ADVERTISEMENT

മൂന്നു കൂട്ടം പായസം കൂട്ടി വിഭവ സമൃദ്ധമായ സദ്യ ആയിരിക്കും നമ്മുടെ നാട്ടിലെ വിവാഹസൽക്കാരങ്ങളിൽ കേമം. മലബാർ ഭാഗത്തേക്കാണെങ്കിൽ നോൺ വെജിന്റെ പെരുന്നാളായിരിക്കും. ഇതൊക്കെയാണെങ്കിലും ഇവിടെയൊക്കെ ഏറിപ്പോയാൽ എത്ര കൂട്ടം വിഭവം ഉണ്ടാകും? എങ്കിൽ 2500 വ്യത്യസ്ത വിഭവങ്ങൾ വിളമ്പുന്ന ഒരു ബ്രഹ്മാണ്ഡ വിരുന്ന്. അതും കല്യാണ വിരുന്നല്ല, അതിനുമുമ്പുള്ള പ്രീവെഡ്ഡിങ് പരിപാടി. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ പുത്രൻ അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് വിരുന്നിന് വിളമ്പുന്ന വിഭവങ്ങളുടെ കണക്കാണ് പറയുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സൽക്കാരത്തിൽ ആയിരക്കണക്കിന് വെറൈറ്റി ഡിഷുകൾ ആണ് വിളമ്പുന്നത്. 

Read Also : അനന്ത് - രാധിക വിവാഹം: അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു

Anant Ambani with fiance Radhika Merchant

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ അതിഥികളെ കാത്തിരിക്കുന്നത് ഗംഭീര മെനുവാണ്. റിപ്പോർട്ടുകൾ പ്രകാരം 25 ലധികം ഷെഫുമാരുടെ ഒരു സംഘം ഇൻഡോറിൽനിന്ന് ജാംനഗറിലെ വേദിയിലെത്തും. പാഴ്‌സി, തായ്, മെക്‌സിക്കൻ, ജാപ്പനീസ് വിഭവങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ മെനുവിനൊപ്പം വൈവിധ്യമാർന്ന പാൻ-ഏഷ്യൻ വിഭവങ്ങളും ഇൻഡോറി പാചകരീതിയുമായിരിക്കും ഈ മെനുവിലെ ഹൈലൈറ്റ്. അതിഥികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങൾ നേരത്തേ തന്നെ അന്വേഷിച്ചറിഞ്ഞ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല അതിഥികളുടെ ഡയറ്റ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തയാറെടുപ്പും ഇവന്റ് ടീം നടത്തുന്നുണ്ട്.

മൂന്ന് ദിവസത്തെ ആഘോഷത്തിലുടനീളം, 2,500 വ്യത്യസ്തമായ വിഭവങ്ങൾ വിളമ്പും. ഒരു തവണ വിളമ്പിയ വിഭവം പിന്നീട് നൽകില്ല. ഒരു തവണ തയാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. എല്ലാം പുതിയ വിഭവങ്ങളായിരിക്കും. പ്രഭാതഭക്ഷണത്തിന് മാത്രം 70-ലധികം ചോയ്‌സുകൾ ഉണ്ടത്രേ. തുടർന്ന് ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി 250-ലധികം ഓപ്ഷനുകൾ. വെജിറ്റേറിയൻ അതിഥികൾക്ക് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും പോരാതെ അർദ്ധരാത്രിയിൽ ലഘുഭക്ഷണങ്ങളും ലഭ്യമാക്കുമത്രേ. ഏകദേശം 85 തരം മിഡ്നൈറ്റ് സ്നാക്സുകൾ അതിഥികൾക്ക് 12 മുതൽ പുലർച്ചെ 4 വരെ വിളമ്പും. 

വിഭവങ്ങളുടെ നീണ്ടനിര

അനന്ത് അംബാനിയും രാധിക മർച്ചന്റും അന്നസേവയ്ക്കിടെ.
അനന്ത് അംബാനിയും രാധിക മർച്ചന്റും അന്നസേവയ്ക്കിടെ.

ഗുജറാത്തിലെ കാലാവസ്ഥ അൽപ്പം ചൂടുള്ളതിനാൽ, അതിഥികൾക്ക് തണുത്തതും ഉന്മേഷദായകവുമായ പാനീയങ്ങളും പരമ്പരാഗത ഗുജറാത്തി മധുരപലഹാരങ്ങളുമാണ് വേദിയിലെത്തുമ്പോൾ തന്നെ നൽകുന്നത്. അതിഥികൾക്ക് ആം പന്നയും നാരങ്ങ ഷിക്കാഞ്ചിയും പോലെയുള്ള പാനീയങ്ങളാണ് ആദ്യം നൽകുന്നത്. ഈ രണ്ട് പാനീയങ്ങളും ദാഹം ശമിപ്പിക്കാൻ  നല്ലതാണ്. കൂടാതെ, അവിടെ ഒരുക്കിയിരിക്കുന്ന മധുരപലഹാര തളികയിൽ മോഹൻതാൽ, പേഡ, ചുർമ ലഡൂ, കേസർ പേഡ, ഹൽവാസന, സുർത്തി ഘരി, പിസ്ത മിഠായി തുടങ്ങി നിരവധി വെറൈറ്റി ഗുജറാത്തി മധുര പലഹാരങ്ങളും ഒരുക്കിയിട്ടുണ്ട്. 

Read Also : ഭാര്യാസമേതം സക്കർബർഗ്, സകുടുംബം ഷാറൂഖ് ഖാൻ; ജാംനഗറിൽ അനന്ത് അംബാനിയുടെ കല്യാണമേളം

ഇനി പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് നൽകാനായി തയാറാക്കിയിരിക്കുന്ന സ്നാക്സ് ബോക്സിൽ ഹിന്ദിയിൽ രാധികയുടെയും അനന്തിന്റെയും ആദ്യാക്ഷരങ്ങൾ എഴുതിയിട്ടുണ്ട്.  ആ ബോക്സിൽ സമൂസ, ജലേബി, ധോക്‌ല, ഗതിയ നംകീൻ തുടങ്ങി ഗുജറാത്തിലെ എല്ലാ പരമ്പരാഗത ലഘുഭക്ഷണങ്ങളും ഉണ്ട്. വെജ് സാൻഡ്‌വിച്ച്, റെഡ് ചട്ണി, ആം പന്ന, ആപ്പിൾ, പായ്ക്ക് ചെയ്ത ഗ്രീക്ക് തൈര് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, അതിഥികളെ വേദിയിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളിൽ അവര്‍ക്ക് സ്നാക്സും ശീതളപാനീയങ്ങളും ഉൾപ്പെടുന്ന വിവിധ തരം റിഫ്രഷ്‌മെന്റുകൾ വരെ തയ്റാക്കി വച്ചിട്ടുണ്ടെന്നാണ്.

Read Aslo : മോതിര വിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുണ്ടോ? ഫലം ഇങ്ങനെ

ആയിരത്തോളം അതിഥികൾ

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ  മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും പ്രമുഖ ബിസിനസ് മാഗ്നറ്റ് വിരേൻ എ മർച്ചന്റിന്റെയും ഷൈല വിരേൻ മർച്ചന്റിന്റേയും മകൾ രാധിക മർച്ചന്റും തമ്മിലുള്ള വിവാഹത്തിന് മുമ്പുള്ള ഈ പ്രീവെഡ്ഡിങ് ആഘോഷത്തിൽ വിവിധ നാടുകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ടവർ അടക്കം ആയിരത്തോളം അതിഥികൾ പങ്കെടുക്കും. ജൂലൈ 12ന് മുംബൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹം.

Read Also : അന്തർമുഖരായ കുട്ടികളും സ്മാർട് ആണ്; അവർക്ക് ഇങ്ങനെ ആത്മവിശ്വാസം പകരാം

അതിഥികളുടെ പട്ടികയിൽ ഇന്ത്യയിലെ പ്രമുഖ ശതകോടീശ്വരൻമാരായ ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരും ബോളിവുഡ് മെഗാസ്റ്റാർമാരായ അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കർ, എംഎസ് ധോണി എന്നിവരും ഉൾപ്പെടുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ തുടങ്ങിയ രാജ്യാന്തര വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.  

English Summary:

Anant Ambani Pre Wedding Menu 2500 Dishes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com