പെട്ടെന്ന് വണ്ണം കുറയ്ക്കാം; ആരും ശ്രദ്ധിക്കാതെ പോയല്ലോ? ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ
Mail This Article
ശരീരഭാരം നിയന്ത്രിക്കുക, ആരോഗ്യത്തോടെയിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ എല്ലാവരും തന്നെ ശ്രദ്ധ പതിപ്പിക്കുന്ന ഒരു സമയമാണിത്. ഭക്ഷണത്തിന്റെ രുചി മാത്രമല്ലാതെ, അവ ശരീരത്തിന് ഗുണകരമാണോ എന്നത് കൂടി കണക്കിലെടുത്തു കൊണ്ടാണ് ഇപ്പോൾ എല്ലാവരും ആഹാരങ്ങൾ തിരഞ്ഞെടുക്കുന്നത്. ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും എന്നാൽ അധികമാരും ശ്രദ്ധിക്കാതെയിരുന്നതുമായ ഒന്നാണ് ബാർലി. ഗുണങ്ങൾ ഏറെയുള്ളതു കൊണ്ടുതന്നെ ബാർലി കൂടി ഡയറ്റിൽ ഉൾപ്പെടുത്തണമെന്നു പറയുകയാണ് ന്യൂട്രീഷനിസ്റ്റായ ഡോക്ടർ രോഹിണി പാട്ടീൽ.
∙ദഹനത്തിന് സഹായിക്കുന്ന നാരുകൾ കൊണ്ട് സമ്പന്നമാണ് ബാർലി. പ്രധാനമായും ബീറ്റ-ഗ്ലൂക്കൻസ്. ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഇതേറെ സഹായിക്കും. മാത്രമല്ല, വിശപ്പ് ശമിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ബാർലി ഏറെ ഉപകാരപ്രദമാണ്.
∙ഹൃദയത്തിന്റെ ആരോഗ്യത്തിനും ബാർലി അത്യുത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നത് കൊണ്ടുതന്നെ ഹൃദ്രോഗത്തെ പേടിക്കേണ്ടതില്ല.
∙രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയാത്തവർക്ക് ബാർലി മികച്ചൊരു ഓപ്ഷൻ ആണ്. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് സാവധാനത്തിൽ മാത്രമേ ഊർജം പുറത്തുവിടുന്നുള്ളു. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിർത്താൻ കഴിയും. പ്രമേഹത്തെ പ്രതിരോധിക്കണമെന്നുള്ളവർക്കു ബാർലി മടിക്കാതെ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
∙രോഗങ്ങളെ പ്രതിരോധിക്കാൻ മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും ബാർലിക്കു കഴിയും. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ബാർലി പ്രധാനമായും മാംഗനീസ്, സെലെനിയം, ബി - വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ്. ശരീരത്തിന്റെ പ്രധാന പ്രവർത്തനങ്ങൾക്കും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ദഹനപ്രക്രിയകൾ സുഗമമാക്കാനും ബാർലി സഹായിക്കും.
∙ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നുവെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
∙വിശപ്പിനെ ഏറെ നേരം നിയന്ത്രിച്ചു നിർത്താൻ ബാർലിക്ക് കഴിയും. അതുകൊണ്ടുതന്നെ ഇടനേരങ്ങളിൽ സ്നാക്കുകൾ കഴിക്കണമെന്ന ചിന്തയുണ്ടാകുകയില്ല. ശരീരഭാരം നിയന്ത്രിക്കണമെന്നുള്ളവർക്കു ഇതേറെ ഗുണം ചെയ്യും.
∙ബാർലിയിൽ അടങ്ങിയിരിക്കുന്ന സെലെനിയവും ലിഗ്നാൻസും കോശങ്ങളെ സംരക്ഷിക്കുന്നു എന്നുമാത്രമല്ല, ശരീരത്തിന്റെ പൂർണ ആരോഗ്യത്തിനും അത്യുത്തമമാണ്.
ബാർലി ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയാറാക്കാവുന്നതാണ്. സൂപ്പ്, സാലഡ് തുടങ്ങി പ്രധാന ഭക്ഷണമായി വരെ ബാർലി പാകം ചെയ്തു കഴിക്കാവുന്നതാണ്.
രുചികരമായ ഒരു ഉപ്പുമാവ് തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.
ഒരു കപ്പ് ബാർലി രണ്ടോ മൂന്നോ തവണ വെള്ളമൊഴിച്ചു കഴുകിയതിനു ശേഷം കുറച്ചു വെള്ളമൊഴിച്ചു അര മണിക്കൂർ നേരം കുതിരാനായി വെയ്ക്കാം. ശേഷം ഒരു അരിപ്പയിലേക്കു പകർന്നു വെള്ളം പൂർണമായും നീക്കുക. ഒരു കുക്കർ ചൂടാക്കി അതിലേയ്ക്ക് രണ്ടു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു കൊടുക്കാം. ഒരു ടീസ്പൂൺ കടുക്, ഒരു ടേബിൾ സ്പൂൺ ഉഴുന്ന്, കാൽ കപ്പ് നിലക്കടല എന്നിവ കൂടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും നാല് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റാം.
നിറം മാറി വരുമ്പോൾ ഒരു സവാള അറിഞ്ഞതു കൂടി ചേർക്കാവുന്നതാണ്. ഒരു മിനിറ്റ് നേരം വഴറ്റിയതിനു ശേഷം കുറച്ചു കറിവേപ്പിലയും ചെറുതായി അരിഞ്ഞ പച്ചമുളകുമിട്ടു കൊടുക്കാം. പച്ചക്കറികളായ ക്യാരറ്റ്, ബീൻസ് എന്നിവയും ഗ്രീൻപീസും ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു മിനിറ്റ് നേരം ഫ്രൈ ചെയ്യാം. അവസാനമായി തക്കാളി കൂടിയിട്ട് നന്നായി ഇളക്കാം. നേരത്തെ കുതിർത്തു മാറ്റിവെച്ചിരിക്കുന്ന ബാർലിയും 3/4 ടീസ്പൂൺ ഉപ്പുമിട്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം രണ്ടു കപ്പ് വെള്ളം ചേർത്തു കൊടുക്കാം. ഇനി കുക്കർ രണ്ടു വിസിൽ വരുന്നതുവരെ അടച്ചു വയ്ക്കാവുന്നതാണ്. ആവി നല്ലതുപോലെ പോയതിനു ശേഷം കുക്കർ തുറന്നു നന്നായി മിക്സ് ചെയ്യാം. ഒരു ചെറുനാരങ്ങ പാതി മുറിച്ചതിനു ശേഷം ആ നീര് കൂടി ചേർത്തുകൊടുക്കാവുന്നതാണ്. മുകളിൽ മല്ലിയില കൂടി വിതറി ചൂടോടെ തന്നെ വിളമ്പാവുന്നതാണ്.