ശരീരഭാരം വർധിക്കും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും; ഇത് ശീലമാക്കരുത്
Mail This Article
മൈദ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് അറിയാമെങ്കിലും പൊറോട്ടയടക്കം മൈദ കൊണ്ടുണ്ടാക്കുന്ന പല വിഭവങ്ങളും നമുക്കു പ്രിയപ്പെട്ടതാണ്. മൈദ കൊണ്ടുള്ള ഭക്ഷണം പതിവാക്കിയാൽ പല രോഗങ്ങൾക്കും കാരണമാകും. ഗോതമ്പു പൊടി റിഫൈൻ ചെയ്തും ബ്ലീച് ചെയ്തുമൊക്കെയാണ് മൈദ തയാറാക്കുന്നത്. ഒരു തരത്തിലുള്ള പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം. മൈദ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന പ്രധാന ദോഷങ്ങൾ എന്തൊക്കെയെന്നു നോക്കാം.
പോഷകങ്ങൾ തീരെയില്ല
വലിയ പ്രോസസ്സിങ്ങിനു വിധേയമായാണ് മൈദ നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഗോതമ്പിന്റെ പുറം പാളിയിഅടങ്ങിയിരിക്കുന്ന പോഷകങ്ങളും ഫൈബറും ഈ പ്രോസസ്സിങ്ങിന്റെ ഭാഗമായി നഷ്ടപ്പെടുന്നു. യാതൊരു തരത്തിലുള്ള വൈറ്റമിനുകളോ ധാതുക്കളോ ഇതിലില്ല. പോഷകങ്ങളെല്ലാം നഷ്ടപ്പെട്ട മൈദ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്നു ചുരുക്കം.
ഗ്ലൈസീമിക് ഇൻഡക്സ് ഉയർന്ന അളവിൽ
മൈദയിൽ ഉയർന്ന അളവിലാണ് ഗ്ലൈസീമിക് ഇൻഡക്സ്. സ്വാഭാവികമായു ഇത് ഉപയോഗിച്ചുള്ള ആഹാരപദാർഥങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് ഉയരുന്നു. ഊർജത്തിന്റെ അളവിലും വലിയ വ്യത്യാസത്തിനിടയുണ്ട്. പ്രമേഹമുള്ളവരിൽ മൈദയുടെ ഉപയോഗം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും.
ദഹന പ്രശ്നങ്ങൾ
ദഹനത്തിന് സഹായിക്കുന്ന ഫൈബർ ഒട്ടും തന്നെയില്ലാത്ത ഭക്ഷ്യവസ്തുവാണ് മൈദ. അതുകൊണ്ടുതന്നെ ദഹന പ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. ഫലമോ, മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെത്തും. ദഹനം കാര്യക്ഷമമായി നടക്കാത്തതു കൊണ്ടുതന്നെ വയർ എല്ലായ്‌പ്പോഴും നിറഞ്ഞതായി തോന്നുകയും ചെയ്യും. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
ശരീര ഭാരം വർധിക്കും
യാതൊരു തരത്തിലുള്ള പോഷകങ്ങളും ഇല്ലെങ്കിലും മൈദ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടിയ അളവിൽ ശരീരത്തിലേക്ക് കാലറിയെത്തിക്കുന്നു. സ്ഥിരമായ ഉപയോഗം മൂലം ശരീര ഭാരം വർധിക്കും. ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു വെല്ലുവിളി തന്നെയാണ്. മാത്രമല്ല, കൂടുതൽ കഴിക്കാനുള്ള പ്രേരണയുണ്ടാക്കുകയും ചെയ്യുന്നു.