ADVERTISEMENT

ഗൃഹാതുരത്വമുണർത്തുന്ന ഒരു പാട് ഓർമ്മകളുമായി ഓണം ഇങ്ങെത്തി. ഓണക്കോടി ഉടുക്കാനൊരുങ്ങുന്ന മലയാളി മനസിനൊപ്പം ഇതുവരെ മിഴിതുറക്കാത്ത പൂക്കളും മാവേലിയെ കാണാൻ മിഴിതുറന്നു. കളഞ്ഞുപോയ കൗമാരവും തിരിച്ചുകിട്ടാത്ത ബാല്യവും  കൂടയിലാക്കി, തുമ്പപ്പൂവും  കാക്കപ്പൂവും പറിക്കാൻ തൊടിയിലേക്കിറങ്ങുന്ന, ഓണത്തപ്പനെ ഇഷ്ടിക അരച്ചു ചുവപ്പിക്കുന്ന, കുരുത്തോല കെട്ടുന്ന ഓണക്കാലം. ഉത്രാടമുറ്റത്തെ ഇഷ്ടിക തറ മിനുക്കി ഏഴര വെളുപ്പിന്‌ കുളിച്ചീറൻ മാറി, തേങ്ങ ഉടച്ച്, അരിപ്പൊടി കൊണ്ടലങ്കരിച്ച്, പൂക്കൾ വിതറി, ആർപ്പോ വിളിച്ച്, ഓണത്തപ്പന്‌ പാതയൊരുക്കുന്ന അച്ഛനും  പൂവടയൊരുക്കുന്ന അമ്മയും, ഓർമ്മകളിൽ നിറയുമ്പോൾ, ഇന്നിന്റെ ഓണത്തിരക്കിൽ അലിയാൻ ഓരോ വീട്ടമ്മമാരും ഒരുങ്ങുന്നു.

എവിടെയോ നാം മറന്നു വച്ച ഓണ വിഭവങ്ങളുടെ കൊതിപ്പിക്കുന്ന നറുമണം ഇത്തവണ നമ്മുടെ അടുക്കളയിൽ നിന്നു വരട്ടെ...

(അവിയൽ, സാമ്പാർ, തോരൻ, പച്ചടി, കിച്ചടി, ഓലൻ, കാളർ, തീയൽ, എരിശ്ശേരി, പുളിശ്ശേരി, കൂട്ടുകറി, രസം, ഇഞ്ചിക്കറി, നാരങ്ങാക്കറി, മാങ്ങാക്കറി, പിന്നെ പപ്പടം, പഴം പായസം , ഉപ്പേരി, കൂടെ കുത്തരിച്ചോറും...) വിഭവസ സമൃദ്ധമായ ഓണസദ്യ ഒരുക്കാം.

അവിയൽ (വെന്ത കഷണങ്ങളിൽ പച്ചവെളിച്ചണ്ണ ഒഴിച്ച് വേപ്പിലയിട്ട് ഇറക്കുന്ന അവിയലിന്റെ വാസന എന്തായാലും ഒരു നൊസ്റ്റാൾജിയ തന്നെയാണ്‌)

  • ചേന – 1/4 കിലോ
  • ചക്കക്കുരു – 100 ഗ്രാം
  • കായ – 1 
  • മാങ്ങ – 1
  • അച്ചിങ്ങ –  100 ഗ്രാം 
  • ചെറിയ പടവലങ്ങ – 1

പച്ചമുളക് –  6 ഇവ നീളത്തിൽ അരിഞ്ഞ്, 1/4 സ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുറച്ച് വെള്ളത്തിൽ വേവിക്കുക. 1 മുറി തേങ്ങ, 1 സ്പൂൺ ജീരകം, 1/4 സ്പൂൺ മഞ്ഞൾപൊടി, 4 ചുമന്നുള്ളി ഇവ ചേർത്ത് ഒതുക്കിയെടുക്കുക. വെന്ത കഷണങ്ങളിലേക്ക് ഈ കൂട്ട് ചേർത്ത് തിളവരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച്, വേപ്പിലയും ഇട്ട് ഇറക്കാം. 

കാബേജ് തോരൻ ( എന്നും നാം ഉണ്ടാക്കുന്ന ഒന്നാണെങ്കിലും സദ്യയിൽ തോരൻ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്‌)

1/2 കിലോ കാബേജ്, ചെറുതായരിയുക. കൂടെ ഒന്നോ, രണ്ടോ കാരറ്റും അരിഞ്ഞ് ചേർക്കാം.

1 മുറി തേങ്ങ ചിരകി, 4 കൊച്ചുള്ളി, 2 വെളുത്തുള്ളി, 6 പച്ചമുളക്, 1/2 സ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന്‌ ഉപ്പ് ഇവ ചേർത്ത് ഒതുക്കിയെടുക്കുക.

ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, കടുക് പൊട്ടിച്ച്, 1 തണ്ട് വേപ്പിലയും, 2 ഉണക്കമുളകും, 1 സ്പൂൺ ഉഴുന്നും, ഇട്ട് ഒന്നു മൊരിയുമ്പോൾ, അരിഞ്ഞ കാബേജും  അരപ്പും ചേർത്ത്, തീ കുറച്ച് മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം 

(വെള്ളം ചേർക്കണ്ട)

പച്ചടി ( ഒരു വ്യത്യസ്തമായ പച്ചടി ആകട്ടെ ഈ ഓണത്തിന്‌)

പടവലങ്ങ - 1/2 കിലോ അരിഞ്ഞു വയ്ക്കുക.

1 മുറി തേങ്ങ ചുരണ്ടി, 2 അല്ലി വെളുത്തുള്ളി, 2 സ്പൂൺ കടുകും, 3 കൊച്ചുള്ളിയും, 1/2 ഗ്ലാസ്സ് തൈരും, 2 സ്പൂൺ മുളകുപൊടിയും, 1/2 സ്പൂൺ മഞ്ഞൾപൊടിയും 3 പച്ചമുളകും ചേർത്ത് നന്നായരയ്ക്കുക. 

അരിഞ്ഞ കഷണത്തിൽ ഈ അരപ്പും, പാകത്തിന്‌ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് വേവിക്കുക. (വെള്ളം ചേർക്കണ്ട)

എണ്ണ ചൂടാകുമ്പോൾ, കടുക് പൊട്ടിച്ച് വേപ്പിലയും, മുളകും ചേർത്ത് കറിയിൽ പകരാം . 

പാവയ്ക്ക കിച്ചടി ( പച്ചടിയും കിച്ചടിയും ഇല്ലാതെ എന്തു സദ്യ അല്ലേ?)

പാവയ്ക്ക - 2 എണ്ണം ചെറുതായരിഞ്ഞ് , പാകത്തിന്‌ എണ്ണയിൽ നന്നായി വറുക്കുക. ( ക്രിസ്പ് ആകണം) ഇതു ആറുമ്പോൾ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. 

1 മുറി തേങ്ങ ചിരകി, 4 പച്ചമുളക്, 1 സ്പൂൺ ജീരകം, 1 കുപ്പ് തൈര് ചേർത്ത് നന്നായരക്കുക. 

ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, 1 സ്പൂൺ കടുക് പൊട്ടിച്ച്, വേപ്പിലയും, 2 ഉണക്കമുളകും, ഇട്ട്, 6 ചെറിയ ഉള്ളി, ചെറുതായരിഞ്ഞത് മൂപ്പിക്കുക. ഇതിലേക്ക്, അരിഞ്ഞ പാവയ്ക്കയും, അരപ്പും പാകത്തിന്‌ ഉപ്പും ചേർത്ത് വേവിക്കുക.  ( ഇതു ഒരാഴ്ചയോളം കേടാകാതെ ഇരിക്കും) 

കുമ്പളങ്ങ ഓലൻ 

1 തേങ്ങ നന്നായി പിഴിഞ്ഞെടുക്കുക. ഒന്നാം പാലും , രണ്ടാം പാലും മാറ്റി വയ്ക്കുക. 

1/2 കിലോ കുമ്പളങ്ങ ചെറുതായരിഞ്ഞ്, 6 പച്ചമുളകും കീറി, പാകത്തിന്‌ ഉപ്പും ചേർത്ത്, രണ്ടാം പാലിൽ വേവിക്കുക.

വെന്തുകഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് തിള വരുമ്പോൾ തീ ഓഫാക്കുക. ( തിളച്ചു പൊന്തരുത്)

എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വേപ്പിലയിട്ട് കറിയിലേക്ക് പകരാം. ( കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഒരു കറിയാണിത്) 

കാളൻ ( സദ്യയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണിത്)

500 ഗ്രാം ചെനച്ച കായ, അരയിഞ്ചു കനത്തിൽ അരിഞ്ഞ്, കുറച്ച് ഉപ്പും, 1/4 സ്പൂൺ മഞ്ഞൾപൊടിയും , 3 പച്ചമുളകും (കീറിയത്) ചേർത്ത് പാകത്തിന്‌ വെള്ളത്തിൽ വേവിക്കുക.

1 തേങ്ങ ചുരണ്ടി, 1 പിടി പച്ചരിയും, 1/4 സ്പൂൺ മഞ്ഞൾപൊടിയും, 4 ഉള്ളിയും, 3 അല്ലി വെളുത്തുള്ളിയും, 1 നുള്ള് ജീരകവും, 1 പച്ചമാങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഈ അരപ്പ് വെന്ത കായയിൽ ചേർത്ത് നന്നായിളക്കി, തിളപ്പിക്കുക.

തിളവരുമ്പോൾ 1/2 ലിറ്റർ തൈര്‌ ഒഴിക്കുക. തൈര്‌ ചേർത്തുകഴിഞ്ഞ് തിളവരുമ്പോൾ അടുപ്പിൽ നിന്നിറക്കാം..വേറൊരു ചട്ടിയിൽ 2 സ്പൂൺ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ, 1 സ്പൂൺ ഉലുവ ഇടുക., പൊട്ടിയതിനുശേഷം 1 സ്പൂൺ കടുകിട്ട് പൊട്ടിച്ച്, 1 തണ്ട് വേപ്പിലയും, 2 ഉണക്കമുളകും ഇട്ട് കറിയിലേക്ക് പകരാം . 

ഉള്ളി തീയൽ

500 ഗ്രാം ഉള്ളി നീളത്തിൽ അരിഞ്ഞ് എണ്ണയിൽ വഴറ്റുക. മൊരിയരുത്. തേങ്ങ - 1 മുറി ചിരകി ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക. 10 ഉണക്കമുളക്,ഒരു പിടി മല്ലി, 1/2 സ്പൂൺ മഞ്ഞൾപൊടി, 3 അല്ലി വെളുത്തുള്ളി മുതലായ ചേരുവകൾ ചേർത്ത് വറുക്കുക. ഇത് നന്നായരയ്ക്കുക. ഈ അരപ്പ് വഴറ്റിയ ഉള്ളിയിൽ ചേർക്കുക. പാകത്തിന്‌ ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക്, 1 നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി പിഴിഞ്ഞതും,1 ചെറു നാരങ്ങ വലുപ്പത്തിൽ ശർക്കരയും ചേർത്ത് 2 മിനുട്ട് അടച്ച് വച്ച് അടുപ്പിൽ നിന്നിറക്കി, കടുക് പൊട്ടിച്ച്, വേപ്പിലയും ഉണക്കമുളകും ഇട്ട് ചൂടോടെ ഉപയോഗിക്കാം . 

എരിശ്ശേരി

1/2 കിലോ കായയും 1/2 കിലോ ചേനയും 1/2 ഇഞ്ച് കനത്തിൽ അരിഞ്ഞു പാകത്തിനു വെള്ളവും ഉപ്പും 1/4 സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. 

1 1/2 തേങ്ങ ചുരണ്ടി 3 സ്പൂൺ മുളകുപൊടി , 1/2 സ്പൂൺ മഞ്ഞൾപൊടി , 2 അല്ലി വെളുത്തുള്ളി, 1 സ്പൂൺ മല്ലിപൊടി, 4 കൊച്ചുള്ളി, എന്നിവ ചേർത്ത് നന്നായരയ്ക്കുക. വെന്ത കഷണത്തിൽ ഈ അരപ്പ് ചേർക്കുക. നന്നായിളക്കുക. തിളവരുമ്പോൾ അടുപ്പിൽ നിന്നിറക്കുക. എണ്ണ ചൂടാകുമ്പോൾ, കടുക് പൊട്ടിച്ച്, വേപ്പിലയും, ഉണക്കമുളകും ഇട്ട് കറിയിൽ പകരാം. 1/2 മുറി തേങ്ങ ചിരകി ചുമക്കെ വറുത്ത് കറിയിൽ ഇടുക. ( വെള്ളം അധികം ആകരുത്)

പുളിശ്ശേരി

5 പഴുത്ത മാങ്ങ തൊലികീറി, 4 പച്ചമുളകും, 1/2 സ്പൂൺ മഞ്ഞൾപൊടിയും, പാകത്തിനുപ്പും ചേർത്ത് കുറച്ച് വെള്ളത്തിൽ വേവിക്കുക. 

1 തേങ്ങ ചിരകി, 3 സ്പൂൺ മുളകുപൊടി, 5 കൊച്ചുള്ളി, 2 അല്ലി വെളുത്തുള്ളി , ഇവ ചേർത്ത് നന്നായരയ്ക്കുക. 

തിള വരുമ്പോൾ, 1/2 കപ്പ് തൈര്‌ നന്നായുടച്ച് ചേർക്കുക.

തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നിറക്കി, കടുക് പൊട്ടിച്ച്, വേപ്പിലയും, 2 ഉണക്കമുളകും ഇട്ട് കറിയിലേക്ക് പകരാം .

കൂട്ടുകറി...(സദ്യയിൽ ഏറെ ആസ്വാദ്യകരം...)

1/4 കിലോ കടല ( തലേദിവസം വെള്ളത്തില്ലിട്ട് കുതിർത്തത്)പാകത്തിന്‌ വെള്ളത്തില്‍ കുറച്ചുപ്പ് ചേർത്ത് വേവിക്കുക. വെള്ളം പറ്റിച്ചെടുക്കണം. (അധികം ഉണ്ടെങ്കിൽ ഊറ്റികളയണം)ചെറിയ ചതുരക്കഷണങ്ങളാക്കിയ ചേന (1/4 കിലോ), പച്ചക്കായ ( 2 എണ്ണം) പാകത്തിന്‌ ഉപ്പും, വെള്ളവും, കുറച്ച് മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. ഇതിലേക്ക് വെന്ത കടലയും ചേർക്കുക. 

1 മുറി തേങ്ങ ചിരകി, 4 കൊച്ചുള്ളി, 3 പച്ചമുളക്, 1 ചെറിയകഷണം ഇഞ്ചി, 1/4 സ്പൂൺ ജീരകം, 1/4 സ്പൂൺ മഞ്ഞൾപൊടി, 1 സ്പൂൺ മുളകുപൊടി , ഇവ ചേർത്ത് നന്നായരയ്ക്കുക. ഈ അരപ്പ് വെന്ത കഷണങ്ങളുടെ കൂട്ടിലേക്ക് ചേർത്ത് നന്നായിളക്കി, ഉപ്പ് പോരെങ്കിൽ കുറച്ചുകൂടി ചേർത്ത്, അടച്ചു വച്ച് 5 മിനുറ്റ് വേവിക്കുക.  1/4 മുറി തേങ്ങ നല്ല ബ്രൗൺ നിറത്തിൽ വറുത്ത് മാറ്റുക. വേറൊരു ചട്ടിയിൽ 2 സ്പൂൺ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ, കടുക് പൊട്ടിച്ച്, വേപ്പിലയും, 2 ഉണക്കമുളകും ഇട്ട്, 4 കൊച്ചുള്ളി ചെറുതായരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. വെന്ത കഷണങ്ങൾ നന്നായുടച്ചതിലേക്ക്, വറുത്ത തേങ്ങയും, ഉള്ളികൂട്ടും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നു മാറ്റാം....

രസം ( രസം ഇല്ലാതെ എന്തു രസം അല്ലേ ഓണസദ്യയ്ക്ക്)

4 സ്പൂൺ പരിപ്പ് നന്നായി വേവിച്ച് വെള്ളം പോലെ എടുക്കുക. ( പരിപ്പ് തരി ഉണ്ടാകരുത്) 
3 തക്കാളി പുഴുങ്ങി പുറത്തെ തൊലി കളഞ്ഞ് മിക്സിയിൽ നന്നായി ഉടച്ചെടുക്കുക. 

ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, കടുക് പൊട്ടിച്ച്, 2 തണ്ട് വേപ്പില ഇട്ട്,2 അല്ലി വെളുത്തുള്ളി ചെറുതായരിഞ്ഞതും ഇട്ട്, വഴറ്റുക. ഇതിലേക്ക്, തക്കാളി ജൂസും, പരിപ്പ് വെള്ളവും ചേർക്കുക. 

ഇതിലേക്ക്, 1/2 സ്പൂൺ കായപ്പൊടി, പാകത്തിന്‌ ഉപ്പ്, 1/2 സ്പൂൺ മഞ്ഞൾപൊടി,1 സ്പൂൺ കുരുമുളകുപൊടി, ചേർക്കുക.  1 നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞതും ഒഴിച്ച്, തിളവരുമ്പോൾ മല്ലിയില വിതറി ഇറക്കാം. ( വെള്ളം വേണമെങ്കിൽ ചേർത്ത് തിളയ്ക്കാൻ വച്ച് ഇറക്കാം..)

ഇഞ്ചിക്കറി 

250 ഗ്രാം ഇഞ്ചി തൊലികളഞ്ഞ്, നന്നായി കഴുകി ഉരച്ചെടുക്കുകയോ, ചെറുതായി അരിഞ്ഞെടുക്കുകയോ ചെയ്യുക. എണ്ണ ചൂടാകുമ്പോൾ ഇഞ്ചി നന്നയി വറുത്തെടുക്കുക. ഇതു തണുക്കുമ്പോൾ പൊടിച്ചെടുക്കുക. എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് വേപ്പിലയും മുളകും ഇടുക,. ഇതിലേക്ക് ഇഞ്ചി ചേർക്കുക. മുളകുപൊടി - 4 സ്പൂൺ മഞ്ഞൾപ്പൊടി - 1/2 സ്പൂൺ മല്ലിപൊടി- 2 സ്പൂൺ, , ഉലുവ പൊടി 1/2 സ്പൂൺ,കുറച്ച് ഉപ്പ് എന്നിവ ചേർത്ത് ഒന്നു മൂക്കുമ്പോൾ പുളി പിഴിഞ്ഞൊഴിക്കുക. തിളക്കുമ്പോൾ ശർക്കര കലക്കിയതും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് അടുപ്പിൽ നിന്നു മാറ്റാം. 

വടുകപുളിയൻ നാരങ്ങാ അച്ചാർ

1 വടുകപുളിയൻ നാരങ്ങയും, 100 ഗ്രാം പച്ചമുളകും ചെറുതായരിഞ്ഞ്, ഉപ്പും കുറച്ച് പഞ്ചസാരയും പുരട്ടി കുപ്പിയിലാക്കി ഒരു ദിവസം വയ്ക്കുക. കടുകെണ്ണ ചൂടാകുമ്പോൾ ചതച്ച 10 അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ഇടുക. ഇതു വഴറ്റികഴിയുമ്പോൾ നാരങ്ങ ചേർത്ത് വഴറ്റുക, ഇതിലേക്ക് 100 ഗ്രാം മുളകുപൊടി, കുറച്ച് കായപ്പൊടി ,10 മില്ലി വിനാഗിരി ഒഴിക്കുക. തിളക്കുമ്പോൾ വേപ്പില ഇടുക. ആറുമ്പോൾ ചില്ലുകുപ്പിയിലാക്കി സൂക്ഷിക്കാം... 

മാങ്ങ അച്ചാർ ( എളുപ്പത്തിൽ ഉണ്ടാക്കാവുന്നത്) 

3 പച്ച മാങ്ങ കഴുകി, ചെറുതായരിയുക. ഇതിലേക്ക്, 4 സ്പൂൺ മുളകുപൊടി, 2 സ്പൂൺ കാശ്മീരി ചില്ലി പൗഡർ, പാകത്തിന്‌ ഉപ്പ്, 1/2 സ്പൂൺ കായം, 1/2 സ്പൂൺ ഉലുവപൊടി, 1 സ്പൂൺ കടുക് പരിപ്പ് ( ചൂടാക്കി പൊടിച്ചത്) ചേർത്ത് നന്നായിളക്കി വയ്ക്കുക. ചട്ടിയിൽ പാകത്തിന്‌ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, വേപ്പിലയും

ഉപ്പേരി... സദ്യവട്ടത്തിൽ കേമൻ.. ഓണസദ്യയിൽ 3 തരം ഉപ്പേരിയാണ്‌ പൊതുവെ ഉണ്ടാക്കാറ്..

കായ വട്ടത്തിൽ വറുത്തത് ( വട്ടനുപ്പേരി)

നന്നായി മൂത്ത പച്ചക്കായ 5 എണ്ണം, തൊലി കളഞ്ഞ്, മഞ്ഞൾവെള്ളത്തിൽ ഇട്ടു വയ്ക്കുക. 

ഇത് വട്ടത്തിൽ കനം കുറച്ച് അരിയുക, കൂടുതൽ എണ്ണ പാത്രത്തിൽ ഒഴിച്ച്, തിളയ്ക്കുമ്പോൾ, അരിഞ്ഞ കായ് ഇട്ട് വറുക്കുക. മൊരിയാൻ തുടങ്ങുമ്പോൾ, മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത വെള്ളം ഒരു സ്പൂൺ വീതം ഒഴിച്ച്, മൊരിയുമ്പോൾ കോരി ആറാൻ വയ്ക്കാം. ആറിക്കഴിഞ്ഞാൽ കുപ്പിയിലാക്കി സൂക്ഷിക്കാം . 

കായ നാലുപ്പേരി 

നന്നായി മൂത്ത പച്ചക്കായ 5 എണ്ണം, തൊലി കളഞ്ഞ്, മഞ്ഞൾവെള്ളത്തിൽ ഇട്ടു വയ്ക്കുക. 

ഇത് നാലാക്കി കനം കുറച്ച് അരിയുക, കൂടുതൽ എണ്ണ പാത്രത്തിൽ ഒഴിച്ച്, തിളയ്ക്കുമ്പോൾ, അരിഞ്ഞ കായ് ഇട്ട് വറുക്കുക. മൊരിയാൻ തുടങ്ങുമ്പോൾ, മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത വെള്ളം ഒരു സ്പൂൺ വീതം ഒഴിച്ച്, മൊരിയുമ്പോൾ കോരി ആറാൻ വയ്ക്കാം. ആറിക്കഴിഞ്ഞാൽ കുപ്പിയിലാക്കി സൂക്ഷിക്കാം 

ശർക്കരപുരട്ടി:

നന്നായി മൂത്ത പച്ചക്കായ 5 എണ്ണം, തൊലി കളഞ്ഞ്, മഞ്ഞൾവെള്ളത്തിൽ ഇട്ടു വയ്ക്കുക. 

ഇത് രണ്ടായി കനം കുറച്ച് അരിയുക, കൂടുതൽ എണ്ണ പാത്രത്തിൽ ഒഴിച്ച്, തിളയ്ക്കുമ്പോൾ, അരിഞ്ഞ കായ് ഇട്ട് വറുക്കുക. 

200 ഗ്രാം ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി, അരിച്ചെടുക്കുക. 

1സ്പൂൺ ജീരകപൊടി, 3 സ്പൂൺ പഞ്ചസാര പൊടി, 1സ്പൂൺ ഏലക്കപൊടി, ഇത് ശർക്കര പാനിയിൽ ചേർത്ത് ഒന്നു തിളപ്പിക്കുക. (ഇളക്കികൊണ്ടിരിക്കണം)

വറുത്ത ഉപ്പേരിയിലേക്ക് ഈ മിശ്രിതം ഒഴിച്ച് നന്നായിളക്കി കൂട്ടുക. 

ഇതിലേക്ക് 1 സ്പൂൺ ചുക്കു പൊടി, കുറച്ച് അരിപൊടി , കുറച്ച് പഞ്ചസാരപ്പൊടി ഇവ വിതറി, നന്നായി ഇളക്കി ആറുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം .

മത്തങ്ങ പപ്പായ പായസം

1/4 കിലോ മത്തങ്ങ ചെറുതായരിഞ്ഞു കുറച്ചു വെള്ളത്തിൽ വേവിക്കുക. ഇതു മിക്സിയിൽ നന്നായി ഉടച്ചെടുക്കുക. 

1/4 കിലോ പപ്പായ(പഴുത്തത്) ആവിയിൽ വേവിച്ച് നന്നായി ഉടച്ചെടുക്കുക.

ഉരുളിയിൽ 4 സ്പൂൺ നെയ്യൊഴിച്ച്, മത്തങ്ങ വരട്ടുക, ശേഷം പപ്പായ ഉടച്ചതും ചേർക്കുക. ഒന്നു വരണ്ടു വരുമ്പോൾ, ഫ്രെഷ് ക്രീം ചേർത്ത് നന്നായിളക്കുക. തിള തുടങ്ങുമ്പോൾ 350 ഗ്രാം പഞ്ചസാര ചേർക്കുക. പിന്നീട് 1 ലിറ്റർ പാലും ചേർക്കുക. നന്നായിളക്കുക. 2 സ്പൂൺ ചൗവരി(കുതിർത്തത്) ചേർക്കുക.  4 സ്പൂൺ കണ്ടെൻസ്ഡ് മില്‍ക്ക് ചേർക്കുക. തിളയ്ക്കുമ്പോൾ,1 1/2 സ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്തിളക്കി, കുറച്ച് കശുവണ്ടിയും, കിസ്മിസ്സും വറത്തിട്ട് ഇറക്കാം. ചൂടോടെ വിളമ്പാം.....

ചെറു പയറു പരിപ്പ് പ്രഥമൻ

ചുവടു കട്ടിയുള്ള പാത്രത്തിൽ 2 സ്പൂൺ നെയ്യൊഴിച്ച് 15 ഗ്രാം വീതം കശുവണ്ടി/ കിസ്മിസ് വറുത്ത് മാറ്റി വയ്ക്കുക. ശേഷം നെയ്യിൽ 1/2 മുറി തേങ്ങയുടെ തേങ്ങ കൊത്തും വറുത്ത് മാറ്റുക. കുക്കറിൽ 2 സ്പൂൺ നെയ്യൊഴിച്ച് 650 ഗ്രാം ചെറുപയറുപരിപ്പ് വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ 3 കപ്പ് ചേർത്ത് അടച്ച് വച്ച് കുക്കറിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. 1300 ഗ്രാം ശർക്കര കുറച്ചു വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക. അരിച്ച ശർക്കര വെന്ത പരിപ്പിൽ ഒഴിച്ച് നന്നായി വരട്ടുക. ഇതിലേക്ക് 3 കപ്പ് രണ്ടാം പാൽ ഒഴിച്ച് നന്നായി ഇളക്കി കുറുകാൻ വയ്ക്കുക. കുറുകുമ്പോൾ ഒന്നാം പാൽ ചേർക്കുക. ശേഷം 2 സ്പൂൺ ചുക്ക്, ജീരകം ഏലയ്ക്ക പൊടിച്ചതും, കശുവണ്ടിയും , കിസ്മിസ്സും തേങ്ങ കൊത്തും ചേർത്ത് നെയ്യുമൊഴിച്ച് ഇറക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com