ADVERTISEMENT

ഒരു ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ പോഷകങ്ങൾ ധാരാളമടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കണമെന്ന കാര്യത്തിൽ ആർക്കും തന്നെയും എതിരഭിപ്രായമുണ്ടായിരിക്കുകയില്ല. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം ലഭിക്കണമെങ്കിൽ ശരിയായ രീതിയിലുള്ള ഒരു ഭക്ഷണ ക്രമം തന്നെ വേണം. എന്നാൽ പ്രമേഹമുള്ളവർ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ഭക്ഷണം കഴിച്ച ഉടൻതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയിലേക്ക് ഒരിക്കലും ചെന്നെത്തരുത്. 

Image Credit: Lecic/Shutterstock
Image Credit: Lecic/Shutterstock

ഗ്ലൈസെമിക് ഇൻഡക്‌സും അന്നജവും കുറഞ്ഞ വിഭവങ്ങൾ പ്രമേഹ രോഗികൾക്ക് തങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നാരുകളും പ്രോട്ടീനും തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലുണ്ടെന്നു ഉറപ്പിക്കുകയും വേണം. മാത്രമല്ല, ഭക്ഷണം ഒരു നേരം പോലും ഒഴിവാക്കുകയും ചെയ്യരുത്. പ്രഭാത ഭക്ഷണം മുടക്കിയാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിക്കും. പ്രമേഹത്തിനു മാത്രമല്ല, മറ്റുപല രോഗങ്ങളിലേക്കുമിതു നയിക്കുകയും ചെയ്യും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ വിശപ്പ് വർധിക്കും. പിന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയിലേക്കു കാര്യങ്ങൾ നീങ്ങുകയും ചെയ്യും. ഫലമോ അമിത വണ്ണവും കൊളസ്ട്രോളും പ്രമേഹവും പോലുള്ളവ പിടിപ്പെടുകയും ചെയ്യും. പ്രഭാതത്തിലെ ഭക്ഷണം ഒഴിവാക്കാൻ പാടില്ലെന്ന് മാത്രമല്ല, അമിതമായി കഴിക്കുന്നതും പ്രമേഹ സാധ്യത വർധിപ്പിക്കുന്ന കാര്യമാണ്. ബ്രേക്‌ഫാസ്റ്റ് മാത്രമല്ല, ഭക്ഷണം ഒരു നേരവും അമിതമായി കഴിക്കാതിരിക്കുക.

Image Credit: gpointstudio/Shutterstock
Image Credit: gpointstudio/Shutterstock

ജോലിയ്ക്ക് പോകാനുള്ള തിരക്കിൽ രാവിലെ ചിലരെങ്കിലും പഞ്ചസാര അധികമുള്ള സിറിയലുകൾ, ഫ്രൈഡ് ബ്രെഡ്, ടീ കേക്ക് തുടങ്ങി ജങ്ക് ഫുഡുകൾ വരെ പതിവാക്കാറുണ്ട്. ഇങ്ങനെ കഴിച്ചാൽ തടി കുറയുമെന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ടാകും. അത് തെറ്റാണ്. അത്തരം ഭക്ഷണവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലേക്കു നയിക്കും. രാവിലെ നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തെ പിടിച്ചു നിർത്താനുള്ള ഒരു പോംവഴിയാണ്. ഫൈബർ അടങ്ങിയ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടെ പ്രോട്ടീൻ നിറഞ്ഞ മുട്ട പോലുള്ളവയും പ്രാതലിനായി തിരഞ്ഞെടുക്കാവുന്നതാണ്. 

എളുപ്പത്തിൽ തയാറാക്കാം, പ്രാതലായി സ്മൂത്തി 

ഓട്സ് - കാൽ കപ്പ് 
ചിയ സീഡ് - ഒരു ടീസ്പൂൺ 
ആപ്പിൾ - ഒരെണ്ണം 
ഈന്തപഴം - രണ്ടെണ്ണം 
ഫ്‌ളാക്‌സ് സീഡ് - ഒരു ടേബിൾ സ്പൂൺ 
കറുവപ്പട്ട പൊടിച്ചത് - ഒരു നുള്ള് 

തയാറാക്കുന്ന വിധം

ഓട്സ് ഒരു പതിനഞ്ചു മിനിട്ടു നേരം കുതിർക്കാനായി വയ്ക്കാവുന്നതാണ്. ചിയ സീഡും അല്പം വെള്ളത്തിൽ കുതിരാനായി വെയ്ക്കാം. കുതിർത്തുവെച്ച ഓട്സ്, തൊലി കളഞ്ഞു കഷ്ണങ്ങളാക്കിയ ആപ്പിൾ, ഈന്തപ്പഴം, ഫ്‌ളാക്‌സ് സീഡ്, കറുവപ്പട്ട പൊടിച്ചത് എന്നിവ ഒരു മിക്സിയുടെ ജാറിലേക്കു മാറ്റി, നേരത്തെ ഓട്സ് കുതിരാനായി വെച്ച വെള്ളം കൂടി ഒഴിച്ച് നന്നായി അടിച്ചെടുക്കാം. ഇനി ഇതിനു മുകളിലേക്ക് ചിയ സീഡും സൺഫ്ലവർ സീഡോ, മത്തങ്ങയുടെ കുരുവോ ചേർത്ത് വിളമ്പാവുന്നതാണ്. ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ ഒരു മാസം തുടർച്ചയായി ഈ സ്മൂത്തി കഴിച്ചാൽ ഭാരം കുറയുക തന്നെ ചെയ്യും.

English Summary:

Healthy and Fast Breakfast Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com