ഇത്രയ്ക്കും ഡിമാൻഡോ! ഇത് ലോകത്തിലെ ഏറ്റവും മികച്ച പാല്‍ പാനീയം; കഴിച്ചിട്ടുണ്ടോ?
Mail This Article
ഏറ്റവും കൂടുതല്‍ ആരാധകരുള്ള പാനീയങ്ങളില്‍ ഒന്നാണ് ലസ്സി. പല ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കാമെങ്കിലും മാങ്ങയും തൈരും ചേര്‍ത്ത് ഉണ്ടാക്കുന്ന മാംഗോ ലസ്സി വളരെ ജനപ്രിയമാണ്. വേനല്‍ക്കാലങ്ങളില്‍ ഉത്തരേന്ത്യയിലെങ്ങും സുലഭമായി കിട്ടുന്ന, വളരെ ക്രീമിയും രുചികരവുമായ ഈ പാനീയത്തെ തേടി ഒരു രാജ്യാന്തര അംഗീകാരം എത്തിയിരിക്കുകയാണ്. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ്അറ്റ്‌ലസ് ലോകത്തിലെ ഏറ്റവും മികച്ച പാലുൽപ്പന്ന പാനീയമായി മാംഗോ ലസ്സിയെ തിരഞ്ഞെടുത്തു. മാംഗോ ലസ്സി ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള നാലു പാനീയങ്ങള്‍ ഈ ലിസ്റ്റിലുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനാറു പാല്‍ പാനീയങ്ങളുടെ ടേസ്റ്റ്അറ്റ്‌ലസ് പുറത്തുവിട്ടത്.
ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഒരു തരം സ്മൂത്തിയാണ് ലസ്സി. പഞ്ചാബാണ് ജന്മദേശമെന്നു കരുതപ്പെടുന്നു.പഞ്ചാബിലെ കർഷകർ പാലും പഞ്ചസാരയും തൈരും കലർത്തി കളിമൺ പാത്രങ്ങളിൽ സൂക്ഷിക്കുന്നു. വേനൽച്ചൂടിനെ ചെറുക്കാനും ശരീരത്തിന് ജലാംശം നൽകാനും പറ്റിയ സ്വാദിഷ്ഠമായ പാനീയമാണിത്. സാധാരണയായി ഇതില്‍ ഐസ് ഇടാറുണ്ട്. മധുരമുള്ള ലസ്സിയെ 'മീട്ടാ ലസ്സി' എന്ന് വിളിക്കുന്നു, അതിൽ പലപ്പോഴും ഇഞ്ചി, പുതിന, റോസ് വാട്ടർ, ഏലം, മാമ്പഴം പോലുള്ള പഴങ്ങൾ എന്നിവയും ചേര്‍ക്കാറുണ്ട്. ഈ പഞ്ചാബി ലസ്സി ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ട്.
അഞ്ചാം സ്ഥാനത്ത് മധുരമുള്ള സ്വീറ്റ് ലസ്സിയും ഇടംപിടിച്ചു. തൈരും മധുരവും പഴങ്ങളും കുങ്കുമപ്പൂവും ഏലക്കായയുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ ലസ്സി, വേനൽക്കാലത്ത് ജനപ്രിയമാണ്. പരമ്പരാഗതമായി മൺപാത്രങ്ങളിലാണ് ലസ്സി തയ്യാറാക്കുന്നത്. കട്ടിയുള്ള ക്രീമും (മലായ്) ഇതിനു മുകളിലായി കാണാം. ഇവ സാധാരണയായി നട്സ് കൊണ്ട് അലങ്കരിക്കുന്നു.
ഇവ കൂടാതെ, പന്ത്രണ്ടാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നുള്ള സാള്‍ട്ടഡ് ലസ്സിയും കാണാം.
പട്ടിക
1. മാംഗോ ലസ്സി - ഇന്ത്യ
2. ചോക്കലേറ്റ് കാലിയന്‍റ് - സ്പെയിൻ
3. ലെചെ കോൺ പ്ലാറ്റാനോ - ചിലി
4. ലസ്സി - പഞ്ചാബ്, ഇന്ത്യ
5. സ്വീറ്റ് ലസ്സി - ഇന്ത്യ
6. ലിക്വാഡോ - മെക്സിക്കോ
7. ചോലഡോ - കൊളംബിയ
8. ഐറാൻ - തുർക്കി
9. റയാഷങ്ക - യുക്രെയ്ന്‍
10. കൊസിയോ - ഡെന്മാർക്ക്
11. മില്‍ക്കിസ് - ദക്ഷിണ കൊറിയ
12. സോള്‍ട്ട് ലസ്സി - ഇന്ത്യ
13. പുക്കോ - സ്വീഡന്‍
14. സിനിക്ക - സ്ലൊവാക്യ
15. കോഫി മില്‍ക്ക് - യു എസ് എ
16. തന്‍ - അര്‍മേനിയ
മാംഗോ ലസ്സി ഉണ്ടാക്കാം
പത്തു മിനിറ്റില്‍ മാംഗോ ലസ്സി തയാറാക്കാം
ചേരുവകള്‍
2 കപ്പ് അരിഞ്ഞ മാമ്പഴം - അൽഫോൻസോ അല്ലെങ്കിൽ മധുരവും പൾപ്പുമുള്ള മാമ്പഴം
4 - 5 ടേബിൾസ്പൂൺ പഞ്ചസാര അല്ലെങ്കിൽ തേൻ,
2 കപ്പ് തൈര്
2 - 3 ടേബിൾസ്പൂൺ മലായ്
4 - 5 വരെ ഐസ് ക്യൂബുകൾ
½ ടീസ്പൂൺ ഏലക്ക പൊടി
1 ടേബിൾസ്പൂൺ റോസ് വാട്ടർ
8 - 10 വരെ കുങ്കുമപ്പൂവ്
അലങ്കരിക്കാന്‍:
പുതിനയില
2-3 ടേബിൾസ്പൂൺ മാങ്ങ അരിഞ്ഞത്
1-2 ടേബിൾസ്പൂൺ ഡ്രൈ ഫ്രൂട്ട് നുറുക്കാക്കിയത്
1-2 ടേബിൾസ്പൂൺ ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ്
¼ കപ്പ് വിപ്പ് ക്രീം
തയാറാക്കുന്നവിധം
മാമ്പഴം, പഞ്ചസാര, തൈര്, ഏലക്കാപ്പൊടി, റോസ് വാട്ടർ, കുങ്കുമപ്പൂവ് എന്നിവ ഒരു ബ്ലെന്‍ഡറില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് മലായ്, ഐസ് ക്യൂബുകള്‍ എന്നിവ ചേര്‍ക്കുക. ഒരു ഗ്ലാസിലേക്ക് പകര്‍ന്ന ശേഷം, അലങ്കരിക്കാനായി മാറ്റിവെച്ച സാധനങ്ങള്‍ മുകളില്‍ ചേര്‍ത്ത് വിളമ്പാം.