മൂന്നുനേരവും ആ വിഭവം നിർബന്ധം, സേമിയ പായസം ഇഷ്ടം; വാലിബനായി മോഹൻലാൽ കഴിച്ചത്!
Mail This Article
രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കേറ്റി വിടല്ലേ എന്നു പറഞ്ഞത് മമ്മൂക്കയാണ്. പക്ഷേ അവിടെ ഷൂട്ടിങ്ങിലുള്ള ലാലേട്ടനും കൂട്ടർക്കും കുറച്ച് ചോറും കറിയും കയറ്റി വിടാമോ എന്ന് ജൂബി വർഗീസ് എന്ന കേറ്ററിങ് സ്ഥാപന ഉടമയോടു ചോദിച്ചത് സെഞ്ചുറി ഫിലിംസിലെ കൊച്ചുമോനാണ്. സിനിമയുടെ ഷൂട്ടിങ് ആയതിനാൽ അമ്പതോ നൂറോ പേർക്കാകുമെന്ന് ആദ്യം കരുതിയതെങ്കിലും 120 ദിവസത്തേക്ക് 500 പേർക്ക് നാലു നേരം വീതം ഭക്ഷണം കൊടുക്കണമെന്ന് കേട്ടപ്പോൾ ജൂബി ശരിക്കും ഞെട്ടി. എങ്കിലും ഒരു കൈ നോക്കിക്കളയാമെന്നുറച്ച് കോട്ടയത്തു നിന്ന് കേറ്ററിങ് സഹചാരിയായ ട്രാവലറുമായി നേരെ രാജസ്ഥാനിലേക്ക്. മലൈക്കൊട്ടൈ വാലിബൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ സെറ്റിലേക്ക്.
മരുഭൂമിയിലെ സദ്യ ഒരുക്കൽ
കോട്ടയത്തുനിന്ന് റോഡ് മാർഗം 2700 കിലോമീറ്റർ താണ്ടിയാണ് പാചകത്തിനുള്ള ഉപകരണങ്ങൾ ലൊക്കേഷനിലെത്തിച്ചത്. മലയാളികൾ വളരെ കുറവുള്ള ജയ്സൽമേറിലെ ഒരു അതിർത്തി ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. 100 കിലോമീറ്റർ പോയാൽ പാക്കിസ്ഥാനാണ്. ജയ്സൽമേർ, പൊഖ്‌റാൻ എന്നിവടങ്ങളിലെ മരുഭൂമികളിലും ഷൂട്ടിങ് നടന്നു. 30 പേരടങ്ങുന്ന ടീമാണ് പാചകവും അനുബന്ധ ജോലികളും നിർവഹിച്ചത്. നാട്ടിൽ കിട്ടുന്ന പച്ചക്കറികളോ പലവ്യഞ്ജനങ്ങളോ ഒന്നും അവിടെ കിട്ടില്ല. കുത്തരി, വെളിച്ചെണ്ണ, തേങ്ങ, മസാലകൾ, അരിപ്പൊടി തുടങ്ങി എല്ലാം ആദ്യം കോട്ടയത്തുനിന്ന് എത്തിച്ചു. പിന്നീട് ഡൽഹിയിലെ പലചരക്കു ഹോൾസെയിൽ ഡീലറായ ഒരു മലയാളിയെ പരിചയപ്പെടുകയും അവിടെനിന്ന് റോഡ് മാർഗം ഏതാണ്ട് 900 കിലോമീറ്റർ താണ്ടി ജയ്സൽമേറിൽ ഭക്ഷണ സാധനങ്ങളെത്തിക്കുകയും ചെയ്തു.
മരുഭൂമിയിലെ കേരള മെനു
ഷൂട്ടിങ് മരുഭൂമിയിലായിരുന്നെങ്കിലും കേരളത്തനിമയുള്ള നാടൻ ഭക്ഷണമാണ് സെറ്റിൽ വിളമ്പിയത്. രാവിലെ അപ്പം, പുട്ട്, ചപ്പാത്തി, ഇടിയപ്പം, പൂരി, ഉപ്പുമാവ്, ദോശ, ഇഡ്ഡലി അങ്ങനെ ഏതെങ്കിലും രണ്ട് ഐറ്റവും ഒപ്പം രണ്ടോ മൂന്നോ കറികളും. ഉച്ചയ്ക്ക് ചോറ്, ചപ്പാത്തി, 6 കൂട്ടം കറികൾ. രാത്രി കഞ്ഞിയും പയറും, ചമ്മന്തി, ചപ്പാത്തി, ചിക്കൻകറി, സാലഡ് എന്നിങ്ങനെ. നോൺ വെജ് വിഭവങ്ങളിൽ ചിക്കനും മട്ടനും ആയിരുന്നു താരങ്ങൾ. മീനോ ബീഫോ രാജസ്ഥാനിൽ കിട്ടില്ലെങ്കിലും മൂന്നു നാലു പ്രാവശ്യം ഡൽഹിയിൽനിന്ന് മീൻ കൊണ്ടു വന്ന് കോട്ടയം സ്റ്റൈലിൽ മുളകിട്ടു വച്ചു.
ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, കപ്പയും മീൻകറിയും, പൊറോട്ടയും ചിക്കനും ഒക്കെ ഇടയ്ക്കിടെ മരുഭൂമിയിൽ വിളമ്പി. പൊഖ്‌റാനിലെ സെറ്റിൽ വിദേശികളും അഭിനയിക്കാനെത്തിയിരുന്നു. അവർക്കുള്ള ഇംഗ്ലിഷ് സ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് മുതൽ ഡിന്നർ വരെ ഇതേ അടുക്കളയിലാണ് പാചകം ചെയ്തത്. ഇടയ്ക്ക് സെറ്റിൽ ലൈവ് തട്ടുകട നടത്തി. വിവിധ തരത്തിലുള്ള ദോശ, ഒാംലെറ്റുകൾ ഒക്കെ ലൈവായി ഉണ്ടാക്കി.
മോഹൻലാലിന്റെ മാസ് മെനു
120 ദിവസം നീണ്ട ഷൂട്ടിങ്ങിൽ ഏതാണ്ട് 80 ദിവസമാണ് മോഹൻലാൽ പങ്കെടുത്തത്. ഷൂട്ട് തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപ് അദ്ദേഹം എത്തി. ചിത്രത്തിനായി പ്രോട്ടീൻ ഡയറ്റിലായിരുന്നതിനാൽ ചിക്കൻ ഉൾപ്പടെയുള്ള പലതും അദ്ദേഹം കഴിച്ചിരുന്നില്ല. ഇതറിഞ്ഞതോടെ അദ്ദേഹത്തിനുള്ള ഭക്ഷണരീതി ഒരു രാത്രി കൊണ്ടു മാറ്റിയെടുത്തു. മട്ടൻ, മുട്ട, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തി ഭക്ഷണം പുനഃക്രമീകരിച്ചു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള, പ്രത്യേകിച്ച് കോട്ടയംകാരുടെ നൊസ്റ്റാൾജിക് വിഭവമായ ചക്കക്കുരുമാങ്ങ വരെ മോഹൻലാലിനായി ഒരുക്കി. അദ്ദേഹം ഏറെ ഇഷ്ടത്തോടെയാണ് അതു കഴിച്ചതും. ദോശ അല്ലെങ്കിൽ ഇഡ്ഡലിയും കട്ടച്ചമ്മന്തിയും, പുട്ടും കടലയും, അപ്പവും സ്റ്റൂവും ഒക്കെയാണ് ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ. മട്ടൻ സൂപ്പ്, നന്നായി വെന്ത ചോറ്, എരിവു കുറവുള്ള മീൻ കറി, ഇലക്കറികൾ ഒക്കെയാണ് ഉച്ചയ്ക്ക് പഥ്യം. റവ പുട്ട്, റവ ദോശ, ഒാട്ട്സ് അല്ലെങ്കിൽ കഞ്ഞി തുടങ്ങിയവയാണ് രാത്രി ഭക്ഷണം. സേമിയാ പായസം ഇഷ്ടമാണ്. എല്ലാ നേരവും വേവിച്ച ചെറുപയറും നിർബന്ധം. ഇഷ്ടപ്പെട്ട ചില വിഭവങ്ങളുടെ പാചകരീതി നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യും.
വാലിബന്റെ അമാനുഷിക മെനു
അമാനുഷിക ശക്തിയുള്ള ആളാണ് വാലിബൻ. അപ്പൊപ്പിന്നെ വാലിബന്റെ ഭക്ഷണവും അമാനുഷികമാകുമല്ലോ. ഒരു കൊട്ട ചോറിന്റെയും അത്ര തന്നെ കറികളുടെയും നോൺ വെജ് വിഭവങ്ങളുടെയും മുന്നിലിരിക്കുന്ന വാലിബന്റെ ചിത്രം സോഷ്യൽ മീഡിയ ഭരിക്കുകയാണ്. ഇൗ വിഭവങ്ങളൊന്നും ഡമ്മിയോ ആർട്ട് വർക്കോ അല്ല, മറിച്ച് ലോക്കേഷനിലെ അടുക്കളയിൽ ഉണ്ടാക്കിയതാണ്. ഒരു കുട്ട ചോറ്, ആടിന്റെ രണ്ടു കാൽ പൊരിച്ചത്, ഫുൾ ചിക്കൻ പൊരിച്ചത് യഥേഷ്ടം, ഇലക്കറികളും പച്ചക്കറികളും ആവശ്യം പോലെ... വാലിബന്റെ മാസ് മെനു ഇങ്ങനെ നീളുന്നു. ഷൂട്ടിങ് ആവശ്യത്തിനായി മൂന്നു പ്രാവശ്യം ഇൗ മെനു അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി.
മന്ദിരത്തിൽനിന്ന് മലൈക്കോട്ടൈയിലേക്ക്
കോട്ടയം മന്ദിരം ആശുപത്രിയിലെ കാന്റീൻ കഴിഞ്ഞ 41 വർഷമായി നടത്തുന്നത് ജൂബിയാണ്. പിതാവിന്റെ കാലം മുതലേ കേറ്ററിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം ഫെയർ ഡൈൻ കേറ്റേഴ്സ് എന്ന സ്ഥാപനവും നടത്തുന്നു. കോട്ടയത്ത് ഷൂട്ട് ചെയ്ത മധുരം എന്ന സിനിമയിലാണ് ജൂബിയും സംഘവും ആദ്യമായി ഭക്ഷണം വിളമ്പിയത്.