഈ കേക്ക് കഴിച്ച ബ്രൗൺ അങ്ങേയറ്റം സന്തുഷ്ടനായി, അദ്ദേഹം ഒരു ഡസൻ കൂടി ഓർഡർ ചെയ്തു.

ഈ കഥയ്ക്ക് പിന്തുണയേകാന്‍ ഔദ്യോഗിക രേഖകളൊന്നും ഇല്ല. എന്നിരുന്നാലും മമ്പള്ളി ബാപ്പുവിന്‍റെ ഓര്‍മ്മകളും അദ്ദേഹം ആരംഭിച്ച ബേക്കറിയും ഇന്നും തലശ്ശേരിയിലുണ്ട്. ഇന്ത്യയുടെ ക്രിസ്മസ് പാരമ്പര്യത്തിന്‍റെ ഭാഗമായി, നാലു തലമുറകളായി മമ്പള്ളീസ് ബേക്കറി തലശ്ശേരിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. ബ്രിട്ടീഷ് അഭിരുചികൾ ഇന്ത്യക്കാർക്കിടയിൽ ജനകീയമാക്കിയതിലും ബാപ്പുവിന് പങ്കുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം സൈനികർക്ക് കേക്കുകളും മധുരപലഹാരങ്ങളും കയറ്റുമതി ചെയ്തിരുന്നു.

ഇന്ന് മമ്പള്ളീസ് ബേക്കറിക്ക് ഒന്നിലധികം ഔട്ട്‌ലറ്റുകളുണ്ട്. കേക്കിന്‍റെ തനിമയും ഗുണമേന്മയും നിലനിറുത്താൻ, ചേരുവകളും പരമ്പരാഗത രീതികളും മമ്പള്ളി കുടുംബം കർശനമായി പിന്തുടരുന്നു. രുചി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു ഡസനിലധികം ഫ്ലേവറുകളില്‍ ഇവിടെ കേക്കുകള്‍ ലഭ്യമാണ്. ഫ്രഷ്‌ ക്രീം കേക്കുകള്‍ക്ക് പൊതുവേ ആരാധകര്‍ കൂടുതലാണ്. ക്രിസ്‌മസിന് മുമ്പുള്ള വാരാന്ത്യത്തില്‍ ആരംഭിച്ച്, പുതുവര്‍ഷം വരെയുള്ള സമയത്ത്, കേക്കുകള്‍ക്ക് വന്‍ ഡിമാന്‍ഡായിരിക്കും.

മമ്പള്ളി കേക്കിന്‍റെ രുചി അറിയണമെങ്കില്‍ തലശ്ശേരിയില്‍ത്തന്നെ പോകണമെന്നില്ല. മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിങ്ങനെ ഇന്ത്യ മുഴുവനുമുള്ള പ്രധാന നഗരങ്ങളില്‍ നിന്നും കേക്കിന് ഒരുപാട് ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. ആവശ്യമുള്ളവര്‍ക്ക് കൊറിയര്‍ വഴി ബേക്കറി കേക്ക് എത്തിച്ചു നല്‍കും.

English Summary:

India's First Cake Baked at Thalassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com