നിങ്ങൾ ഇരുമ്പ് ചട്ടിയിലാണോ പാചകം ചെയ്യുന്നത്? ഇത് അറിയാതെ പോകരുത്
Mail This Article
ഇരുമ്പുചട്ടികളിൽ പാകം ചെയ്തു കഴിക്കുന്നത് ഗുണകരമാണെന്നതു കാലങ്ങളായി പറഞ്ഞു കേൾക്കുന്നതാണ്. മിക്ക വീടുകളിലും കാസ്റ്റ് അയണിൽ തീർത്ത ചീനച്ചട്ടികളും കടായികളുമൊക്കെയുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഇരുമ്പു പാത്രങ്ങളിൽ പാകം ചെയ്താൽ രുചിയിലും നിറത്തിലും ഘടനയിലും വരെ വ്യത്യാസം വരും. അങ്ങനെയുള്ളവ എന്തെല്ലാമാണെന്ന് നോക്കാം.
അസിഡിക് ഫൂഡ്‌സ്
അസിഡിക്, സിട്രിക് വിഭവങ്ങൾ ഇരുമ്പ് പാത്രങ്ങളിൽ പാകം ചെയ്താൽ രുചിവ്യത്യാസം അനുഭവപ്പെടും. കറികൾക്ക് ലോഹത്തിന്റെ രുചിയും നിറത്തിൽ മാറ്റവുമുണ്ടാകും. തുടർച്ചയായി പാകം ചെയ്താൽ കാലക്രമേണ പാനിന്റെ തിളക്കം കുറയാനും തുരുമ്പ് എടുക്കാനും നോൺ സ്റ്റിക് ശേഷി കുറയാനുമിടയുണ്ട്.
മൽസ്യവിഭവങ്ങൾ
മൽസ്യവിഭവങ്ങൾ ഇരുമ്പു പാനുകളിൽ പാകം ചെയ്താൽ അടിക്കു പിടിക്കാൻ സാധ്യതയുണ്ട്; പ്രത്യേകിച്ച് വറുത്തെടുക്കുമ്പോൾ. ചട്ടിയിൽനിന്ന് മുറിഞ്ഞു പോകാതെ മറിച്ചിടുക എന്നതും ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, ഇരുമ്പിന്റെ രുചി മൽസ്യങ്ങളിലേക്കു വ്യാപിക്കുവാനും യഥാർഥ രുചി നഷ്ടപ്പെടുവാനും സാധ്യതയുണ്ട്.
മുട്ടയും പാലുൽപന്നങ്ങളും
ഇരുമ്പു പാനുകളിൽ മുട്ടയും പനീർ പോലുള്ള പദാർഥങ്ങളും പാകം ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ഓംലെറ്റുകൾ തയാറാക്കുമ്പോഴും ക്രീമി സോസുകൾ ചേർത്ത വിഭവങ്ങൾ തയാറാക്കുമ്പോഴുമൊക്കെ ഇവ പാനിൽ ഒട്ടിപ്പിടിക്കാനിടയുണ്ട്. മാത്രമല്ല, എത്ര വൃത്തിയാക്കിയാലും ഇവയുടെ ഗന്ധം പാനിൽ നിൽക്കാനും സാധ്യതയുണ്ട്.
മസാലകൾ അധികമുള്ളവ
വിനാഗിരി, ചെറുനാരങ്ങനീര്, വാളൻപുളി എന്നിവയടങ്ങിയ ഭക്ഷണങ്ങൾ പാകം ചെയ്താൽ ആ വിഭവങ്ങളുടെ നിറത്തിൽ മാറ്റം വരുമെന്നു മാത്രമല്ല, പിന്നീട് ഭക്ഷണം പാകം ചെയ്യുമ്പോൾ അടിയിൽ പിടിക്കുകയും ചെയ്യും.
പച്ചക്കറികൾ
ഇലക്കറികൾ, കൂൺ എന്നിവ ഇരുമ്പു പാനിൽ എളുപ്പത്തിൽ ഒട്ടിപ്പിടിക്കാനും യഥാർഥ രുചിയും ഘടനയും നഷ്ടപ്പെടാനുമിടയുണ്ട്. ഇരുമ്പു പാത്രങ്ങളിൽ ചൂട് നല്ലതു പോലെ നിലനിൽക്കുമെന്നത് കൊണ്ടുതന്നെ പച്ചക്കറികൾ കൂടുതൽ വെന്തുപോകുകയും അരുചി തോന്നുകയും ചെയ്യാം.