ADVERTISEMENT

പാശ്ചാത്യ ഭക്ഷണം മലയാളിക്കു നൽകുന്ന ആനന്ദം ചെറുതല്ല. കഫേകളിലും റസ്റ്ററന്റുകളിലും വിളമ്പുന്ന വിവിധയിനം വിഭവങ്ങൾ വായിൽ വെള്ളമൂറിക്കുന്നതാണെങ്കിൽ അത് വാങ്ങി കഴിക്കുന്നതിൽ ഒട്ടും പിശുക്കില്ല ഭക്ഷണപ്രേമികൾ. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം കഫേകളിലും റസ്റ്ററന്റുകളിലും മാത്രം ലഭിച്ചിരുന്ന വിവിധ വിഭവങ്ങൾ വീട്ടിലുണ്ടാക്കാൻ സാധിക്കുമോയെന്ന പരീക്ഷണത്തിലാണ് ലോകം. ആ കൂട്ടത്തിലെ എറ്റവും പുതിയ അതിഥിയാണ് ചിക്കൻ സ്റ്റീക്ക് ഇൻ ബാർബിക്യൂ സോസ്. ചിക്കന്റെ ബ്രെസ്റ്റ് പീസും ‌ഏതാനും സോസുകളുമുണ്ടെങ്കിൽ ആർക്കും എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്നാൽ അൽപം മുന്നൊരുക്കം വേണമെന്ന് മാത്രം.

മുന്നൊരുക്കം

∙ ചിക്കന്റെ ബ്രെസ്റ്റ് പീസ് മാരിനേഷൻ അനിവാര്യമാണ്. ഇതാണ് പിന്നീട് ചിക്കനു രുചിയും മണവും നൽകുന്നത്. രണ്ട് ചിക്കൻ ബ്രെസ്റ്റ് ആണ് എടുക്കുന്നതെങ്കിൽ ഒരു ബൗളിൽ ഒരു ടീ സ്പൂൺ ചില്ലി ഫ്ലെയ്ക്സ്, ഒരു ടീ സ്പൂൺ കുരുമുളക് പൊടി, അര ടീ സ്പൂൺ ബേസിൽ, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി നുറുക്കിയത്, 2 ടേബിൾ സ്പൂൺ ഒലിവ് അല്ലെങ്കിൽ റിഫൈൻഡ് ഓയിൽ, ഉപ്പ്, മുളകുപൊടി എന്നിവ ആവശ്യത്തിന് ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ചിക്കൻ പീസിൽ നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഇതിലേക്ക് അൽപം നാരങ്ങാനീരും ചേർത്ത് നന്നായി വീണ്ടും മാരിനേറ്റ് ചെയ്യുക. ശേഷം ഒരു മണിക്കൂറെങ്കിലും ഇത് മാറ്റിവയ്ക്കുക.

∙ സാധാരണ സ്റ്റീക്ക് വിളമ്പുന്നത് റൈസ് അല്ലെങ്കിൽ മാഷ്ഡ് പൊട്ടറ്റോസ്, സോർട്ടേ വെജിറ്റബിൾസ് എന്നിവയ്ക്കൊപ്പമാണ്. ഇവ ചിക്കൻ മാരിനേഷന് വേണ്ടി മാറ്റിവയ്ക്കുന്ന സമയത്ത് തയാറാക്കുന്നതാവും നല്ലത്. പച്ചക്കറികൾ ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസൃതമായി തിരഞ്ഞെടുക്കാം. ബീൻസ്, കോളിഫ്ലവർ, കാരറ്റ്, ബ്രോക്കോളി, ബെൽപെപ്പർ അടക്കമുള്ളവയാണ് പൊതുവേ തിരഞ്ഞെടുക്കുന്നത്. ഇവ ആദ്യം ഉപ്പിട്ട വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിച്ചതിനു ശേഷം സോർട്ടേ ചെയ്യുന്നതാണ് നല്ലത്. ഒരു പാനിൽ അൽപം ബട്ടർ ഉരുക്കിയ ശേഷം പച്ചക്കറികൾ ഇട്ട് നന്നായി വഴറ്റുക. ഈ സമയം ഇതിലേക്ക് അൽപം ഉപ്പും ചില്ലി ഫ്ലെയ്ക്സും ഒറിഗാനോയും ചേർത്ത് പ്ലേറ്റിലേക്ക് മാറ്റുക. പച്ചക്കറികൾ കടിക്കാവുന്ന പാകത്തിലാവണം, ഉടഞ്ഞുപോകരുത്.

∙ ഇനി ചിക്കൻ സ്റ്റീക്ക് എങ്ങനെ തയാറാക്കം

∙ ചിക്കൻ സ്റ്റീക്ക് ഉണ്ടാക്കുവാനായി ആദ്യം ബാർബിക്യൂ സോസ് തയാറാക്കണം. അതിനായി ഒരു പാനിൽ അൽപം ബട്ടറോ ഓയിലോ ഒഴിക്കുക. ശേഷം ഇതിലേക്ക് ചെറുതായി നുറുക്കിയ രണ്ട് സവാള ചേർക്കുക. ഗോൾഡൺ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ വെളുത്തുള്ളി, കുരുമുളക് പൊടി, ചില്ലി ഫ്ലെയ്ക്സ്, രണ്ട് ടേബിൾ സ്പൂൺ സോയി സോസ്, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു കപ്പ് ചിക്കൻ ബ്രോത്ത്(ചിക്കൻ വേവിച്ച വെള്ളം) അല്ലെങ്കിൽ ചൂടുവെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് കോൺഫ്ലോർ മിശ്രിതം( അര കപ്പ് വെള്ളത്തിനു ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ) ചേർത്ത് ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർക്കാം. ഇതിലേക്ക് ആവശ്യമെങ്കിൽ അൽപം സ്പ്രിങ് ഒണിയൻ ചേർക്കാം

∙ ഇനി മാരിനേറ്റ് ചെയ്യാൻ മാറ്റിവച്ച ചിക്കൻ അര ടേബിൾ സ്പൂൺ ബട്ടറിൽ ഇരു വശവും നന്നായി മൊരിച്ചെടുക്കുക. ചെറുതീയിൽ വേണം ചിക്കൻ വേവിക്കാൻ. ചിക്കൻ നന്നായി വെന്തുവെന്ന് ഉറപ്പാക്കിയാൽ ഒരു പ്ലേറ്റിലേക്ക് മാറ്റി, ചിക്കനു മുകളിൽ സോസ് ഒഴിച്ച്, റൈസ്, മാഷ്ഡ് പൊട്ടറ്റോസ്, സോർട്ടേ വെജിറ്റബിൾസ് എന്നിവയ്ക്കൊപ്പം വിളമ്പുക.

English Summary : Chicken steak in barbecue sauce, Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com