ADVERTISEMENT

പോഷക സമൃദ്ധവും രുചികരവും ആണെന്നു മാത്രമല്ല സൂപ്പിന്റെ ജനപ്രീതിക്കു കാരണം. പാകം ചെയ്യാനും വിളമ്പാനും എളുപ്പം. വേഗത്തിൽ ദഹിക്കുകയും ചെയ്യും. സൂപ്പ് ആദ്യകാലങ്ങളിൽ സാധാരണക്കാരുടെയും രോഗികളുടെയും ഭക്ഷണമായിരുന്നെങ്കിൽ ഇന്നത് രാജകീയമായ ഭക്ഷ്യവസ്‌തുവാണ്. ഇപ്പോൾ വിരുന്നുകൾ ആരംഭിക്കുന്നതു തന്നെ സൂപ്പിൽ നിന്നാണ്. അഥവാ വിരുന്നുകളിൽ സൂപ്പാണ് ഇന്ന് സ്‌റ്റാർട്ടർ. ദഹനത്തെ ഉത്തേജിപ്പിക്കുന്ന അപ്പിറ്റെസറാണ് സൂപ്പ്. പ്രധാന ഭക്ഷണത്തിന് അകമ്പടിയേറ്റുന്ന സൂപ്പ്, വയറിനെ വലിയൊരു വിരുന്നിന് ഒരുക്കിയെടുക്കും. പെട്ടെന്ന് ദഹിക്കുന്ന വസ്തു എന്ന നിലയിൽ കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരെ സംബന്ധിച്ച് സൂപ്പ് ഒന്നാമനാണ്. പ്രത്യേകിച്ച് രോഗികൾക്ക് അത്യുത്തമം. ദ്രാവക രൂപത്തിലുള്ള ഇതിലെ പച്ചക്കറികളും മാംസവും ശരീരം വേഗം ആഗിരണം ചെയ്യും. ശരീരത്തിന്റെ വണ്ണം കൂട്ടാത്ത ഭക്ഷണം എന്ന പ്രത്യേകത സൂപ്പിനുണ്ട്. പോഷകാഹാര സമൃദ്ധമെങ്കിലും അമിത ക‌ാലറി നൽകാത്ത ഭക്ഷണമാണ് സൂപ്പ്. 

വയറു നിറഞ്ഞു എന്ന തോന്നൽമൂലം അമിതമായി ആഹാരം കഴിക്കാൻ സൂപ്പ് സമ്മതിക്കില്ല. ഇത് അമിതവണ്ണം തടയ‌ും. കാരണം വയറിനുള്ളിലെ പേശികളെ വലിച്ചു നിവർത്താനുള്ള കഴിവ് ഇത്തരം ഭക്ഷണങ്ങൾക്കുണ്ട്. ധാന്യങ്ങൾ വറുത്തരച്ച് അവ ദഹിക്കുന്ന പരുവത്തിൽ വെള്ളവുമായി ചേർത്ത് പേസ്റ്റ‌് രൂപത്തിലാക്കി അതിലേക്ക് മുട്ടയോ ഇറച്ചിയോ മത്സ്യമോ പച്ചക്കറികളോ ചേർത്ത് തിളപ്പിച്ച് തയാറാക്കുന്ന സൂപ്പുകളിൽ വിറ്റാമിന്റെയും മറ്റ് പോഷക വസ്‌തുക്കളു‌ം ഏറെയുണ്ടാകും.

പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികളെ കഴിപ്പിക്കാൻ രുചികരമായ സൂപ്പ് എങ്ങനെ തയാറാക്കാമെന്നു നോക്കാം

ചേരുവകൾ 

  • കാരറ്റ് – 1
  • ഉരുളക്കിഴങ്ങ് – 1 
  • ബീൻസ് – 5
  • തക്കാളി – 1
  • മത്തങ്ങ – 1 ചെറിയ കഷ്ണം
  • സവാള – 1 വലുത്
  • വെള്ളരിക്ക – 1 ചെറിയ കഷ്ണം
  • വെളുത്തുള്ളി – 2

പാചകരീതി

∙ പച്ചക്കറികൾ അരിഞ്ഞ് രണ്ടു കപ്പ് വെള്ളം ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.

∙ വെന്തശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കാം.

∙ ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വാങ്ങാം.

വേവിച്ചെടുത്ത മക്രോണിയും ന്യൂഡിൽസും ഈ സൂപ്പിലേക്കു ചേർത്താൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഹെൽത്തി സൂപ്പർ സൂപ്പ് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com