ശ്രീലങ്കൻ സ്വീറ്റ് ലാവരിയ, ഇടിയപ്പം പോലൊരു പലഹാരം
Mail This Article
ശ്രീലങ്കൻ ലാവരിയ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം നമുക്കു വളരെയധികം പ്രിയപ്പെട്ട മറ്റൊരു പലഹാരത്തിന്റെ മുഖച്ഛായ തോന്നിപ്പോകും, കാരണം ഇടിയപ്പം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി അതിനുള്ളിൽ ഇലയടയുടെ മിക്സ് വച്ചു മഞ്ഞളിന്റെ ഇലയിൽ മടക്കി തയാറാക്കുന്ന വിഭവമാണിത്.
ചേരുവകൾ
- അരിപ്പൊടി - 2 കപ്പ്
- ഉപ്പ് - 1 സ്പൂൺ
- എണ്ണ - 4 സ്പൂൺ
- ശർക്കര - 200 ഗ്രാം
- തേങ്ങ - 1/2 മുറി തേങ്ങ ചിരകിയത്
- ഏലയ്ക്ക - 1 സ്പൂൺ
- മഞ്ഞളിന്റെ ഇല - 4 എണ്ണം
- വെള്ളം - 2 ഗ്ലാസ്
- ചെറുപയർ പരിപ്പ് - 1 ഗ്ലാസ്സ്
തയാറാക്കുന്ന വിധം
ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു കുറച്ചു വെള്ളമൊഴിച്ച് അത് നന്നായിട്ട് അലിഞ്ഞു കഴിയുമ്പോൾ, അതിലേക്കു തേങ്ങയും ഏലക്ക പൊടിയും ചേർത്തു നന്നായിട്ടു യോജിപ്പിച്ച് എടുക്കുക. അതിലേക്കു വേവിച്ചു വച്ചിട്ടുള്ള ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് എല്ലാം യോജിപ്പിച്ചു നല്ല കട്ടിയിലാക്കി എടുത്തു മാറ്റിവയ്ക്കുക.
ഇടിയപ്പത്തിന്റെ മാവ് ഒരു പാത്രത്തിലേക്ക് ഇട്ട്, ഉപ്പും എണ്ണയും തിളച്ച വെള്ളവും ഒഴിച്ചു കുഴച്ചെടുത്തു ഇടിയപ്പത്തിനു കുഴയ്ക്കുന്നതു പോലെ കുഴച്ച് ഇടിയപ്പത്തിന്റെ അച്ചിലേക്കു നിറച്ചു കൊടുത്തതിനു ശേഷം, മഞ്ഞളിന്റെ ഇല നന്നായി കഴുകി വൃത്തിയാക്കി അതിലേക്കു കുറച്ച് എണ്ണ തടവിയതിനുശേഷം ഇടിയപ്പത്തിനു പിഴിയുന്ന പോലെ ഇതിലേക്കു പിഴിഞ്ഞൊഴിച്ചു തയാറാക്കി വച്ചിട്ടുള്ള മധുരം ഇതിനുള്ളിലേക്കു വച്ചുകൊടുത്ത് ഇല കൊണ്ട് തന്നെ മടക്കി, ഇഡ്‌ഡലി പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. മഞ്ഞളിന്റെ ഇലയുടെ ഗുണവും മണവും ഒക്കെ ഈ വിഭവത്തിന് ഉണ്ട്.
Content Summary : Lavariya, a Srilankan sweet dumpling.