വണ്ണം കുറയുന്നില്ല എന്ന പരാതി ഇനി വേണ്ട, പെട്ടെന്ന് മെലിയാൻ ചണവിത്തുകൾ ഈ രീതിയിൽ കഴിക്കാം
Mail This Article
ചിയ വിത്തുകൾ പോലെ തന്നെ ചണവിത്തുകൾ അഥവാ ഫ്‌ളാക്‌സ് സീഡുകൾ കഴിക്കുന്നത് ആരോഗ്യത്തിനു അത്യുത്തമമാണ്. ധാരാളം ഫൈബർ അടങ്ങിയത് കൊണ്ടുതന്നെ ദഹനത്തെ എളുപ്പത്തിലാക്കാനിതു സഹായിക്കുന്നു. സാധാരണയായി സ്മൂത്തികൾക്കൊപ്പവും പലഹാരങ്ങൾ തയാറാക്കുമ്പോൾ അതിനൊപ്പം ചേർത്തുമൊക്കെയാണ് ചണ വിത്തുകൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകുന്നത്. എന്നാൽ വെള്ളത്തിൽ കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് പോലും ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകരമാണ്. ചണവിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ധാരാളം ഗുണങ്ങൾ ശരീരത്തിന് ലഭിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.
കുടവയർ മിക്കവരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അത് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ചണവിത്തുകൾ കുതിർത്തു വെച്ച വെള്ളം കുടിച്ചാൽ മതിയാകും. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാനും ഇതേറെ സഹായകരമാണ്.
ചണവിത്തുകൾ കുതിർത്തുവെച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിനുമിതു ഗുണകരമാണ്.
ചർമാരോഗ്യത്തിന് സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റു ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് ചണവിത്തുകൾ. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി, മറ്റു ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ളതു കൊണ്ടുതന്നെ മുടിയുടെ സംരക്ഷണത്തിനും ചണവിത്തുകൾ കുതിർത്ത വെള്ളം കുടിക്കാവുന്നതാണ്.
മൽസ്യത്തിൽ നിന്നും ശരീരത്തിന് ലഭ്യമാകുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ചണവിത്തിലും ഫ്‌ളാക്‌സ് സീഡ് ഓയിലിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. മൽസ്യം കഴിക്കാത്തവർക്കിതു ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പടുത്താനും ചണവിത്തുകൾ കുതിർത്തു വെച്ച വെള്ളം അതിരാവിലെ കുടിച്ചാൽ മതിയാകും.
കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ചണവിത്തുകൾക്കു കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചണവിത്തുകൾ കുതിർത്തു വച്ച വെള്ളം കുടിക്കാവുന്നതാണ്.