അരിയും പരിപ്പും കൂടുതൽ വെള്ളത്തിൽ വേവിക്കരുത്; കാരണം അറിയാം
Mail This Article
പാചകം ഒരു കലയാണ്. രുചിയൂറും വിഭവങ്ങൾ തയാറാക്കാനും വിളമ്പാനും ഏറെ ഇഷ്ടമാണ് വീട്ടമ്മമാർക്ക്. എളുപ്പത്തിൽ ജോലികൾ തീർക്കണം എന്നതും മിക്കവരുടെയും ആവശ്യവും ആഗ്രഹവുമാണ്. സ്വാദേറും ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, എന്തൊക്കെ പരീക്ഷിച്ചാൽ അടുക്കള പണി എളുപ്പമാക്കാം. വീട്ടമ്മമാർക്ക് പാചകം എളുപ്പമാക്കുവാൻ അടുക്കള നുറുങ്ങുകളുണ്ട്. ചിലത് അറിയാം.
∙പരിപ്പ് വേവിക്കുമ്പോൾ പതയാതിരിക്കാൻ ഒരു സ്പൂൺ ഓയിൽ ചേർത്താൽ മതി.
∙ചീര, മല്ലിയില, മുന്തിരി എന്നിവ നന്നായി കഴുകിയശേഷം അൽപം ഉപ്പിട്ട വെള്ളത്തിൽ കുതിർത്തുവയ്ക്കണം. പിന്നീട് കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കഴുകിയെടുക്കാം.
∙ഉരുളകിഴങ്ങ് ബോയിൽ ചെയ്യുമ്പോൾ അൽപം ഉപ്പ് ചേർത്താൽ അതിന്റെ തൊലി എളുപ്പത്തിൽ കളയാൻ സാധിക്കും.
∙കോളിഫ്ളവർ പൂക്കളായി അടർത്തി ഒരു നുള്ള് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത െവള്ളത്തിലിട്ടു വച്ചാൽ പുഴുക്കളെ നശിപ്പിക്കാം.
∙പഴങ്ങൾ തൊലിയോടുകൂടി കഴുകണം. ആപ്പിളിനു തിളക്കം കൂടുതലുണ്ടെങ്കിൽ അവയിൽ മെഴുകു പുരട്ടിയിട്ടുണ്ടാകാം. അതിനാൽ അത്തരം പഴങ്ങൾ തൊലികളഞ്ഞു കഴിക്കുക.
∙കാബേജിന്റെ ഇലകൾ അടർത്തി നന്നായി കഴുകിയ ശേഷം മുറിച്ച് ഉപയോഗിക്കാം.
∙പച്ചക്കറികൾ ചെറുതായി അരിഞ്ഞാൽ അവയിൽ നിന്നു നഷ്ടപ്പെടുന്ന പോഷകാംശങ്ങൾ കൂടും. അതിനാൽ വലിയ കഷണങ്ങളാക്കുന്നതാണു നല്ലത്. അരിഞ്ഞശേഷം പച്ചക്കറികൾ കഴുകരുത്. പച്ചക്കറികൾ ഏറെ നേരം വെള്ളത്തിൽ കുതിർത്തുവച്ചാൽ അവയിലുള്ള വിറ്റാമിനുകള്‍ നഷ്ടമാകും.വെള്ളത്തിൽ തിളപ്പിച്ചു വേവിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ വെള്ളത്തിൽ അലിയുന്ന വൈറ്റമിൻ ബിയും സിയും അപ്പോൾ നഷ്ടമാകുന്നു.
∙അരിയും പരിപ്പും മറ്റും കൂടുതൽ വെള്ളത്തിൽ വേവിച്ച്, വെള്ളം ഊറ്റിക്കളയുന്ന ശീലം നന്നല്ല. ആവശ്യത്തിനു വെള്ളം മാത്രം ചേർത്തു വറ്റിച്ചെടുക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. പച്ചക്കറികളും ഇങ്ങനെതന്നെ പാകം ചെയ്യാൻ ശ്രമിക്കുക. പാത്രം അടച്ചു വച്ചു വേവിക്കുന്നതും പോഷകങ്ങൾ നഷ്ടമാകാതിരിക്കാൻ സഹായിക്കും. ആവിയിൽ വേവിച്ചാൽ പച്ചക്കറികളുടെ നിറവും കരുകരുപ്പും പോകില്ല.
∙പയർവർഗങ്ങൾ എളുപ്പം വേവിക്കാൻ േബക്കിങ് സോഡ ചേർക്കുന്നതു പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. വറുക്കാൻ എണ്ണയും നെയ്യും ഉപയോഗിക്കുമ്പോൾ അധികം ചൂടാകാതെ നോക്കണം. അമിതമായി ചൂടാക്കിയാൽ അവയിൽ പെറോക്സൈഡുകളും ഫ്രീ റാഡിക്കലുകളും ഉണ്ടാകും.
∙പ്രഷർകുക്കറിൽ പാകം ചെയ്യുന്നത് ഏറ്റവും നല്ല രീതികളിലൊന്നാണ്. വളരെക്കുറച്ചു സമയം മതിയെന്നതും ഗുണം തന്നെ.
∙മൈക്രോവേവ് ചെയ്യുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങളും അടപ്പുകളും ഉപയോഗിക്കാതിരിക്കുക.
∙പയറും മറ്റും മുളപ്പിക്കുമ്പോൾ അതിലെ വിറ്റാമിൻ സിയുടെ അളവ് കൂടുന്നു. പുളിപ്പിച്ചുണ്ടാക്കുന്ന ദോശ, ഇഡ്ഡലി എന്നിവയിലും ധാരാളം പോഷകങ്ങൾ ഉണ്ട്.