ADVERTISEMENT

തുടർച്ചയായ ദഹനപ്രശ്‌നങ്ങൾ, വയറു കമ്പനം എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടോ? ഏതൊരു ഡയറ്റിലും ഈ പ്രശ്നങ്ങൾ വരാനിടയുണ്ട്. പ്രത്യേകിച്ചും വീഗൻ ഡയറ്റ് പിന്തുടരുന്നവരിൽ. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും മാത്രം കഴിക്കുന്നതു ആരോഗ്യത്തിനു ഗുണകരമെങ്കിലും എന്തുകൊണ്ടായിരിക്കും വയറിനു അസ്വസ്ഥതകൾ തുടർക്കഥയാകുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന നാരുകളാണ് വയറുകമ്പനത്തിലേക്കും ദഹനപ്രശ്നങ്ങളിലേക്കും നയിക്കുന്നത്. കാർബോഹൈഡ്രേറ്റിനെയും പ്രോട്ടീനിനെയും പോലെയല്ലാതെ നാരുകൾ ദഹന പ്രക്രിയയിൽ ഏറെ സമയം വിഘടിക്കാതെ നിലനിൽക്കുന്നു. ഇത് കൊളസ്‌ട്രോൾ കുറയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിലനിർത്താനും സഹായിക്കുന്നതിനൊപ്പം തന്നെ ആരോഗ്യകരമായ ഒരു ദഹന വ്യവസ്ഥയെ പിന്തുണക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഡയറ്റിൽ കാര്യമായ മാറ്റം വരുത്തുമ്പോൾ അധികമായെത്തുന്ന നാരുകൾ പ്രതിരോധിക്കാൻ ശരീരം തയാറാണോ എന്നത് കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. വീഗൻ ഡയറ്റ് പിന്തുടരുന്ന, എന്നാൽ വയറുകമ്പനം പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചാൽ മതി.

വീഗൻ ഡയറ്റ് പിന്തുടരുന്നതിനു മുൻപ് നാരുകൾ അധികമായി അടങ്ങാത്ത ഭക്ഷണമാണ് കഴിച്ചിരുന്നതെങ്കിൽ സ്വാഭാവികമായും വയറിനു അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്. നാരുകൾ ശരീരത്തിന് അവശ്യം വേണ്ടതാണെന്നിരിക്കിലും കൂടിയ അളവിലെത്തുന്നത് പെട്ടെന്ന് തന്നെ വയറിനു പ്രശ്‍നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് വീഗൻ ഡയറ്റിലേക്കു മാറാതെ, സാവധാനം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതിനു ശേഷം  നമ്മുടെ ദഹന പ്രക്രിയയുമായി ഇവ ചേർന്ന് പോകുന്നുണ്ടോ എന്നു കൂടി നോക്കാം. ആദ്യ സമയത്ത് കുറച്ച് മാത്രം കഴിച്ചതിനു ശേഷം പിന്നീട് ഇവയുടെ അളവ് വർധിപ്പിക്കാവുന്നതാണ്.

vegan-diet-food
Photo Credit: Creative Cat Studio/Shutterstock

മറ്റുള്ള ഡയറ്റുകൾ പോലെ തന്നെ വീഗൻ ഡയറ്റ് പിന്തുടരുമ്പോഴും ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്. ഏതൊരു ഡയറ്റിലും വെള്ളം അത്യന്താപേക്ഷിതമാണ്. ഒരു ദിവസം എട്ടു മുതൽ പത്തു ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ശരിയായ ദഹനത്തിനും വയറു കമ്പനത്തിൽ നിന്നും രക്ഷനേടുന്നതിനും സഹായിക്കും. പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിവതും ഒഴിവാക്കാം. കരിക്കിൻ വെള്ളമോ ഹെർബൽ ടീയോ പോലുള്ളവ ശീലമാക്കാം. വയറു വീർത്തിരിക്കുന്നതിനും ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനുമിതു സഹായിക്കും.

പുളിപ്പിച്ചതോ, പ്രോബയോട്ടിക്കോ ആയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിനും വേഗത്തിലുള്ള ദഹനത്തിനും സഹായിക്കും. മാത്രമല്ല, വയറുകമ്പനത്തിൽ നിന്നും രക്ഷനേടാനും ഇതുത്തമമാണ്. ആന്റി ഇൻഫ്ളമേറ്ററി, ആന്റി ക്യാൻസർ ഘടകങ്ങൾ കൂടി അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ശരീരത്തിനാകെ ഇതേറെ ഗുണകരമാണ്. 

Image Credit: NavyBank/shutterstock
Image Credit: NavyBank/shutterstock

പച്ചക്കറികൾ പാകം ചെയ്തു കഴിക്കുന്നതാണ് വയറിലെ അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കാനുള്ള പോംവഴി. ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുള്ള പച്ചക്കറികൾ പാകം ചെയ്യാതെ കഴിക്കുന്നത് ചിലപ്പോൾ  വയറുകമ്പനത്തിലേക്ക് നയിക്കും. പയറുകൾ നന്നായി കുതിർത്തതിനു ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ശരിയായി കുതിരാത്ത പക്ഷവും ദഹനക്കേട് പോലുള്ള പ്രശ്നങ്ങളുമുണ്ടാകാനിടയുണ്ട്. നന്നായി പാകം ചെയ്തതിനു ശേഷം കഴിച്ചാൽ ദഹനവും എളുപ്പത്തിലാകും. 

Representative Image. Photo Credit : Foxys_forest_manufacture / iStockPhoto.com
Representative Image. Photo Credit : Foxys_forest_manufacture / iStockPhoto.com

വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക എന്നത് ചിലരുടെ ശീലമാണ്. എന്നാൽ ചവച്ചരക്കാതെ, അതിവേഗത്തിൽ ഭക്ഷണം അകത്താക്കുന്നത് വയറു കമ്പനത്തിലേക്കു നയിക്കും. ഭക്ഷണം വായിലേക്ക് വെക്കുമ്പോൾ മുതൽ തന്നെ അതിന്റെ ദഹന പ്രക്രിയകൾ ആരംഭിക്കുകയായി. ഉമിനീരിൽ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. നന്നായി ചവച്ചരച്ചു കഴിക്കുമ്പോൾ ശരിയായ രീതിയിൽ ദഹനം നടക്കുന്നു. അതിവേഗത്തിൽ കഴിക്കുമ്പോൾ ഭക്ഷണം നന്നായി ചവക്കുന്നില്ല. ഫലമോ ദഹനം സുഗമമാകുകയില്ല. ഇതിനു പ്രതിവിധി ഒന്നുമാത്രമേയുള്ളൂ, നന്നായി ചവച്ചരച്ചു, സമയമെടുത്ത് ആഹാരം കഴിക്കുക.

shake

 വീഗൻ മിൽക്ക് ഷെയ്ക്കിന്റെ രുചിക്കൂട്ട്

നിലക്കടല – 100 ഗ്രാം
ഈന്തപ്പഴം – 3 എണ്ണം 
ഏത്തപ്പഴം – 1

∙നിലക്കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പാനിൽ 7 മിനിറ്റ് തിളപ്പിക്കുക. ∙തണുപ്പിച്ച ശേഷം ഒരു മിക്സിയുടെ ജാറിൽ ഈന്തപ്പഴം ചേർത്ത് അടിച്ചെടുത്താൽ വീഗൻ പീനട്ട് മിൽക്ക് റെഡി. ∙ചെറുതായി അരിഞ്ഞ ഏത്തപ്പഴവും തയാറാക്കിയ പീനട്ട് മിൽക്കും ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ രുചികരമായ മിൽക്ക് ഷെയ്ക്ക് റെഡിയായി.

English Summary:

The Vegan Diet A Complete Guide for Beginners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com