ADVERTISEMENT

എന്തിനാണു ഭക്ഷണം കഴിക്കുന്നതെന്നു ചോദിച്ചാൽ ‘വിശപ്പു മാറ്റാൻ’ എന്ന ഉത്തരം വിളമ്പിയാൽ ഇപ്പോൾ മതിയാകില്ല. രുചിയാണു ചിലർക്കു പ്രധാനം. ചിലർക്കു കൊതിയാണ്. കുട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം ‘ഫുഡ് എക്സ്പ്ലോർ’ ചെയ്യുന്നവരും ഉണ്ട്. ചെറുതും വലുതുമായ നാലായിരത്തോളം ഹോട്ടലുകളാണ് ജില്ലയിലുള്ളത്. അതിനു പുറമേ തട്ടുകടകളും ചായക്കടകളും ഏറെ. 

പാലക്കാട്ടുകാരുടെ ഇഷ്ടഭക്ഷണം എന്താണ് ? മാറിയ കാലത്തെ പാലക്കാടിന്റെ രുചിമുൻഗണന അറിയുന്നതിനു മലയാള മനോരമ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെയും പ്രധാന ഹോട്ടലുകളുടെയും ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങളുടെയും ‘ഫുഡി’കളുടെയും അഭിപ്രായം തേടിയപ്പോൾ ഇഷ്ടഭക്ഷണമായി കണ്ടെത്തിയതു ചിക്കൻ ബിരിയാണിയാണ്. പാലക്കാട്, ആലത്തൂർ, ചിറ്റൂർ മേഖലകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ റാവുത്തർ ബിരിയാണിക്കാണ്. മറ്റിടങ്ങളിൽ തലശ്ശേരി ബിരിയാണി, മലബാർ ബിരിയാണി എന്ന പേരിലെല്ലാം അറിയപ്പെടുന്ന ബിരിയാണിയോടാണ് ഇഷ്ടം. വെജിറ്റബിൾ ബിരിയാണി വെജിറ്റേറിയൻ ഹോട്ടലുകളിലെ പ്രധാന പട്ടികയിലുണ്ട്. എന്നാൽ, കുഴിമന്തി പോലെയുള്ള ഇനങ്ങൾ വന്നതോടെ രാത്രികാലങ്ങളിൽ ബിരിയാണിയുടെ ഡിമാൻഡിൽ അൽപം കുറവുണ്ട്. 

dosa-biryani

ദോശയോട് ഇഷ്ടം തീരുന്നേയില്ല

ബിരിയാണിയുടെ ഇഷ്ടക്കാർ കൂടുമ്പോഴും ദോശയുടെ ജനകീയത ഒട്ടും കുറയുന്നില്ല. സാധാരണ ദോശയെയും റോസ്റ്റ്, നെയ്റോസ്റ്റ്, തട്ടുദോശ, മസാല ദോശ, ഉള്ളിദോശ തുടങ്ങിയ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ‘വിശാലദോശ’ നാട്ടിൻപുറങ്ങളിലെ ചായക്കടകൾ മുതൽ വൻകിട ഹോട്ടലുകളിൽ വരെ ഹിറ്റായി തുടരുന്നു. കൂടുതൽ പേർ പ്രഭാതഭക്ഷണമായി കഴിക്കുന്നതു ദോശയാണ്. അതേസമയം, നാട്ടിൻപുറങ്ങളിലെ കടകളിൽ വരെ പൊറോട്ട മുന്നേറ്റം നടത്തുന്നുണ്ട്.

നോൺവെജിൽ എന്തുണ്ട് ?

പാലക്കാട്ടെ ‘നോൺവെജ്’ ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഭക്ഷണം ഇവയാണ്: 

1. ബിരിയാണി
2. പൊറോട്ട + ബീഫ്
3. ഫിഷ് കറി മീൽസ് (പൊരിച്ച മീൻ അടക്കം)
4. ഫ്രൈഡ് റൈസ്
5. കുഴിമന്തി + അൽഫാം
6. പൊറോട്ട + ചിക്കൻകറി
7. ചില്ലി ചിക്കൻ‌
8. ഫ്രൈഡ് ചിക്കൻ
9. ഷവർമ

10. ആപ്പം, പത്തിരി + ചിക്കൻ കറി

മറ്റു കണ്ടെത്തലുകൾ

ചില്ലി ചിക്കൻ, ചിക്കൻ 65 പോലെയുള്ള വിഭവങ്ങളെക്കാൾ കൂടുതൽ താൽപര്യം അറേബ്യൻ ഭക്ഷണത്തോടാണ്. ഉച്ചഭക്ഷണത്തേക്കാൾ കൂടുതൽ പണം ചെലവാക്കുന്നതു രാത്രികാല ഭക്ഷണത്തിനു വേണ്ടിയാണ്. രാത്രി ഭക്ഷണത്തോടൊപ്പം സോഫ്റ്റ് ഡ്രിങ്ക്സ് വിൽപനയിലും പുരോഗതിയുണ്ട്

വെജിറ്റേറിയനിൽ റോസ്റ്റ് തന്നെ; 

ആവിഭക്ഷണത്തോടും പ്രിയം

ദോശ, ഇഡ്ഡലി വിഭവങ്ങളോടാണു താൽപര്യമെങ്കിലും വെജിറ്റേറിയൻ മേഖലയിലും ബിരിയാണി ഡിമാൻഡുള്ള ഭക്ഷണമാണ്. വെജിറ്റേറിയൻ ചൈനീസ് വിഭവങ്ങളും ട്രെൻഡാണ്. 

വെജിറ്റേറിയൻ ഹോട്ടലുകളിലെ വിഭവങ്ങളുടെ റാങ്കിങ് ഇങ്ങനെ: 

1. റോസ്റ്റ് (നെയ്റോസ്റ്റ് ഉൾപ്പെടെ
2. ഒണിയൻ റോസ്റ്റ്, ഊത്തപ്പം
3. മസാലദോശ
4. വെജിറ്റബിൾ ബിരിയാണി
5. ഊണ് (പായസമോ തൈരോ ഉൾപ്പെടെ)
6. സേവ, കൊഴുക്കട്ട, പുട്ട്
7. ചന്ന ബട്ടൂര
8. കൂൺ, പനീർ വിഭവങ്ങൾ
9. പൂരി മസാല
10. ഇഡ്ഡലി, ഉപ്പുമാവ്, കേസരി
ഉഴുന്നുവടയും പരിപ്പുവടയും 

ഇഞ്ചോടിഞ്ച്

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ചെറുകടികൾ പരിപ്പുവടയും ഉഴുന്നുവടയുമാണ്. വലിയ ഹോട്ടലുകളിൽ ഉഴുന്നുവടയാണെങ്കിൽ ചെറിയ ഹോട്ടലുകളിലും തട്ടുകടകളിലും പരിപ്പുവടയ്ക്കാണു പ്രിയം. പഴംപൊരിയുടെ പേരിൽ പ്രശ്സ്തമായ ഒട്ടേറെ കടകളുണ്ട്. വെജിറ്റേറിയൻ ഹോട്ടലുകളിൽ വാഴയ്ക്ക ബജി ഇഷ്ടവിഭവമാണ്. തട്ടുകടകളിൽ മുട്ട ബജിയും കിഴങ്ങു ബജിയും. 

ഊണ് ‘നാടൻ’ 

നാടൻ ഊണിനോടു പൊതുവേ താൽപര്യമുള്ളതിലാൽ പലരും ‘നാടൻ ഊണ്’ എന്നു ബോർഡ് വച്ചാണു കച്ചവടം നടത്തുന്നത്. നല്ല രുചിയിൽ ഭക്ഷണം നൽകുന്ന ചെറുകിട ഹോട്ടലുകളിൽ പോലും നല്ല തിരക്കുണ്ട്. ഊണിനൊപ്പമുള്ള പ്രിയ കൂട്ട് മത്തി, അയല, ഓംലറ്റ് എന്നിവയാണ്. 

പുതിയ രുചികൾക്കു സ്വാഗതം

പരമ്പരാഗത ഭക്ഷണങ്ങളെ ഇഷ്ടപ്പെടുമ്പോഴും പുതിയ രുചികളെ സ്വീകരിക്കാൻ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നവരാണു പാലക്കാട്ടെ ഭക്ഷണപ്രേമികൾ. അതിനുള്ള ഉദാഹരണമാണു ജില്ലയിലെ ഗ്രാമങ്ങളിൽ പോലും മികച്ച ഹോട്ടലുകൾ വരുന്നത്. നല്ല ഭക്ഷണം വൃത്തിയോടെ വേണമെന്നും നിർബന്ധമുണ്ട്.

 എൻ.എം.ആർ.റസാഖ്
ജില്ലാ പ്രസിഡന്റ്, ഹോട്ടൽ ആൻ‍ഡ് റസ്റ്ററന്റ് അസോസിയേഷൻ
പാലക്കാട്ട് മുൻപൻ

മട്ടയല്ല, ഉണ്ട അരി

പാലക്കാടൻ മട്ടയുടെ നാടാണെങ്കിലും വെള്ളയോ ഇളം മഞ്ഞയോ കലർന്ന അരിയാണ് വീടുകളിലും ഹോട്ടലുകളിലും കൂടുതലായി ഉപയോഗിക്കുന്നത്. ഉണ്ടമസൂരി, കുറുവ, ബോധന എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ളതു പൊന്നി അരിയാണ്, നല്ല തുമ്പപ്പൂവിന്റെ നിറമുള്ള ഈ അരി കൂടുതലായി ഉപയോഗിക്കുന്നതു പാലക്കാട് നഗരത്തിലുള്ളവരാണ്. 

ജനപ്രിയം അയല, പിന്നാലെ മത്തി

ഊണിനൊപ്പം കൂടുതലായി ആളുകൾ കഴിക്കുന്നത് അയല പൊരിച്ചതാണ്. മത്തിയോടും താൽപര്യമുണ്ട്. വില കൂടിയാൽ ആളുകൾ മത്തി കഴിക്കില്ല. വലിയ ഹോട്ടലുകളിൽ അയക്കൂറ, ചെമ്മീൻ, ആവോലി പോലെയുള്ള മത്സ്യങ്ങളുണ്ട്. ഡാം മീനുകൾ ഹോട്ടലിലെ പ്രിയ വിഭവം അല്ല. 

Image Credit: Santhosh Varghese/shutterstock
Image Credit: Santhosh Varghese/shutterstock

‘ഇന്നു രാത്രി വീട്ടിൽ ഒന്നും വയ്ക്കേണ്ട. ഫുഡ് വരുത്താം’, പറയുന്നതു ന്യൂജെൻ പിള്ളേരല്ല. പാലക്കാട് ഓൺലൈൻ ആപ്പുകൾ വഴി കൂടുതലായി ഭക്ഷണം ഓർഡർ ചെയ്യുന്നതു 40 വയസ്സിനു മുകളിലുള്ളവരാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന വിഭവങ്ങൾ: 

1 ബിരിയാണി
2. പൊറോട്ട + ബീഫ് 
3. അൽഫാമും പൊറോട്ടയും
4. മസാലദോശ
5 പൊറോട്ട/ആപ്പം/ചപ്പാത്തി + ചിക്കൻകറി
6. ചിക്കൻ 65, ചില്ലി ചിക്കൻ
7. ബ്രോസ്റ്റഡ് ചിക്കൻ
8. കുഴിമന്തിയും അൽഫാമും 
9. ഊണും മീനും 
10. ബർഗർ, പീത്‌സ

∙ ഓൺലൈൻ ഓർഡറിൽ 60 ശതമാനത്തോളം രാത്രിയിലാണ്. 
∙ കഴിക്കുന്നതിനു മറ്റു കറികളൊന്നും വേണ്ടെന്നതും എളുപ്പത്തിൽ പായ്ക്ക് ചെയ്യാമെന്നതുമാണു ബിരിയാണിയെ ജനപ്രിയമാക്കുന്നത്.
∙ മീൻ ഉപയോഗിക്കുന്നതു രണ്ടു രീതിയിലാണ്. കരിമീൻ പോലെയുള്ള വിലയേറിയ മീനുകൾ വാങ്ങുന്നവരാണ് ഒരുവിഭാഗം. ഊണിനൊപ്പം പോതുവേ ആവശ്യപ്പെടുന്നത് അയലയാണ്.
∙ ഓഫറുകൾ നോക്കി ബുദ്ധിപൂർവവും ലാഭകരമായും ഭക്ഷണം സിലക്‌ട് ചെയ്യുന്നവരാണു പാലക്കാട്ടുകാർ.

English Summary:

Favourite Foods in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com