sections
MORE

കിണ്ണത്തപ്പവും കലത്തപ്പവും ഇല്ലാതെന്ത് കണ്ണൂര്?

kinnathappam
SHARE

കണ്ണൂർ എന്നു കേട്ടാല്‍ അക്രമ രാഷ്ട്രീയം എന്നു മാത്രം ഓർമ വരുന്നവരുടെ ശ്രദ്ധയ്ക്ക്, ആതിഥ്യമര്യാദയിലും കണ്ണൂരുകാരെ കഴിേഞ്ഞയുള്ളു മറ്റുള്ളവർ. അതുപോലെ പ്രശസ്തമാണ് ഇവിടുത്തെ ഭക്ഷണരുചികളും. മറ്റെങ്ങും കാണാത്ത രുചിവൈവിധ്യങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. 

ഒരിക്കലെങ്കിലും കണ്ണൂർ സന്ദർശിക്കുന്നവർ നിർബന്ധമായും കഴിച്ചിരിക്കേണ്ട പലഹാരങ്ങളാണ് കിണ്ണത്തപ്പവും കലത്തപ്പവും. രണ്ടിന്റെയും കോമൺ ഫാക്ടർ പച്ചരിയും ശർക്കരയുമാണെങ്കിലും രുചികൾ തീർത്തും വ്യത്യസ്തം. കിണ്ണത്തപ്പം കാണുന്ന തിരുവിതാംകൂറുകാർ ‘ഓ, ഇതു കറുത്ത ഹൽവയല്ലേ?’ എന്ന് പലപ്പോഴും നിസ്സാരവൽക്കരിക്കാറുണ്ട്. പക്ഷേ കഴിച്ചു കഴിഞ്ഞാൽ ഈ തെറ്റിദ്ധാരണ അപ്പാടെ മാറും. കിണ്ണത്തപ്പത്തിന് അലങ്കാരമാകുന്നത് വറുത്ത കടലപ്പരിപ്പാണെങ്കിൽ കലത്തപ്പത്തിനു മോടി കൂട്ടുന്നത് സവാളയും തേങ്ങാക്കൊത്തും കശുവണ്ടിയുമാണ്. സവാള ചേർക്കുന്നതു കൊണ്ടുതന്നെ കലത്തപ്പത്തിന് ആയുസ്സ് കുറവാണ്. മാക്സിമം ഒന്നരദിവസം. അതിനുള്ളിൽ കഴിച്ചില്ലെങ്കിൽ വിവരമറിയും. കിണ്ണത്തപ്പം ഈർപ്പം തട്ടിക്കാതെ സൂക്ഷിച്ചാൽ നാലഞ്ചു ദിവസം വരെ കേടാകാതിരിക്കും. 

ഉണ്ണിയപ്പം മാത്രം കണ്ടു ശീലിച്ചവർക്ക് കണ്ണൂരിലെ കാരയപ്പത്തിന്റെ രുചി കൂടി അറിയാം. ഉണ്ണിയപ്പത്തിൽ പച്ചരി, പഴം, ശർക്കര എന്നിവ ചേരുമ്പോൾ, കാരയപ്പം ഉണ്ടാക്കുന്നത് പച്ചരി, പുഴുങ്ങലരി, പഞ്ചസാര, മൈദ എന്നിവ ചേർത്താണ്. അടിഭാഗം ബ്രൗൺ നിറത്തിലും മുകൾപ്പകുതി വെള്ളനിറത്തിലുമുള്ള കാരയപ്പം കാഴ്ചയിൽ മാത്രമല്ല രുചിയിലും കേമനാണ്.

എല്ലാ നാട്ടിലും അരിയുണ്ടയുണ്ടെങ്കിലും കണ്ണൂരുകാർ ഉണ്ടാക്കുമ്പോൾ ഒന്നൊന്നര വലുപ്പത്തിൽ ഉണ്ടാകും. സ്ത്രീ തന്നെ ധനം എന്നു കരുതുന്നതുകൊണ്ട് പൊന്നിന്റെയും പണത്തിന്റെയും കണക്കു പറയലും അടുക്കള കാണലുമൊന്നും കണ്ണൂരുകാർക്ക് ഇല്ല. ആകെയുള്ള ആഡംബരങ്ങൾ ചെറുക്കന്റെ വീട്ടിലേക്കു വിരുന്നു പോകുമ്പോഴും പ്രസവാനന്തരം ഭർത്താവിന്റെ വീട്ടിലേക്കു പോകുമ്പോഴും കൊണ്ടുപോകുന്ന പലഹാരങ്ങൾ മാത്രമാണ്. പണ്ടുകാലം മുതൽ അരിയുണ്ടകൾ ഇതിൽ വളരെ പ്രധാന സ്ഥാനം വഹിച്ചിരുന്നു. രണ്ടു കൈകൊണ്ടു പിടിക്കേണ്ടി വരുന്ന വലുപ്പമേറിയ അരിയുണ്ടകളായിരിക്കും അവ. പൊട്ടാതെയും പൊടിയാതെയും ഇവ മുറിച്ചെടുക്കുന്നതും ഒരു കല തന്നെയാണ്.

ചക്കയും ഈന്തപ്പഴവും ചേർന്നൊരു കിണ്ണത്തപ്പം (ആഷാ സുനിൽ തയാറാക്കിയ രുചിക്കൂട്ട്)

കിണ്ണത്തപ്പം അല്ലെങ്കിൽ വട്ടയപ്പം എന്നൊക്കെ പറയില്ലേ അത് പോലെ ചക്കയും ഈന്തപ്പഴം കൊണ്ട് ഉണ്ടാക്കിയത് ശർക്കരക്കു പകരം ഈന്തപ്പഴം ഇട്ട് ഉണ്ടാക്കിയതാണ്. എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. 

ചേരുവകൾ 

  • അരി -1 കപ്പ്‌ (4 മണിക്കൂർ കുതിർക്കണം ) 
  • ചക്ക -1 കപ്പ്‌ (നെയ് ചേർത്ത് വരട്ടി വെക്കണം) 
  • ഈന്തപ്പഴം - 1 1/2 കപ്പ്‌ കൂടുതൽ മധുരം വേണമെങ്കിൽ കൂടുതൽ ഇടാം
  • ഏലയ്ക്കപൊടിച്ചത് - ആവശ്യത്തിന്
  • തേങ്ങ -1/2 മുറി
  • ഉപ്പ് - ഒരു നുള്ള് 

തയാറാക്കുന്ന വിധം

അരി കുതിർത്ത ശേഷം കഴുകി എടുത്തു അതിലേക്കു ചക്ക വരട്ടിയത്, ഈന്തപ്പഴം കുരുകളഞ്ഞത്, കുറച്ചു വെള്ളം, തേങ്ങ എന്നിവ ചേർത്തു നന്നായി മിക്സിയിൽ അരച്ചെടുക്കുക എന്നിട്ട് ഏലയ്ക്ക പൊടി ഉപ്പ്‌ ചേർത്ത് ഇളക്കി ഇഡലി ചെമ്പിൽ ഒരു വട്ട പാത്രത്തിൽ വെച്ച് വേവിച്ചു എടുക്കുക ടേസ്റ്റി കിണ്ണത്തപ്പം റെഡി.

ഈന്തപ്പഴം ഇഷ്ടം ഇല്ലാത്തവർ ചക്കയുടെ കൂടെ ശർക്കര ഇട്ട് വരട്ടി എടുത്തോ അല്ലെങ്കിൽ ശർക്കരവെള്ളം  ചേർക്കുകയോ ചെയാം. കുട്ടികൾക്ക് വൈകുന്നേരം പലഹാരം ആയിട്ട് കൊടുക്കാം, ആരോഗ്യകരമാണ്.

English Summary: Kinnathappam Malabar Special Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA