സ്റ്റീൽ സ്ക്രബർ ആണോ ഉപയോഗിക്കുന്നത്? ഇത് അറിഞ്ഞോളൂ
Mail This Article
പാത്രങ്ങൾ കഴുകാനായി പല തരത്തിലുള്ള സ്‌ക്രബറുകൾ ഉപയോഗിക്കാറുണ്ട്. കട്ടിയുള്ളതും കരിഞ്ഞു പിടിച്ചതുമായവ പാത്രത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനായി സ്റ്റീൽ വൂളുകളാണ് പൊതുവെ ഉപയോഗിക്കുന്നത്. അധികം സമയം കളയാതെ തന്നെ എളുപ്പത്തിൽ പാത്രങ്ങളിൽ നിന്നും അഴുക്കുകൾ നീക്കം ചെയ്‌യാനിതു സഹായിക്കും. എന്നാൽ ഈ സ്റ്റീൽ വൂളുകൾ കൊണ്ട് മറ്റു ചില ഉപയോഗങ്ങൾ കൂടിയുണ്ട്. അടുക്കളയിലെ ഈ സഹായിയെ വേറെ എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് നോക്കാം.
കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും കത്രികയുടെ മൂർച്ച വർധിപ്പിക്കുന്നതിനായി സ്റ്റീൽ വൂളുകൾ മതിയാകും. എങ്ങനെയെന്നല്ലേ? മൂർച്ഛയില്ലാത്ത കത്രിക ഉപയോഗിച്ച് കൊണ്ട് ഈ സ്റ്റീൽ വൂളുകൾ മുറിച്ചാൽ മതി. ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ഈ കത്രികയുടെ മൂർച്ച കൂടിയതായി കാണുവാൻ കഴിയും.
ഇരുമ്പ് കത്തികൾ, കത്രികകൾ പോലുള്ളവ വളരെ പെട്ടെന്ന് തന്നെ തുരുമ്പെടുത്തു പോകുന്നതായി കാണാം. തുരുമ്പെടുത്തവ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കണമെങ്കിൽ ഇനി ഈ സ്റ്റീൽ വൂളുകൾ മതി ഒരു ചെറിയ കഷ്ണം സ്റ്റീൽ വൂൾ എടുത്ത് തുരുമ്പിച്ച ഭാഗങ്ങളിൽ ഉരസിയാൽ വളരെ പെട്ടെന്ന് തന്നെ തുരുമ്പു മാറുന്നതായി കാണുവാൻ കഴിയും.
ബാത്റൂമുകൾ ഇടയ്ക്കിടെ ബ്ലോക്ക് ആകുന്നുണ്ടോ? വെള്ളം ഒഴുകി പോകുന്ന ദ്വാരത്തിനു മുകളിലായി പൂർണമായും കവർ ചെയ്യുന്ന രീതിയിൽ ഒരു സ്റ്റീൽ വൂളിന്റെ കഷ്ണം മുറിച്ചു വച്ചാൽ മതിയാകും. അഴുക്കുകൾ നിറയുമ്പോൾ അതെടുത്തു കളയാവുന്നതാണ്. ബാത്റൂം ബ്ലോക്ക് ആകുന്നു എന്ന പരാതിയ്ക്ക് പരിഹാരം കാണാവുന്നതാണ്.
രുചികരമായ ബാർബി ക്യു തയാറാക്കിയതിനു ശേഷം ഗ്രില്ലുകൾ വൃത്തിയാക്കിയെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സ്റ്റീൽ വൂൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഗ്രില്ലുകൾ വൃത്തിയാക്കാവുന്നതാണ്. ഗ്രില്ലുകൾ മാത്രമല്ല, ബേക്ക് ചെയ്യാനായി ഉപയോഗിച്ച പാത്രങ്ങൾ, സ്പൂണുകൾ പോലുള്ളവയും വേഗം വൃത്തിയാക്കിയെടുക്കാം.