ഇത് നരേന്ദ്ര മോദിയുടെ ഇഷ്ട വിഭവം; മുരിങ്ങക്കാ പറാത്ത
Mail This Article
സാമ്പാറും അവിയലും പരിപ്പുകറിയും മാത്രമല്ല, വേറെ പല വിഭവങ്ങളും മുരിങ്ങക്കായ ഉപയോഗിച്ച് ഉണ്ടാക്കാം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങക്കാ പറാത്ത. വളരെ രുചികരമായ ഈ വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം
പാചകക്കുറിപ്പ്
രണ്ടു മുരിങ്ങക്കാ കഷ്ണങ്ങളായി മുറിച്ച്, അരക്കകപ്പ് വെള്ളത്തിൽ കുക്കറില്‍ ഇട്ട് വേവിക്കുക. രണ്ടു വിസില്‍ വന്നാല്‍ ഓഫ് ചെയ്യാം. കുക്കറിന്‍റെ ആവി പോയ ശേഷം, മുരിങ്ങക്കാ ഒരു അരിപ്പയില്‍ ഇട്ട് നന്നായി ഉടച്ച്, പള്‍പ്പ് മുഴുവനും എടുത്ത് കോല്‍ കളയുക. ഈ പള്‍പ്പിലേക്ക് താഴെപ്പറയുന്നവ ചേര്‍ക്കുക
മഞ്ഞൾപ്പൊടി – 1/2 ടേബിൾസ്പൂൺ
ചുവന്ന മുളകുപൊടി – 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
പാകത്തിന് – ഉപ്പ്
ജീരകം
ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്
ഇത് എല്ലാം കൂടി നന്നായി ഇളക്കി ഗോതമ്പുപൊടി ചേര്‍ത്ത് കുഴയ്ക്കുക. മാവ് കുഴയ്ക്കുമ്പോൾ വെള്ളം ചേര്‍ക്കരുത്. രുചി കൂട്ടാൻ കുറച്ച് മല്ലിയിലയും എള്ളും കൂടി ഇട്ടു പരത്താം. ചുട്ടെടുക്കുമ്പോള്‍ മുകളില്‍ അല്‍പ്പം നെയ്യ് തൂവുക. തൈര്, അച്ചാര്‍ എന്നിവയ്ക്കൊപ്പം കൂട്ടി മുരിങ്ങക്കാ പറാത്ത കഴിക്കാം.
മുരിങ്ങ എന്ന കേമന്‍!
പോഷക ഗുണങ്ങൾക്കും ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ് മുരിങ്ങയുടെ കായും ഇലയുമെല്ലാം. വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ മുരിങ്ങക്കായില്‍, വൈറ്റമിൻ എ, സി, ഇ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിലുള്ള ഫ്‌ളേവനോയിഡുകൾ, പോളിഫെനോൾസ്, വൈറ്റമിൻ സി എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും കോശങ്ങളെ കേടുപാടുകളിൽനിന്ന് സംരക്ഷിക്കാനും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഉയർന്ന വൈറ്റമിൻ സിയുടെ അംശം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
കൂടാതെ, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർധന കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറച്ച്, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മുരിങ്ങയില കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമാണ്, ഇത് എല്ലുകളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താൻ അത്യാവശ്യമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി വൈകല്യങ്ങൾ തടയാൻ സഹായിക്കും എന്നു പറയപ്പെടുന്നു. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും ചർമത്തെ പോഷിപ്പിക്കാനും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ മുടി വളർച്ച നിലനിർത്താനും സഹായിക്കുന്നു.
മുരിങ്ങയുടെ ഇലയും കായും കാലറി കുറവും പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. ശരീരഭാരം നിയന്ത്രിക്കുന്നവര്‍ക്ക് ഇത് വളരെയധികം ഗുണംചെയ്യും. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ദഹനത്തിനും മലബന്ധം അകറ്റാനും സഹായിക്കും.