ADVERTISEMENT

ഭാഷയ്ക്കും സംസ്കാരത്തിനുമൊപ്പം നാടു തന്ന രുചിയും കേരളപ്പിറവിയിൽ വിസ്മരിക്കാനാവില്ല. നാവിനു രുചിയുള്ളതെന്തും സ്വീകരിക്കുന്ന മലയാളിയുടെ തീൻമേശയിലേക്കു പല കാലങ്ങളിൽ പലവിഭവങ്ങളും കടന്നുകൂടി. കുരുന്നുക്കൾക്കു കൊടുക്കുന്ന കുറുക്കു മുതലിങ്ങോട്ടു പല വിഭവങ്ങളും കേരളത്തിന്റെ രുചിവൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്നു. മലയാളിക്കു സ്വന്തമായെന്തുണ്ടെന്ന ചോദ്യവും കൗതുകമാണ്. പലതിനും സമാനമായതു പലനാട്ടിലും കണ്ടെന്നുവരാം. അവിയലിനു അത്തരമൊരു സംശയമില്ല. തനി മലയാളി. തൈരൊഴിച്ചും പച്ചമാങ്ങയിട്ടുമെല്ലാം കേരളത്തിൽ അവിയലുണ്ടാക്കുന്നു. നമുക്കു സുലഭമായ പച്ചക്കറികൾ ഉപയോഗിച്ചു തൈരൊഴിച്ച അവിയൽ ആകട്ടെ കേരളപ്പിറവി സ്പെഷൽ

ആവശ്യമുള്ള സാധനങ്ങൾ

  • കാരറ്റ്– 100 ഗ്രാം
  • കയ്പക്ക (പാവയ്ക്ക) –100 ഗ്രാം
  • ചേന– 150 ഗ്രാം
  • കായ– 150 ഗ്രാം
  • വെള്ളരി– 200  ഗ്രാം
  • കോവയ്ക്ക 100 ഗ്രാം
  • ബീൻസ്–100
  • പച്ചമുളക്– 5 എണ്ണം
  • തേങ്ങ– 1 ചിരകിയത്
  • തൈര്– 500 മില്ലീല‌ീറ്റർ
  • മഞ്ഞൾപ്പൊടി– 1 ട‌ീസ്പൂൺ
  • ജീരകം 2 ട‌ീസ്പൂൺ

തയാറാക്കുന്ന വിധം

കയ്പും മധുരവും തമ്മിൽ ചേർച്ച വേണം. കയ്പക്ക എത്രയെടുക്കുന്നോ അതേ അളവിൽ കാരറ്റ് എടുക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികൾ എല്ലാം രണ്ടിഞ്ച‌ു നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ അൽപം വെളിച്ചെണ്ണ ഒഴിച്ചു വെള്ളരി കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. ഇതിനു മീതെ ചേനയും കായയും ഒഴികെയുള്ളവയും അതിനു മുകളിൽ ചേനയും കായയും ചേർക്കാം. ശേഷം അൽപം വെള്ളമൊഴിച്ചു മുകളിൽ ഉപ്പ് മഞ്ഞൾപ്പൊടി കറിവേപ്പില എന്നിവ ചേർത്തു കൊടുക്കാം. ചെറിയ തീയിൽ വേവിക്കുക. പച്ചക്കറികൾ നന്നായി വെന്തുകഴിഞ്ഞാൽ ഒഴിച്ചുകൊടുത്ത വെള്ളം വറ്റിക്കുകയോ മാറ്റുകയോ ചെയ്യാം. തുടർന്നു ഇതിലേക്കു ജീരകം, പച്ചമുളക്, തേങ്ങ എന്നിവ ചതച്ചു ചേർക്കാം. നന്നായി ഇളക്കിക്കൊടുത്ത ശേഷം തൈര് ഒഴിക്കുക. തിള പൊട്ടുമ്പോൾ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങാം.

(പാവയ്ക്ക ഇടാതെയും അവിയൽ തയാറാക്കാം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com