അടിമുടി മാറി ഇഡ്‌ഡലിയും; ഇത്രയും വെറൈറ്റിയിൽ തയാറാക്കാം
Mail This Article
ഇഡ്‍ഡലിയ്ക്ക് ചമ്മന്തിയും സാമ്പാറും ബെസ്റ്റ് കോമ്പിനേഷനാണ്. ഇഡ്‌ഡലിയും ദോശയുമൊക്കെ നമ്മുടെ പ്രഭാതങ്ങളെ ഏറ്റവും രുചികരമാക്കുന്ന വിഭവങ്ങളാണ്. അരിയും ഉഴുന്നും പാകത്തിന് അരച്ചെടുത്താൽ നല്ല പഞ്ഞിപോലുള്ള ഇഡ്ഡലി തയാറാക്കാവുന്നതാണ്. ഇപ്പോൾ ഇഡ്‍ഡലിയ്ക്കും ഒരുപാട് വെറൈറ്റികളുണ്ട്. രുചികരമായി തയാറാക്കാവുന്നവ ഏതൊക്കെയെന്ന് അറിയാം.
രണ്ടു കപ്പ് പച്ചരിയ്ക്കു ഒരു കപ്പ് ഉഴുന്ന് എന്ന അളവിൽ എടുത്ത് കുതിരാനായി ഇട്ടുവയ്ക്കാം. അതിനു മുൻപായി അഞ്ചോ ആറോ തവണ പച്ചരി കഴുകിയെടുക്കണം. ഉഴുന്ന് രണ്ടു തവണ മാത്രം കഴുകിയാൽ മതിയാകും. കൂടുതൽ തവണ കഴുകിയാൽ മാവ് പൊങ്ങാതെ വരാനിടയുണ്ട്. ഉഴുന്ന് കുതിരാനായി ഒഴിച്ച് വയ്ക്കുന്ന വെള്ളത്തിൽ തന്നെയാണ് മാവ് അരച്ചെടുക്കുന്നതു കൊണ്ടുതന്നെ നല്ല വെള്ളം ഒഴിച്ച് വയ്ക്കാൻ ശ്രദ്ധിക്കണം. ഉഴുന്നിനൊപ്പം കാൽ ടീസ്പൂൺ ഉലുവ കൂടി ഇട്ടുവെയ്ക്കാം. ആറുമണിക്കൂർ നേരമാണ് അരിയും ഉഴുന്നും കുതിർക്കാൻ വയ്‌ക്കേണ്ടത്. ഉഴുന്ന് ആറു മണിക്കൂറും ഫ്രിജിൽ സൂക്ഷിക്കണം. അരി അവസാനത്തെ ഒരു മണിക്കൂർ നേരം ഫ്രിജിൽ വച്ചതിനു ശേഷമാണ് അരച്ചെടുക്കേണ്ടത്.
ആറു മണിക്കൂറിനുശേഷം നല്ലതുപോലെ കുതിർന്ന ഉഴുന്നിലെ വെള്ളം മാറ്റി ഒരു പാത്രത്തിലൊഴിച്ചു വെയ്ക്കാം. ഈ വെള്ളം ഉഴുന്നും അരിയും അരച്ചെടുക്കുമ്പോൾ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കണം. ശേഷം രണ്ടു ഐസ് ക്യൂബ്‌സും കുറച്ചു വെള്ളവുമൊഴിച്ചു ഉഴുന്ന് അരച്ചെടുക്കാം. മൂന്നോ നാലോ ഐസ് ക്യൂബ്സും അര കപ്പ് ചോറും ഉഴുന്ന് കുതിർക്കാൻ വെച്ച വെള്ളവും കൂടിയൊഴിച്ചു അരിയും അരച്ചെടുക്കാം. അരി മാവും ഉഴുന്നും ഉപ്പ് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യണം. രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാനാണ് മാവ് അരക്കുന്നതെങ്കിൽ ആദ്യമേ ഉപ്പിട്ട് കൊടുക്കരുത്. മാവ് പെട്ടെന്ന് തന്നെ പുളിച്ചു പോകും. ഇനി ഒരു കുക്കറിൽ ഒരു തട്ട് വെച്ച് കൊടുത്ത് അതിലേയ്ക്ക് കുറച്ചു ചൂടുവെള്ളം ഒഴിച്ച് കൊടുക്കണം.തട്ട് മുങ്ങിക്കിടക്കുന്ന പോലെ ആകരുത് വെള്ളം. അതിലേയ്ക്ക് മാവ് ഇറക്കി വെച്ചതിനു ശേഷം കുക്കർ അടച്ചു വെയ്ക്കാം. ആറു മുതൽ എട്ടു മണിക്കൂർ സമയം വരെ കാത്തിരിക്കാം. അരി മാവ് നല്ലതു പോലെ പൊങ്ങി വന്നതായി കാണാം. ഇഡ്‌ഡലി തട്ട് നന്നായി ചൂടായതിനുശേഷം നല്ലെണ്ണ തടവി മാവ് കോരിയൊഴിച്ചു ചുട്ടെടുക്കാം
റവ ഇഡ്‍ഡലി
റവ കോട്ടൺ തുണിയിൽ പൊതിഞ്ഞു 10 മിനിറ്റ് ആവി കയറ്റി എടുത്തു വെള്ളമൊഴിച്ചു 4 മണിക്കൂർ കുതിരാൻ വയ്ക്കുക. ഉഴുന്ന് കഴുകി വെള്ളമൊഴിച്ചു 4 മണിക്കൂർ കുതിരാൻ വയ്ക്കുക. കുതിർന്ന ഉഴുന്ന് വെള്ളമൊഴിച്ചു അരച്ചെടുക്കുക.
വെള്ളം ഒഴിച്ചു വച്ചിരിക്കുന്ന റവ അരിപ്പയിൽ അരിച്ച് വെള്ളം കളഞ്ഞ് എടുക്കാം. ഉഴുന്നിനൊപ്പം ഈ റവ ചേർത്തരയ്ക്കുക. ഇതിൽ ഉപ്പു ചേർത്ത് മാവു നന്നായി യോജിപ്പിച്ചു 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. പൊങ്ങിയ മാവു ഇഡ്ഡലി പാത്രത്തിലൊഴിച്ചു ആവിയിൽ വേവിച്ചടുക്കുക
റാഗി ഇഡ്ഡലി
ഉഴുന്ന് നന്നായി കഴുകി ഒരു കപ്പ് വെള്ളത്തില്‍ രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കണം. ശേഷം കുതിർത്ത് വച്ച വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ചോറും അരച്ച് ചേർക്കുക.
ഇനി ഇതിലേക്ക് റാഗി പൊടിയും അര കപ്പ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് 8 -12 മണിക്കൂർ വരെ(തണുപ്പുള്ള സമയത്ത് കൂടുതല്‍ സമയം വേണ്ടി വരും) പൊങ്ങി വരാന്‍ മാറ്റി വയ്ക്കുക. ശേഷം ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഇഡ്ഡലിത്തട്ടില്‍ കോരിയൊഴിച്ചു 7-8 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.നല്ല മൃദുവായ റാഗി ഇഡ്ഡലി റെഡി.
ഓട്സ് ഇഡ്ഡലി
ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ഒന്ന് നന്നായി ചൂടാക്കുക. എന്നിട്ട് നല്ല മിനുസമായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക.
നന്നായി തണുത്ത ശേഷം അതിലേക്കു ഉപ്പ്, തൈര് എന്നിവ ചേർത്തിളക്കുക. അതിലേക്കു വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്തു ഒട്ടും കട്ട ഇല്ലാതെ ഇഡ്ഡലി മാവ് പരുവത്തിൽ കലക്കി എടുക്കുക. അതിലേക്കു ബേക്കിങ് സോഡാ കൂടി ചേർത്തിളക്കുക.
ഇഡ്ഡലി തട്ടിൽ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. നടുവിൽ അണ്ടിപരിപ്പ് വറുത്തതോ, പച്ചയോ ആയിട്ടു വച്ചു കൊടുക്കുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ചു തട്ട് ഇറക്കി വച്ചു ഒരു 15 – 20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ചട്ണി, സാമ്പാർ എന്നിവ കൂട്ടി കഴിക്കാം.
രാമശ്ശേരി ഇഡ്ഡലി
രാമശ്ശേരിക്കാർ ഇഡ്ഡലിച്ചെമ്പിൽ അല്ല ഇഡ്ഡലി പാകപ്പെടുത്തുന്നത്. മറിച്ച് മണ്‍കലത്തിന്റെ കഴുത്തു മാത്രമെടുത്ത് അതില്‍ നൈലോണ്‍ നൂല്‍ വല പോലെ പാകി കെട്ടി തട്ടുണ്ടാക്കി അതിനു മുകളിൽ വെളുത്ത തുണിക്കഷ്ണം നനച്ച് വിരിച്ച് അതില്‍ മാവ് കോരിയൊഴിച്ചാണ് ഇഡ്ഡലി പാകപ്പെടുത്തുന്നത്.
മൃദുവായതും ദോശപോലെ പരന്നതുമാണ് ഈ ഇഡ്ഡലി. ഇഡ്ഡലിയുണ്ടാക്കാന്‍ പൊന്നി അരി മാത്രമാണ് ഉപയോഗിക്കുക. സാധാരണ ഇഡ്ഡലി പോലെ ഇതു വൈകുന്നേരമാകുമ്പോഴേക്കും ചീത്തയാകില്ല. 24 മണിക്കൂര്‍ വരെ ഒരു കേടുപാടും രുചിവ്യത്യാസവുമില്ലാതെയിരിക്കും. ചേരുവകള്‍ക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നാണു രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ച് പലരും പറയുന്നത്.