ADVERTISEMENT

കറികൾക്ക് ഉപ്പ് ഇല്ലെങ്കിൽ എങ്ങനെ കഴിക്കും. കറികളിലെ പ്രധാന ചേരുവയാണിത്. ഈ ഉപ്പിന് ഒരേയൊരു രുചിയുള്ളുവെന്ന് കരുതരുത്. വിവിധ രൂപങ്ങളിലും ഘടനകളിലും രുചികളിലും ഉപ്പ് ലഭ്യമാണ്.  രുചി കൂട്ടാൻ ഒരൽപ്പം ഉപ്പ് ചേർത്താൽ മതിയല്ലോ. എന്നാൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ടേബിൾ ഉപ്പ് മുതൽ വിദൂര ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന വിദേശ ഇനങ്ങൾ വരെയുണ്ട്, ഉപ്പിന്റെയും അതിന്റെ വിവിധ ഇനങ്ങളെയും കൂടുതൽ അറിയാം.

ടേബിൾ ഉപ്പ്

അടുക്കളകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഉപ്പാണ് ടേബിൾ ഉപ്പ്. ടേബിൾ ഉപ്പ് വളരെ ശുദ്ധീകരിക്കപ്പെട്ട ഒന്നാണ്. ഈ ഉപ്പിൽ കൂടുതലായി അയഡിൻ അടങ്ങിയിരിക്കുന്നു. ദൈനംദിന ഉപയോഗത്തിനായി തയാറാക്കപ്പെട്ടിരിക്കുന്ന ഉപ്പാണിത്. അതുപോലെ ടേബിൾ ഉപ്പ് പൊടിയായിട്ടായിരിക്കും ഇരിക്കുക. 

salt
Image Credit: Igor Palamarchuk/shutterstock

കോഷർ ഉപ്പ് 

ടേബിൾ ഉപ്പിനെ അപേക്ഷിച്ച് കോഷർ ഉപ്പ് വലിയ കഷ്ണങ്ങളായിരിക്കും. മാംസത്തിന്റെയും മറ്റുമൊക്കെ കോഷർ പ്രക്രിയയിൽ ഇത് സാധാരണയായി ഉപയോഗിക്കുന്നതിനാലാണ് ഈ ഉപ്പിന് "കോഷർ" എന്ന് പേര് ലഭിച്ചത്. മറ്റ് തരത്തിലുള്ള ഉപ്പിനെ അപേക്ഷിച്ച് ഇത് കട്ടിയുള്ളതാണ്, അതിനാലാണ് ചിലപ്പോൾ ഇത് നാടൻ ഉപ്പ് എന്ന് ലേബൽ ചെയ്യുന്നത്.  കോഷർ ഉപ്പിൽ അയഡിൻ അടങ്ങിയിട്ടില്ല. 

കടൽ ഉപ്പ് 

പേര് സൂചിപ്പിക്കുന്നത് പോലെ, സമുദ്രജലം ബാഷ്പീകരിച്ചാണ് കടൽ ഉപ്പ് ഉണ്ടാക്കുന്നത്.  ഉപ്പ് പരലുകൾ അടങ്ങിയതിനാൽ ഇത് ടേബിൾ ഉപ്പിനേക്കാൾ പ്രോസസ്സ് ചെയ്യപ്പെടുന്നില്ല, കൂടാതെ സിങ്ക്, പൊട്ടാസ്യം, അയഡിൻ തുടങ്ങിയ മറ്റ് ധാതുക്കളുടെ അളവും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ കാരണം, ടേബിൾ ഉപ്പിനെ അപേക്ഷിച്ച് ഇതിന് അല്പം വ്യത്യസ്തമായ രുചിയായിരിക്കും. 

ഹിമാലയൻ പിങ്ക് ഉപ്പ് 

ഇപ്പോൾ എല്ലാ സൂപ്പർ മാർക്കറ്റിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഹിമാലയൻ പിങ്ക് സാൾട്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഹിമാലയൻ പർവതനിരകളിലെ പുരാതന കടൽത്തീരങ്ങളിൽ നിന്ന് ലഭിക്കുന്ന പിങ്ക് നിറത്തിലെ ഉപ്പാണിത്. അയൺ ഓക്സൈഡ് പോലുള്ള ധാതുക്കളുടെ സാന്നിധ്യം കാരണമാണ് ഇതിന് പിങ്ക് നിറം ഉണ്ടാകുന്നത്. ഹിമാലയൻ പിങ്ക് ഉപ്പ് പലപ്പോഴും പാചകത്തിൽ ഫിനിഷിങ് ഉപ്പായി ഉപയോഗിക്കുന്നു. 

Image Credit: Tatyana Berkovich/shutterstock
Image Credit: Tatyana Berkovich/shutterstock

കാലാ നാമക് (കറുത്ത ഉപ്പ്) 

സൾഫർ സുഗന്ധവും സ്വാദും ഉള്ള ഒരു തരം ഉപ്പാണ് കാലാ നമക് അഥവാ കറുത്ത ഉപ്പ്.  ഐതിഹ്യമനുസരിച്ച്, പരമ്പരാഗത ആയുർവേദ വൈദ്യത്തിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്, എന്നാൽ മുട്ടയുടെ രുചിയും മണവും അനുകരിക്കാനുള്ള കഴിവ് കാരണം പാശ്ചാത്യ സസ്യാഹാരികൾക്കിടയിൽ ഇത് കൂടുതൽ പ്രചാരത്തിലുണ്ട്. 

Representative image. Photo Credits:: : Milan Krasula/ istock.com
Representative image. Photo Credits:: : Milan Krasula/ istock.com

ഫ്ലേക്ക് സാൾട്ട്

മറ്റ് തരം ലവണങ്ങളെ അപേക്ഷിച്ച്, ഫ്ലേക്ക് ഉപ്പിന് അതിലോലമായ ഘടനയുള്ള നേർത്ത, പരന്ന പരലുകളാണ് ഉള്ളത്. കടൽ ഉപ്പ്, ഖനനം ചെയ്ത ഉപ്പ് നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് ഇത് ലഭിക്കും. നേർത്തതും പെട്ടെന്ന് അലിയാനുള്ള കഴിവും കാരണം ഇത് പലപ്പോഴും ഫിനിഷിങ് ഉപ്പായി ഉപയോഗിക്കുന്നു.

കറികളിൽ ഉപ്പ് കൂടിയാൽ

രുചികരമായ ഒരു കറി ഉണ്ടാക്കി, പക്ഷേ കറിയിൽ അൽപം ഉപ്പ് കൂടി പോയി. ഇനി എന്ത് ചെയ്യും? ഒരിക്കലെങ്കിലും ഇത്തരം പിഴവുകൾ പറ്റാത്തവർ ചുരുക്കമായിരിക്കും. കറികളിൽ ഉപ്പ്, പുളി, എരിവ് എന്നിവയെല്ലാം കൂടിപ്പോയാൽ പിന്നെ അതുപയോഗിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മറ്റുള്ള ചേരുവകളെ പോലെയല്ല, ഉപ്പിന്റെ ഉപയോഗം കൂടുതലായാൽ  അത് ശാരീരികമായ പ്രശ്‍നങ്ങളും സൃഷ്ടിക്കും. ചെറിയ ചില കാര്യങ്ങൾ ചെയ്താൽ കറിയിൽ മുന്നിട്ടു നിൽക്കുന്ന ഉപ്പിനെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കഴിയും.


Representative image. Photo Credit:goffkein.pro/istockphoto.com
Representative image. Photo Credit:goffkein.pro/istockphoto.com

കറിയിൽ ഉപ്പ് കൂടിപ്പോയാൽ ആദ്യം തേങ്ങാപാൽ പിഴിഞ്ഞ് ചേർക്കാം. തയാറാക്കിയ കറിയിൽ തേങ്ങാപാൽ ചേർത്താൽ അരുചി ആകില്ലെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമേ ചേർക്കാവൂ. കടല കറിയോ ചിക്കൻ കറിയോ ആണെങ്കിൽ തേങ്ങാപാൽ കറിയുടെ രുചിയും വർധിപ്പിക്കും. വേവിക്കാത്ത ഉരുളക്കിഴങ്ങ് കറിയിൽ അമിതമായി നിൽക്കുന്ന ഉപ്പിനെ വലിച്ചെടുക്കുമെന്നുള്ളത് കൊണ്ട് കറികളിൽ ഇവ ചേർക്കാം. കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഇരുപതു മിനിറ്റോളം കറിയിലിട്ടു വേവാൻ അനുവദിച്ചതിനു ശേഷം എടുത്തുമാറ്റാം. 

Representative Image∙ vikif/ Istock
Representative Image∙ vikif/ Istock

പഞ്ചസാരയുടെ മധുരം ഒരു പരിധിവരെ ഉപ്പിനെ പ്രതിരോധിക്കും. കറിയിൽ ഉപ്പ് കൂടുതലാണെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർത്ത് കൊടുത്താൽ മതിയാകും. കൂടിയ ഉപ്പിനെ ക്രമീകരിക്കാൻ ഇത് സഹായിക്കും. പുഴുങ്ങിയ ഉരുളകിഴങ്ങ് ചേർക്കാൻ പറ്റുന്ന കറിയാണെങ്കിൽ പുഴുങ്ങി ഉടച്ചു ചേർക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഉപ്പ് കുറയും. ഗോതമ്പു പൊടി കുഴച്ചു ചെറിയ ഉരുളകളാക്കി കറിയിലിടാം. അതിനുശേഷം പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ കറി നല്ലതുപോലെ തിളപ്പിക്കണം. കൂടുതലായി നിൽക്കുന്ന ഉപ്പ് ഈ ഗോതമ്പു മാവിനൊപ്പം ചേരും. അതിനുശേഷം ഈ ഉരുളകൾ കറിയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്.

Representative Image. Photo Credit : Jirkaejc / iStockPhoto.com
Representative Image. Photo Credit : Jirkaejc / iStockPhoto.com

കറിയിൽ കുറച്ചു ഫ്രഷ് ക്രീം ചേർത്ത് കൊടുത്താൽ ഉപ്പ് കുറയുമെന്ന് മാത്രമല്ല, കറിയുടെ രുചിയും കൂടും കട്ടിയും വർധിക്കും. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം, കറിയുടെ രുചിയുമായി ഫ്രഷ് ക്രീം ചേർന്നുപോകുമോ എന്നതാണ്. ഒരു സ്പൂൺ തൈര് ചേർക്കുന്നതും തക്കാളി അരിഞ്ഞിടുന്നതുമെല്ലാം കറിയിൽ ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്നതാണ്. ഉപ്പ് കുറയ്ക്കാനുള്ള ഫലപ്രദവും എളുപ്പവുമായ മാർഗമാണിത്. ഉപ്പ് മുന്നിട്ടു നിൽക്കുന്ന കറികളിൽ സവാള വട്ടത്തിലരിഞ്ഞു ചേർക്കാം. ഉപ്പിനെ വലിച്ചെടുത്തുകൊള്ളും. മേൽപറഞ്ഞവയൊന്നും ചെയ്യാൻ സമയമില്ലെങ്കിൽ, കുറച്ചു വെള്ളം കറിയിലൊഴിച്ചു തിളപ്പിക്കാം. ഉപ്പിന്റെ കാഠിന്യം ഉറപ്പായും കുറഞ്ഞുകിട്ടും.

English Summary:

Types of Salt for Cooking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com