ADVERTISEMENT

പുട്ടും പയറും, കഞ്ഞിയും പയറും, പയര്‍ പായസം എന്നിങ്ങനെ ചെറുപയര്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍ ഉണ്ട്. സസ്യാഹാരികള്‍ ഏറ്റവും കൂടുതല്‍ കഴിക്കേണ്ട പ്രോട്ടീന്‍ സ്രോതസ്സാണ് ചെറുപയര്‍. കൂടാതെ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കൊഴുപ്പിന്‍റെ അളവ് വളരെ കുറവായതിനാല്‍, ശരീരഭാരം കുറയ്ക്കാനോ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യമാണ് ചെറുപയര്‍. 

ചെറുപയര്‍ പുഴുങ്ങിയോ കറി വച്ചോ അല്ലെങ്കില്‍ മുളപ്പിച്ച് സാലഡ് ആക്കിയോ എല്ലാം കഴിക്കാറുണ്ട്. ഫിറ്റ്‌നസ് പ്രേമികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ചെറുപയര്‍ മുളപ്പിച്ചത്. പുഴുങ്ങി കഴിക്കുന്നതും മുളപ്പിച്ചു കഴിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

ചെറുപയര്‍ എങ്ങനെ ശരിയായി മുളപ്പിക്കാം?

നല്ല ഫ്രഷ്‌ ചെറുപയര്‍ എടുത്ത് ഒരു രാത്രി മുഴുവന്‍, അതായത് 8-10 മണിക്കൂർ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇത് ഒരു നേര്‍ത്ത മസ്ലിന്‍ തുണിയില്‍ കിഴി കെട്ടി വയ്ക്കുക. 8-10 മണിക്കൂർ കഴിയുമ്പോള്‍ ചെറിയ മുളകൾ ദൃശ്യമാകും.  16-18 മണിക്കൂറിനുള്ളിൽ ഇവ വലുതാകും. 

salad
Image Credit: Rupendra Singh Rawat/Istock

മുളപ്പിച്ച ചെറുപയർ കൊണ്ട് തോരൻ

മുളപ്പിച്ച ചെറുപയര്‍ വേവിക്കുന്നത് അതിന്‍റെ പോഷകമൂല്യം കുറയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ ഇത് പരമാവധി പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. അതല്ലെങ്കില്‍ പോഷകനഷ്ടം കുറയ്ക്കാന്‍ ആവിയില്‍ വേവിച്ചും കഴിക്കാം. 

moong-dal
Image Credit: Kondoruk/Istock

മുളപ്പിച്ച ചെറുപയര്‍ കൊണ്ട് തോരന്‍ ഉണ്ടാക്കാന്‍ ഇത് ആദ്യം ഒരു ഇഡ്ഡലിത്തട്ടില്‍ ആവി കയറ്റി വേവിക്കുക. ശേഷം അടുപ്പത്ത് ഒരു ചീനച്ചട്ടി വെച്ച് എണ്ണയൊഴിച്ച് കടുകും വറ്റല്‍മുളകും ഇടുക. ഇതിലേക്ക് തേങ്ങ ചിരവിയതും ഇട്ടു നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം നേരത്തെ വേവിച്ച ചെറുപയര്‍ ഇതിലേക്ക് ഇട്ടു ഇളക്കുക. രുചികരമായ മുളപ്പിച്ച ചെറുപയര്‍ തോരന്‍ റെഡി.

അറിയാം

മുളപ്പിക്കുമ്പോള്‍ ചെറുപയറിന്‍റെ പോഷകഗുണങ്ങള്‍ വര്‍ധിക്കുന്നു. ഇത് ദഹിക്കാൻ എളുപ്പമാണ്. ഇങ്ങനെ കഴിക്കുമ്പോള്‍ പോഷകങ്ങളുടെ ജൈവ ലഭ്യത വർദ്ധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ടാനിൻ, ഫൈറ്റേറ്റ്സ്, ലെക്റ്റിൻസ് തുടങ്ങിയ ആൻ്റിന്യൂട്രിയൻ്റുകൾ കുറയ്ക്കുന്നു.

Image Credit: Anna_Pustynnikova/shutterstock
Image Credit: Anna_Pustynnikova/shutterstock

കൂടാതെ, സാധാരണ ചെറുപയറിനേക്കാള്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയായതിനാല്‍, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകില്ല. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് വളരെ മികച്ച ഭക്ഷണമാണ് മുളപ്പിച്ച ചെറുപയര്‍. 

പോഷക സമൃദ്ധമായ മുളപ്പിച്ച ചെറുപയര്‍ സലാഡ്, ഏതുസമയത്തും കഴിക്കാം

ശരീരഭാരം കുറയ്ക്കാനും ധാരാളം പോഷകങ്ങള്‍ ലഭിക്കാനും ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയറുവർഗങ്ങൾ ചേര്‍ത്ത സലാഡ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ടിവി കാണുമ്പോള്‍ വെറുതെ കൊറിക്കാനോ ഒക്കെ വളരെ നല്ലതാണ്‌ ആൻറി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഈ സലാഡുകള്‍.

•  ചെറുപയര്‍ - 1/2 കപ്പ്
•  ഉപ്പ് - ആവശ്യത്തിന്‌
•  മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
•  വെള്ളം - ആവശ്യത്തിന്‌
•  സവാള - 1 ഇടത്തരം
•  തക്കാളി - 1 ഇടത്തരം
•  കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
•  നാരങ്ങാനീര്‌ - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

•  ചെറുപയര്‍ നന്നായി കഴുകി കുതിര്‍ത്തെടുത്ത ശേഷം മുളപ്പിക്കുക. അതിനുശേഷം ആവശ്യത്തിന്‌ ഉപ്പും ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വേവിക്കുക.

healthy-salad

•  സവാളയും തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ഉപ്പുചേര്‍ത്തിളക്കി വേവിച്ച് മാറ്റിവച്ച ചെറുപയറും കുരുമുളകുപൊടിയും നാരങ്ങാനീരും കൂടി ചേര്‍ത്തു പതുക്കെ യോജിപ്പിച്ചെടുത്താല്‍ അത്യന്തം പോഷകസമൃദ്ധമായ മുളപ്പിച്ച ചെറുപയര്‍ സലാഡ് റെഡി!(പാചകക്കുറിപ്പ്: ദീപ)

English Summary:

sprouted vs Boiled Moong Dal Which is Healthier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com