ചോറ് ഫ്രിജിൽ വയ്ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കാതെ പോകരുത്

Mail This Article
സുരക്ഷിതമായി ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഇടമായാണ് ഫ്രിജ് കരുതപ്പെടുന്നത്. പച്ചക്കറികൾ, മത്സ്യമാംസാദികൾ, ബാക്കിയാകുന്ന ഭക്ഷണം എന്നിങ്ങനെ എല്ലാം ഫ്രിജിലാണ് വയ്ക്കുക. പിന്നീട് ഉപയോഗിക്കാൻ അരിഞ്ഞു പച്ചക്കറികളും ബാക്കിയാകുന്ന ചോറുമൊക്കെ ഫ്രിജിൽ വയ്ക്കുമ്പോൾ അൽപം കരുതൽ വേണം. കൂടുതൽ ദിവസങ്ങൾ ഇവ ഫ്രിജിലിരിക്കുമ്പോൾ വിഷമയമാകും. അവയിലെ പോഷകങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഘടനയിലും നിറത്തിലും രുചിയിലും വരെ വ്യത്യാസവും വരും. ഏതൊക്കെ പച്ചക്കറികളാണ് ഫ്രിജിൽ വയ്ക്കാതെ ഒഴിവാക്കേണ്ടതെന്നു നോക്കാം.
ചോറ്
ബാക്കിയാകുന്ന ചോറ് പിന്നീട് ഉപയോഗിക്കുന്നതിനായി ഫ്രിജിലേക്കു മാറ്റുന്ന ഒരു പ്രവണത ഇപ്പോഴുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിലും പൂപ്പൽ ബാധിക്കാനിടയുണ്ടെന്നതാണ്. ഫ്രിജിൽ സൂക്ഷിക്കുമ്പോൾ ചോറിലെ അന്നജത്തിന്റെ അളവ് വർധിക്കുന്നു, ഇത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും വർധിക്കുന്നതിനിടയാക്കും. പഠനങ്ങൾ പ്രകാരം, ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ ചോറ് ഫ്രിജിൽ വയ്ക്കരുത്. മാത്രമല്ല, നല്ലതുപോലെ ചൂടാക്കിയതിനു ശേഷം മാത്രം കഴിക്കാനും ശ്രദ്ധിക്കുക.

വെളുത്തുള്ളി
വെളുത്തുള്ളി കൃത്യമായ രീതിയിൽലല്ലാതെ സൂക്ഷിക്കുന്ന പക്ഷം പൂപ്പലുകൾ വളരാം. ഈർപ്പം കൂടുതലുള്ള പ്രതലങ്ങളിൽ സൂക്ഷിക്കുമ്പോഴാണ് ഇത്. ഫ്രിജിലെ ഈർപ്പം എല്ലായ്‌പ്പോഴും 60 ശതമാനത്തിനു മുകളിലായിരിക്കും. സ്വാഭാവികമായും വെളുത്തുള്ളികളിൽ പൂപ്പലുകൾ ഉണ്ടാകാനും മൈക്കോടോക്സിൻസ് പോലുള്ള വിഷകരമായ വസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടാനുമിടയുണ്ട്. ഇത് ശാരീരിക പ്രശ്നങ്ങൾക്കിടയാക്കും.

ഉള്ളി
വെളുത്തുള്ളിയെപ്പോലെത്തന്നെയാണ് ഉള്ളിയും. കുറഞ്ഞ താപനിലയെ പ്രതിരോധിക്കാനുള്ള കഴിവ് കുറവാണ്. ഫ്രിജിലെ താപനില എല്ലായ്‌പ്പോഴും കുറവായതിനാൽ പൂപ്പലുകളുണ്ടാകും. പാതി മുറിച്ചതിനു ശേഷം ഫ്രിജിൽ വെയ്ക്കുന്ന ഉള്ളിയിൽ ബാക്റ്റീരിയകൾ അതിവേഗം വളരും. ഇതു പിന്നീട് ഉപയോഗിക്കുന്നത് ഒട്ടും തന്നെയും ഗുണകരമല്ല. അതുകൊണ്ടുതന്നെ ഉള്ളി എടുക്കുന്ന പക്ഷം ഒരെണ്ണം മുഴുവനായും ഉപയോഗിക്കുക, ബാക്കിയുണ്ടെങ്കിൽ മടിക്കാതെ കളയാം.

ഇഞ്ചി
മേൽപറഞ്ഞവയെ പോലെ, ഫ്രിജിൽ വയ്ക്കുമ്പോൾ എളുപ്പം പൂപ്പൽ വളരുന്ന ഒന്നാണ് ഇഞ്ചി. ഇതിൽ കാണപ്പെടുന്ന പച്ചനിറത്തിലുള്ള പൂപ്പൽ ഒക്രാറ്റോക്സിൻ എന്ന വിഷകരമായ വസ്തു ഉൽപാദിപ്പിക്കും. ഭക്ഷ്യവസ്തുക്കളെ പൊതുവെ ബാധിക്കുന്ന ഒരു തരം വിഷമാണിത്. പല പഠനങ്ങളും പറയുന്നത് ഇത് കിഡ്നി, കരൾ പോലുള്ള പ്രധാന ഭാഗങ്ങളെയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും പൂർണമായും ബാധിക്കാനിടയുണ്ടെന്നാണ്.