ADVERTISEMENT

ഉച്ചയൂൺ ഗംഭീരമാക്കാൻ മീനും ഇറച്ചിയും ഒന്നും വേണ്ട, രണ്ട് പച്ചക്കായ മാത്രം മതി. പച്ചക്കായയിൽ ഒരു പ്രത്യേക തരം  ഫൈബർ അടങ്ങിയിരിക്കുന്നു. അത് മാത്രമല്ല വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടവും കൂടിയാണിത്. ആന്റിഓക്‌സിഡന്റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഇതിന് കഴിയും. പച്ചക്കായയിൽ വിറ്റാമിൻ ബി 6 ഉള്ളത് കൊണ്ട് ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ഇതുപോലൊരു പച്ചക്കായ കറിയുണ്ടെങ്കിൽ ആരായാലും ഒരു പറ ചോറ് കഴിച്ചു പോകും. വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയാറാക്കാമെന്നു നോക്കാം 

 

ചേരുവകൾ 

 

•പച്ചക്കായ - 2 

•ചെറിയ ഉള്ളി അരിഞ്ഞത്  - ഒരു കപ്പ് 

•ഇഞ്ചി അരിഞ്ഞത് - 1  ടേബിൾ സ്പൂൺ 

•വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 

•പച്ചമുളക് - 4 

• കറിവേപ്പില കുറച്ച് 

•മഞ്ഞൾപൊടി - 1/2 ടീസ്പൂൺ •മുളകുപൊടി - 1/2  ടീസ്പൂൺ 

•ആവശ്യത്തിന് ഉപ്പ് 

 

അരപ്പിന് ആവശ്യമായ ചേരുവകൾ 

 

•തേങ്ങ ചിരവിയത്  - 1/2  കപ്പ്

•ചെറിയ ഉള്ളി  - 15 എണ്ണം 

•മല്ലിപ്പൊടി - 3/4  ടേബിൾസ്പൂൺ •മഞ്ഞൾപ്പൊടി  - 1/2  ടീസ്പൂൺ •കുരുമുളകുപൊടി - 1/4 ടീസ്പൂൺ •കാശ്മീരി മുളകുപൊടി - 1 ടേബിൾ സ്പൂൺ 

•വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 

 

താളിക്കാൻ ആവശ്യമായ ചേരുവകൾ

 

• വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 

•കടുക്  - 1  ടീസ്പൂൺ 

•ചെറിയ ഉള്ളി അരിഞ്ഞത്  - രണ്ട് ടേബിൾ സ്പൂൺ 

•കുറച്ച് കറിവേപ്പില 

•ഉണക്കമുളക് - 4

 

തയാറാക്കുന്ന വിധം 

 

ഒരു പാൻ അടുപ്പത്ത് വച്ച് അതിനകത്തേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. അതിനുശേഷം 15 ചെറിയ ഉള്ളി ഇട്ടു ചെറുതായിട്ടൊന്ന് വഴറ്റിക്കൊടുക്കുക. ഏകദേശം ബ്രൗൺ കളർ ആകുമ്പോൾ അര കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കാം. എല്ലാം കൂടെ കുറച്ചു വഴന്നു കഴിയുമ്പോൾ പൊടികൾ ഇട്ടുകൊടുക്കാം. മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ഇത്രയും ഇട്ടുകൊടുക്കുക.  പൊടികളും തേങ്ങയും ഉള്ളിയും എല്ലാം കൂടെ ചേർന്ന് ഒന്നുംകൂടി വഴറ്റി കൊടുക്കുക. നല്ലപോലെ വഴന്നു വന്നാൽ ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ മാറ്റിവയ്ക്കാം. ചൂടാറിയതിനു ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഇത് നല്ല പേസ്റ്റ് ആയിട്ട് അരച്ചെടുക്കണം.

 

ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിനകത്തേക്ക് മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കാം. അതിനുശേഷം കഴുകി വൃത്തിയാക്കിയ പച്ചക്കായ ഇതിനകത്തേക്ക് അരിഞ്ഞിട്ടു കൊടുക്കാം. ശേഷം ഒരു മൺചട്ടി അടുപ്പത്ത് വച്ച് അതിനകത്തേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക അതിനുശേഷം നേരത്തെ അരിഞ്ഞുവച്ച ചെറിയ ഉള്ളി, ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവയും കുറച്ചു കറിവേപ്പിലയും കൂടെ ഇട്ട് ചെറുതായി വഴറ്റുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ഇട്ടുകൊടുക്കാം. ഒന്നുകൂടെ വഴന്നു കഴിയുമ്പോൾ നമ്മൾ അരിഞ്ഞുവെച്ച പച്ചക്കായ കൂടെ ചേർത്തു കൊടുക്കാം. ഇതിനകത്തേക്ക് പച്ചക്കായ വേവാൻ ആവശ്യമായ അരക്കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം.  ചട്ടി അടച്ചുവച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്ത് പച്ചക്കായ അടിപിടിക്കാതെ വേവിച്ചെടുക്കുക.

 

നേരത്തെ മൂപ്പിച്ചുവെച്ച തേങ്ങ നല്ല പേസ്റ്റാക്കി അരച്ചെടുത്ത് പച്ചക്കായ വെന്തതിലേക്ക് ഇട്ടു കൊടുക്കാം. കുറച്ച് വെള്ളം കൂടി ഒഴിച്ചുകൊടുക്കുക. നല്ല കുറുകിയ പാകത്തിൽ ഇത് തിളപ്പിച്ച് മാറ്റിവയ്ക്കാം. ഇനി ഇതിലേക്ക് താളിക്കാൻ ആയിട്ട് മറ്റൊരു ചീനച്ചട്ടി അടുപ്പിൽ വയ്ക്കാം. അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടി വരുമ്പോൾ കറിവേപ്പിലയും ചെറിയ ഉള്ളിയും വറ്റൽ മുളകും ഇട്ടുകൊടുത്ത് ബ്രൗൺ കളർ ആകുമ്പോൾ ഇത് കറിയിലേക്ക് ഒഴിച്ചുകൊടുത്ത് അടച്ചു വയ്ക്കാം. അല്പസമയം കഴിഞ്ഞതിനു ശേഷം കറി വിളമ്പാം. സ്വാദിഷ്ടമായ പച്ചക്കായ കറി തയാർ. 

English Summary: Kerala Plantain Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com