ADVERTISEMENT

മീൻ കറിയായും ഫ്രൈയായും കഴിക്കാൻ ഇഷ്ടമാണെങ്കിലും അവ വൃത്തിയാക്കി എടുക്കാൻ ഇത്തിരി പ്രയാസമാണ്. ചെറിയ മീൻ എങ്കിൽ പറയുകയും വേണ്ട. കെഴുവ, ചൂട എന്നൊക്ക പറയുന്ന മീൻ വെട്ടിയെടുക്കാൻ പാടാണ്. കൊച്ചു കുട്ടികൾക്കുപോലും ചവച്ചരച്ചു കഴിക്കാൻ പറ്റിയ, വളരെ മൃദുവായ മുള്ളുകളുള്ള ഈ മത്സ്യം എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാൻ ഈ ട്രിക്ക് പരീക്ഷിക്കാം.

കത്തിയും കത്രികയും ഒന്നും ഇല്ലാതെ കൈകൊണ്ട് ഈസിയായി നെത്തോലി വെട്ടാം. നെത്തോലി അല്ലെങ്കിൽ കൊഴുവയെന്ന ചെറിയ മീനിന്റെ കുടലിന്റ ഭാഗം വിൽ കൊണ്ട് അമർത്തി തലയോടൊപ്പം നുള്ളി എടുക്കാം. ശേഷം വാലും കൈകൊണ്ട് മാറ്റാവുന്നതാണ്. കത്തി ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഈ മീൻ വെട്ടിയെടുക്കാം. 

‘നെത്തോല‍ി ഒരു ചെറിയ മീനല്ല’ 

രൂപംകൊണ്ടു കുഞ്ഞനാണെങ്കിലും നെത്തോല‍ി ഒരു ചെറിയ മീനല്ല എന്നാണു ശാസ്ത്രലോകം പറയുന്നത്. ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണത്. നെത്തോലിയിലുള്ള പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിനു നല്ലതായതിനാൽ ഹൃദ്രോഗമുള്ളവർക്കു ഗുണം ചെയ്യും. വൈറ്റമിൻ എ, ഡി എന്നിവ ധാരാളമായ‍ുണ്ട്. നെത്തോലിയുടെ മുള്ളിലുള്ള കാൽസ്യം എല്ലുകളെ ബലപ്പെടുത്തും.

കുടംപുളിയിട്ട്‌ വറ്റിച്ച മീന്‍പീര

കുടംപുളിയിട്ട്‌ വറ്റിച്ച മീന്‍പീരയുടെ രുചി ഒന്നു വേറെ തന്നെയാണ്. സാധാരണ കൊഴുവ, മത്തി തുടങ്ങിയ ചെറു മീനുകൾ(മുള്ളിന്‌ അധികം ബലമില്ലാത്ത മീനുകൾ) ആണ് പീര വയ്ക്കാൻ ഉത്തമം. തേങ്ങ ചതച്ചത് ചേർത്ത് വറ്റിച്ചെടുക്കുന്നത് കൊണ്ടാണ്  മീൻ പീര വറ്റിച്ചത് എന്ന പേരിലറിയപ്പെടുന്നത്. ഇതെങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.ചേരുവകൾ

കൊഴുവ(ചൂട) - 300 ഗ്രാം
ഉപ്പ് - ആവശ്യത്തിന് 
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കുടംപുളി - 2 ചുള
വെള്ളം - 2-3 ടേബിൾസ്പൂൺ
ചിരകിയ തേങ്ങ - ½ കപ്പ്
കാന്താരി മുളക് - 10-11 എണ്ണം
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
ചുവന്നുള്ളി - 6-7 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ മീനിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് തിരുമ്മി മാറ്റിവയ്ക്കാം. ഒരു പാത്രത്തിൽ കുടംപുളി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി കീറിയശേഷം ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക. ഇനി തേങ്ങയും കാന്താരിമുളകും മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ഒതുക്കി എടുക്കാം(നല്ലതുപോലെ അരയരുത്). ഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ചുവന്നുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം. 

ഇനി വെള്ളത്തിലിട്ട കുടംപുളി കുതിർത്ത് വച്ച വെള്ളത്തോട് കൂടി തന്നെ ചട്ടിയിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇനി തേങ്ങ ഒതുക്കിയത് ചേർത്ത് ഒരു ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ മീൻ ചേർത്ത് കൊടുക്കാം. മീൻ വെന്ത് കഴിഞ്ഞാൽ ഉപ്പു കുറവുണ്ടെങ്കിൽ ആവശ്യത്തിനുള്ളത് ചേർത്ത ശേഷം ചട്ടിയിലെ വെള്ളം വറ്റുന്നത് വരെ ഇടത്തരം തീയിൽ വയ്ക്കാം(ഇനി സ്പൂൺ കൊണ്ട് ഇളക്കരുത്, ഇടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുത്താൽ മതി ഇല്ലെങ്കിൽ കൊഴുവ പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്). ചട്ടിയിലെ വെള്ളം വറ്റിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്തു കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും കൂടി ചേർത്ത് ചട്ടി പതുക്കെ ഒന്ന് ചുറ്റിച്ച ശേഷം അൽപ്പനേരം അടച്ചുവയ്ക്കാം. സ്വാദിഷ്ടമായ മീൻ പീര വറ്റിച്ചത് തയാറായിക്കഴിഞ്ഞു. മൺചട്ടിയിൽ തയാറാക്കുന്ന മീൻ പീരയ്ക്ക് രുചിയേറും.

English Summary:

To Clean Netholi Fish with Tips and Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com