കൈകളില്‍ ബീറ്റ്റൂട്ട് കറ പിടിച്ചോ? ഇങ്ങനെ ചെയ്തു നോക്കൂ!

Mail This Article
കടുത്ത പര്‍പ്പിള്‍ നിറത്തില്‍, ഇളം മധുര രുചിയുള്ള ബീറ്റ്റൂട്ട് കൊണ്ട് തോരന്‍, പച്ചടി, സലാഡുകൾ, സ്മൂത്തികൾ, ഡിപ്‌സ്, സൂപ്പ് മുതലായ ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം. രുചികരമാണെങ്കിലും ബീറ്റ്‌റൂട്ട് ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് കൈകളില്‍ പറ്റിപ്പിടിക്കുന്ന കറ. എത്ര കഴുകിയാലും പോകാത്ത ബീറ്റ്റൂട്ട് കറ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ചില വിദ്യകളുണ്ട്. വീട്ടില്‍ത്തന്നെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഈ കറ കളയുന്നതെങ്ങനെ എന്ന് നോക്കാം
ഉരുളക്കിഴങ്ങ്

നല്ല മൂത്ത ഉരുളക്കിഴങ്ങ് ഉപയോഗിച്ച്, ബീറ്റ്റൂട്ട് കറ എളുപ്പത്തിൽ കളയാം. ഇതിനായി ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. ഇത് കുറച്ച് ഉപ്പില്‍ മുക്കി കൈകളില്‍ കറയുള്ള ഭാഗത്ത് തടവുക. ശേഷം ഒഴുകുന്ന ടാപ്പ് വെള്ളത്തിനടിയില്‍ കൈ വച്ച് നന്നായി ഉരസി കഴുകുക.
ബേക്കിങ് സോഡ
വളരെ മികച്ച ക്ലീനിങ് ഏജൻ്റുകളിലൊന്നാണ് ബേക്കിങ് സോഡ. ബീറ്റ്റൂട്ട് കറ പുരണ്ട കൈകൾ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം. ഒരു വലിയ പാത്രത്തിൽ ചെറുചൂടുള്ള വെള്ളം നിറച്ച് അതിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. അതിനുശേഷം, കൈകൾ 5 മുതൽ 7 മിനിറ്റ് വരെ അതിൽ മുക്കിവയ്ക്കുക, തുടർന്ന് വീണ്ടും നല്ല വെള്ളത്തിൽ കഴുകുക.
ഉപ്പ്
കൈകള്‍ വൃത്തിയാക്കാന്‍ സാധാരണ ഉപ്പ് ഉപയോഗിക്കാം. നനഞ്ഞ കൈകളിൽ ഉപ്പ് വിതറി മൃദുവായി ഉരയ്ക്കുക. ശേഷം ഒഴുകുന്ന വെള്ളത്തില്‍ കൈ കഴുകുക.

നാരങ്ങ
ബീറ്റ്‌റൂട്ട് കറ നീക്കം ചെയ്യാൻ നാരങ്ങ രണ്ട് തരത്തിൽ ഉപയോഗിക്കാം. ആദ്യത്തേത് നാരങ്ങ തൊലി നേരിട്ട് കൈകളിൽ തടവുക എന്നതാണ്. നാരങ്ങാവെള്ളത്തിൽ കൈ അൽപനേരം മുക്കിവെച്ച ശേഷം കഴുകിക്കളയുക എന്നതാണ് രണ്ടാമത്തെ വഴി. എങ്ങനെ ചെയ്താലും കൈകള്‍ വൃത്തിയാകും.

ടൂത്ത് പേസ്റ്റ്
കൈകളിലെ കടുപ്പമുള്ള ബീറ്റ്‌റൂട്ട് കറ ഇല്ലാതാക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഇതിനായി കൈകളില്‍ അല്‍പ്പം ടൂത്ത്‌പേസ്റ്റ് തേച്ച ശേഷം നന്നായി തടവുക. ഉണങ്ങിക്കഴിഞ്ഞാൽ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.