ഇങ്ങനെ ചെയ്യൂ, ഒരു മാസം വരെ കേടാകില്ല! ചോറിന് ബെസ്റ്റാണ് ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി
Mail This Article
ഉണക്ക ചെമ്മീൻ മാങ്ങയും മുരിങ്ങക്കായും ചേർത്ത കറിയായും ഉണക്ക ചെമ്മീൻ ചമ്മന്തിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. ചൂടു ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണിത്. ചിലർക്ക് ഉണക്ക ചെമ്മീൻ വായു സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാലും രുചിയിൽ ഇവൻ കേമൻ തന്നെയാണ്. എളുപ്പത്തിൽ ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി തയാറാക്കിയാലോ?
ഇൗസിയാണ്.
ചേരുവ
ഉണക്ക ചെമ്മീൻ- 1 കപ്പ്
തേങ്ങ ചിരകിയത്- 2 കപ്പ്
ഉണക്ക മുളക്- 8 എണ്ണം
ചെറിയ ഉള്ളി- 1 കപ്പ്
കറിവേപ്പില - 2 തണ്ട്
പുളി - ഒരു ചെറിയ നാരങ്ങ വലുപ്പം
തയാറാക്കുന്ന വിധം
ഉണങ്ങിയ ചെമ്മീൻ കഴുകി വറുത്തെടുക്കുക. ചെമ്മീൻ നന്നായി വറുത്തുകഴിഞ്ഞാൽ അത് ഒരു പ്ലേറ്റിലേക്ക് മാറ്റാം. അതേ പാനിൽ തേങ്ങ ചേർത്ത് ഉയർന്ന തീയിൽ 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക. തേങ്ങ ഇളം തവിട്ടുനിറമാകുന്നതുവരെ കുറഞ്ഞ തീയിൽ വറുത്തെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും പുളിയും ചേർത്ത് 2-3 മിനിറ്റ് വഴറ്റുക.
തീ ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്ക് മാറ്റി തണുക്കാൻ അനുവദിക്കുക. വറുത്ത െഎറ്റംസ് ഒരുമിച്ച് കലർത്തി ഒരു മിക്സി ജാറിലേക്ക് മാറ്റാം. മിക്സി പൾസ് ചെയ്ത് മിശ്രിതം തരുതരുപ്പായി പൊടിച്ച് എടുക്കാം. ഇത് നന്നായി തണുത്തതിനു ശേഷം വൃത്തിയുള്ളതും ഉണങ്ങിയതുമായ പാത്രത്തിലേക്ക് മാറ്റാം. ഒരു മാസത്തിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയും.
English Summary: Unakka Chemmeen Chammanthi podi