വളരെ എളുപ്പത്തിൽ ഹോംമെയ്ഡ് ഡാർക്ക് ചോക്ലേറ്റ്
Mail This Article
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റ് വീട്ടിൽ തയാറാക്കിയാലോ! വളരെ കുറച്ചു ചേരുവകൾ മതി, ഹോംമെയ്ഡ് ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കാം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ഉണ്ടാക്കുന്നതിനാൽ, ചോക്ലേറ്റ് ചോദിച്ചു വാശിപിടിക്കുന്ന കുട്ടികുറുമ്പുകൾക്ക് ഇത് ധൈര്യമായി നൽകാം.
ചേരുവകൾ
- നെയ്യ് - 4 ടേബിൾസ്പൂൺ
- പൊടിച്ച പഞ്ചസാര - ½ കപ്പ്
- ഉപ്പ് - ഒരു നുള്ള്
- കൊക്കോ പൊടി - 20 ഗ്രാം
- വാനില എസൻസ് - ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഡബിൾ ബോയിലർ രീതി ഉപയോഗിച്ചു നെയ്യ് ഉരുക്കി എടുക്കണം. (ഇങ്ങനെ ചെയ്യുമ്പോൾ മുകളിലെ പാത്രം വെള്ളത്തിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കണം). ഇനി പൊടിച്ച പഞ്ചസാര ചേർത്തു നന്നായി അലിയുന്നതു വരെ ഇളക്കി കൊടുക്കാം. ഇതിലേക്ക് ഒരു നുള്ള് ഉപ്പു കൂടി ചേർത്തു കൊടുക്കാം. ഇനി കൊക്കോ പൊടി കുറേശ്ശെയായി ചേർത്തു നന്നായി യോജിപ്പിക്കുക. ഇത് ഒഴുകുന്ന പരുവം ആകുന്നതു വരെ ഇളക്കി കൊടുക്കണം. ഇനി തീ ഓഫ് ചെയ്യാം.
ഇതിലേക്കു ¼ ടീസ്പൂൺ വാനില എസൻസു കൂടി ചേർത്ത് ഇളക്കിയെടുക്കാം. ചൂട് അല്പം ഒന്നു വിട്ടശേഷം ഇഷ്ടമുള്ള മോൾഡിൽ ഒഴിച്ചു കൊടുക്കാം. ഇത് നന്നായി ചൂടാറിയ ശേഷം 2-3 മണിക്കൂർ ഫ്രീസറിൽ വച്ചു തണുപ്പിച്ച് എടുക്കാം. ഹോം മെയ്ഡ് ഡാർക്ക് ചോക്ലേറ്റ് തയ്യാറായിക്കഴിഞ്ഞു. ഇത് ഫ്രിജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം, അല്ലെങ്കിൽ പെട്ടെന്ന് ഉരുകിപ്പോകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• ചേരുവകൾ യോജിപ്പിക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു പാത്രം എടുക്കുക.
• പഞ്ചസാര നന്നായി ഇളക്കി പൂർണ്ണമായും ഉരുകാൻ അനുവദിക്കുക, ഇല്ലെങ്കിൽ, ചോക്ലേറ്റിന് ശരിയായ രുചി ലഭിക്കില്ല.
Content Summary : Easy dark chocolate recipe without coconut oil.