ഈ വലിയ മീൻ ഇത്രയും എളുപ്പത്തിൽ എങ്ങനെ വെട്ടുന്നു? വൈറൽ വിഡിയോ!

Mail This Article
നമ്മുടെ വിഭവങ്ങളിൽ പ്രധാനിയാണ് മീൻ. കറിവച്ചും വറുത്തും പൊള്ളിച്ചും ഗ്രിൽ ചെയ്തും മൽസ്യം നമ്മൾ കഴിക്കാറുണ്ട്. കഴിക്കാൻ ഏറെ താൽപര്യമാണെങ്കിലും മീൻ വെട്ടി വൃത്തിയാക്കിയെടുക്കുന്നത് അൽപം ബുദ്ധിമുട്ടാണ്. വലിയൊരു ചൂര, ദശ ഒട്ടും പാഴാക്കാതെ വെട്ടിയെടുക്കുന്ന ഒരു വിഡിയോ യൂട്യൂബിൽ വൈറലാണ്. അമേസിങ് ഫിഷ് കട്ടിങ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വലിയ വലുപ്പവും തൂക്കവുമുള്ള മീനാണ് നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കിയെടുക്കുന്നത്. നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ആദ്യം മീനിന്റെ തലയോട് ചേർന്നുള്ള ചെറുചിറകുകളും തലയുടെ ഒരു ഭാഗവും വെട്ടിമാറ്റുന്നു. തലയുടെ ഇരുഭാഗങ്ങളും ഇത്തരത്തിൽ ചെയ്തതിനു ശേഷം മീനിന്റെ വയറു ഭാഗത്തുള്ള അഴുക്കുകളും മീൻമുട്ടയും അടക്കം നീക്കം ചെയ്യുന്നു. പിന്നീട് ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വൃത്തിയാക്കിയെടുക്കുന്നു.
ഇനി മുകൾ ഭാഗത്തെ കട്ടിയുള്ള തൊലിയും ചെതുമ്പലും കത്തി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെത്തി കളയുന്നു. അരികു ഭാഗത്തുള്ള ചിറകുകൾ കൂടി വെട്ടിമാറ്റിയതിനു ശേഷം മീൻ ഒരേ വലുപ്പമുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. വാൽഭാഗം ഒഴിച്ച് ബാക്കിയുള്ള ദശ മുറിച്ചു മാറ്റിയതിനു ശേഷം ആദ്യം മുറിച്ചു വച്ച തലയും അതിനോട് ചേർന്നു കഴിക്കാൻ കഴിയുന്ന ഭാഗങ്ങളും വളരെ വേഗത്തിൽ ചെറു കഷ്ണങ്ങളാക്കി മുറിച്ചു നൽകുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ഒരല്പം പോലും മീൻ പാഴാക്കി കളയുന്നില്ല എന്നതു തന്നെയാണ് എടുത്തു പറയേണ്ടത്.
ഒരു മൽസ്യ മാർക്കറ്റിൽ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ. എത്ര വലിയ മീനും ഇത്തരത്തിൽ എളുപ്പത്തിൽ മുറിച്ചെടുക്കാവുന്നതാണ്.