ADVERTISEMENT

Read In English

നിറയെ കായ്ച്ചു നിൽക്കുന്ന പറമ്പിലെ പ്ലാവും മാവുമാണ് മധ്യവേനൽ അവധിക്കാലത്തിന്റെ വരവ് വിളിച്ചറിയിക്കാറ്. കുട്ടികൾക്ക് മധുരവും പുളിയും നിറഞ്ഞ ദിനങ്ങളുടെ ഉത്സവം കൂടിയാണ് മാർച്ചിൽ തുടങ്ങി മെയിൽ അവസാനിക്കുന്ന ആ കാലം. വീട്ടിലെ അടുക്കളയിൽ ചക്കയുടെയും മാങ്ങയുടെയും പല തരം വിഭവങ്ങൾ നിറയും. ഇടിച്ചക്ക തോരനിൽ നിന്നാണ് വിഭവങ്ങളുടെ തുടക്കം. ചക്ക പുഴുങ്ങിയതും ചക്കക്കുരു തോരനും മാങ്ങയും ചക്കക്കുരുവും ചേർത്ത കറിയും, മാമ്പഴ പുളിശ്ശേരിയും എന്നുവേണ്ട വൈവിധ്യമാർന്നതും രുചികരവുമായ നിരവധി വിഭവങ്ങൾ ആ കാലത്തു മാത്രം തങ്ങളുടെ രുചി വൈവിധ്യം വിളിച്ചറിയിക്കും.

ularthu-jackfruit

അണ്ണാറക്കണ്ണനും പലതരം പക്ഷികളും മാമ്പഴക്കാലത്തിന്റെ രുചി നുകരും. മഴക്കാലത്തിന്റെ വരവോടെ ഒരു മധുരോത്സവത്തിനു കൂടി കൊടിയിറക്കമാകും. എങ്കിലും അടുക്കളയിലെ പച്ചക്കറിമുറത്തിലെ ചക്കക്കുരുവിനു മാത്രം കുറച്ചു നാളുകളുടെ ആയുസ് കൂടി നീട്ടിക്കിട്ടും. ആ ചക്കക്കുരു ഉപയോഗിച്ച് നല്ലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കി, പെരുമഴയത്ത് ചൂട് കഞ്ഞി കുടിക്കണം. ഹാ! വായിലും രുചിയുടെ പെരുമഴക്കാലം നിറയും. ചക്കക്കുരു മെഴുക്കുപുരട്ടി എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചക്കക്കുരു മെഴുക്കുപുരട്ടി തയാറാക്കാം

ചക്കക്കുരു തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞത് - രണ്ടു കപ്പ്
മഞ്ഞൾ പൊടി - അര ടീസ്പൂൺ 
വെളിച്ചെണ്ണ - രണ്ടു ടേബിൾ സ്പൂൺ 
കടുക് - ഒരു ടീസ്പൂൺ 
വെളുത്തുള്ളി - 10 അല്ലി 
ചുവന്നുള്ളി - 10 എണ്ണം 
കറിവേപ്പില - രണ്ടു തണ്ട് 
ഉണക്കമുളക് - നാലെണ്ണം 
ഗരംമസാല - രണ്ടു ടീസ്പൂൺ 
കുരുമുളക് പൊടി - ഒരു ടീസ്പൂൺ 
വെള്ളം - ഒന്നര കപ്പ് 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ വെള്ളം നല്ലതുപോലെ തിളപ്പിക്കാം. അതിലേക്ക് ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തുകൊടുത്തതിന് ശേഷം ചക്കക്കുരു കൂടിയിട്ട് അടച്ചുവച്ചു വേവിച്ചെടുക്കാം. ചക്കക്കുരു വെന്തുകഴിയുമ്പോൾ വെള്ളത്തിൽ നിന്നും മാറ്റാവുന്നതാണ്. ഒരു പാൻ ചൂടാക്കി അതിലേക്കു രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുകു കൂടി ചേർക്കാം. കടുക് പൊട്ടിക്കഴിയുമ്പോൾ ചതച്ച വെളുത്തുള്ളി, ചുവന്നുള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ പാനിലേക്കിട്ടു നല്ലതു പോലെ മൂപ്പിക്കണം. ഇനി രണ്ടു ടീസ്പൂൺ ഗരം മസാലയും കുരുമുളകു പൊടിയും കൂടി ചേർക്കാവുന്നതാണ്. വേവിച്ചു വച്ച ചക്കകുരുക്കൾ കൂടി ഈ കൂട്ടിലേക്ക്‌ ചേർത്ത് നന്നായി മിക്സ് ചെയ്യുന്നതോടെ സ്വാദിഷ്ടമായ ചക്കക്കുരു മെഴുക്കുപുരട്ടി തയാറായി കഴിഞ്ഞു. കുറച്ചു സമയം കൂടി ചെറുതീയിൽ വച്ച് നല്ലതുപോലെ മൊരിയിച്ചെടുക്കാൻ മറക്കരുതേ.

English Summary:

Chakkakuru Ularthu Jackfruit Stir Fry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com