ADVERTISEMENT

എണ്ണയില്ലാതെ ഉണ്ടാക്കുന്ന കറികളും മറ്റുമെല്ലാം ഈയിടെ ട്രെന്‍ഡായിക്കൊണ്ടിരിക്കുകയാണ്. കൂടുതലാളുകള്‍ ഫിറ്റ്‌നെസ് ശ്രദ്ധിച്ചു തുടങ്ങിയതോടെ, കൊഴുപ്പ് കൂടുതലുള്ള എണ്ണ പോലുള്ള വസ്തുക്കളില്‍ നിന്നും അകന്നു നില്‍ക്കാനുള്ള ഒരു പ്രവണത കൂടി വരുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ആരോഗ്യകരമാണ്?

സ്ഥിരമായി സാലഡ് കഴിക്കുന്നവരാണ്‌ മിക്കവരും. നല്ല കൊഴുപ്പുകള്‍ നിറഞ്ഞ ഡ്രസിങ് ഇല്ലാതെ സാലഡ് കഴിക്കുന്നത് അത്ര എളുപ്പമല്ല. രുചിയില്ലാത്തതിനാല്‍ പെട്ടെന്ന് മടുക്കും. കൂടാതെ ചീരയില, മുരിങ്ങയില മുതലായ ഇലക്കറികളും ഇങ്ങനെ ആളുകള്‍ എണ്ണ കൂടാതെ വേവിച്ച് കഴിക്കാറുണ്ട്. പഠനങ്ങള്‍ അനുസരിച്ച് ഇലക്കറികള്‍ കഴിക്കുന്നതിനുള്ള വളരെ തെറ്റായ ഒരു രീതിയാണ് അത്.

അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇതേക്കുറിച്ച് നടത്തിയ ഒരു ഗവേഷണത്തിന്‍റെ ഫലങ്ങള്‍ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചു. 

nadan-cheera-thoran

പ്രായപൂർത്തിയായ 12 സ്ത്രീകൾ അവരുടെ സാലഡ് ചേരുവകൾക്കൊപ്പം സോയാബീൻ ഓയിൽ കഴിക്കുമ്പോൾ, അവരുടെ ശരീരത്തിന് ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ ഉൾപ്പെടെ എട്ട് പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തി. എണ്ണയോ കൊഴുപ്പോ ഇല്ലാതെ കഴിക്കുമ്പോള്‍ ഉള്ളതിന്‍റെ ഇരട്ടി പോഷകങ്ങള്‍ ഈ സമയത്ത് അവര്‍ ആഗിരണം ചെയ്യുന്നതായും ഗവേഷകര്‍ കണ്ടെത്തി.

എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകള്‍ കൊഴുപ്പില്‍ ലയിക്കുന്നവയാണ്. എണ്ണയോ കൊഴുപ്പുള്ള മറ്റു വസ്തുക്കളോ ഇല്ലാതെ ഇവ ശരീരത്തിന് ആഗിരണം ചെയ്യാനാവില്ല. 

മുരിങ്ങയിലയും മറ്റും തോരന്‍ വയ്ക്കുമ്പോള്‍ ധാരാളം തേങ്ങ ഇടണം എന്ന് പണ്ടുള്ളവര്‍ പറയുന്നതിന് പിന്നിലും ഇതേ യുക്തി തന്നെയാണ് ഉള്ളത്. തേങ്ങയിലെ കൊഴുപ്പ്, ഇലകളിലെ പോഷകങ്ങളുടെ പരമാവധി ആഗിരണം സാധ്യമാക്കുന്നു.

ചീര വാടാതെ ഫ്രെഷായി വയ്ക്കാൻ ഇതു ശ്രദ്ധിക്കൂ

ചീരയുടെ ഇലകൾ വാടാതിരിക്കാനായി വെള്ളം തളിച്ച് വയ്ക്കുന്ന ശീലം ചിലരിലെങ്കിലുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് തന്നെ ഇലകൾ ഉപയോഗശൂന്യമാക്കും. അതുകൊണ്ടുതന്നെ ഇലകളിൽ ജലാംശം ഒട്ടും തന്നെയുമില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സൂക്ഷിക്കാം. അതിനു മുൻപായി ഇലകൾ സൂക്ഷമമായി പരിശോധിച്ച് നല്ലതല്ലാത്തവ ഒഴിവാക്കണം. ഒരു വൃത്തിയുള്ള തുണിയോ, ടവലോ ഉപയോഗിച്ച് ചീരയിലകൾ പൊതിഞ്ഞതിനു ശേഷം ഫ്രിജിനുള്ളിലായി വയ്ക്കാം. ഇലകളുടെ പുതുമ ഒട്ടും തന്നെയും നഷ്ടപ്പെടുകയില്ല

Representative Image. Photo Credit : Yodaswaj / iStockPhoto.com
Representative Image. Photo Credit : Yodaswaj / iStockPhoto.com

ചീര വാങ്ങിയതിന് ശേഷം അതിലെ കേടുള്ള ഇലകൾ നീക്കം ചെയ്യണം. തണ്ടുകൾ മുറിച്ചു ചെറുതാക്കിയതിനു ശേഷം ഇലകൾ ഒരു പത്രക്കടലാസിൽ പൊതിഞ്ഞെടുക്കാം. തുടർന്ന് ഒരു സിപ് ലോക്ക് ബാഗിലേയ്ക്ക് ഈ പൊതി മാറ്റാവുന്നതാണ്. കവറിനുള്ളിൽ ഒട്ടും തന്നെയും വായു ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രം കവർ അടക്കേണ്ടത്. ഇനി ഫ്രിജിലെ തണുപ്പുള്ള ഭാഗത്ത് സൂക്ഷിക്കാം. ഒരാഴ്ച്ച വരെ ഇലകൾ കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും.

Image Credit: Santhosh Varghese/shutterstock
Image Credit: Santhosh Varghese/shutterstock

ചീരയിലകൾ ഉപയോഗശൂന്യമായി പോകാതെയിരിക്കാൻ വായു കടക്കാത്ത പാത്രങ്ങളിലാക്കി വയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇലകൾ കഴുകരുത് എന്നതാണ്. തണ്ടുകൾ ചെറുതാക്കി മുറിച്ച്  ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞതിനു ശേഷം വേണം വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി അടച്ചുവയ്ക്കാൻ. ഇങ്ങനെ ചെയ്യുക വഴി കൂടുതൽ ദിവസങ്ങൾ ഇലകൾ കേടുകൂടാതെയിരിക്കും.

ആപ്പിൾ, വാഴപ്പഴങ്ങൾ, കിവി തുടങ്ങിയവയിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചു മാത്രം ചീര ഇലകൾ സൂക്ഷിക്കണം. പഴങ്ങൾ പഴുക്കുന്നതിനു സഹായിക്കുന്ന എഥിലീൻ ഇവയിൽ നിന്നും പുറത്തു വരും. ചീരയിലകളുടെ പുതുമ ഒട്ടും തന്നെയും നഷ്ടപ്പെടാതിരിക്കണമെങ്കിൽ വായു കടക്കാത്ത പാത്രങ്ങളിലാക്കിയ ഇലകൾ എഥിലീൻ പുറത്തുവിടുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സമീപത്തു നിന്നും മാറ്റി വയ്‌ക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇലകൾ ഉപയോഗശൂന്യമായി പോകാനിടയുണ്ട്.

English Summary:

ഇലക്കറികള്‍ എണ്ണയില്ലാതെ കഴിക്കരുതേ... കാരണമിതാണ്! | The Ultimate Guide to Cooking Leafy Vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com