ചോറ് കഴിച്ച് ഇങ്ങനെയും തടി കുറയ്ക്കാം; രാത്രിയിലെ ഭക്ഷണമായും കഴിക്കാം
Mail This Article
വെജിറ്റേറിയൻ പ്രേമികൾക്കടക്കം ഇഷ്ടമുള്ളതാണ് കോളിഫ്ലവർ. ഗോബി മഞ്ചൂരിയനായും ചില്ലി ഗോബിയായുമൊക്കെ രുചിയോടെ തയാറാക്കാവുന്നതാണ്. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിലാണ് പലരും കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കുന്നത്. വളരെ എളുപ്പം തയാറാക്കാമെന്നതിനാലും പോഷകഗുണമേറെയുള്ളതിനാലും കോളിഫ്ലവറിന് ആവശ്യക്കാരേറെയാണ്. 30 ശതമാനം അധികം പ്രോട്ടീനും വിവിധ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ കോളിഫ്ലവർ ഗുണമുള്ളതു തന്നെയാണ്. മാംഗനീസും വിറ്റാമിന്‍ സിയും അടങ്ങുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കോളിഫ്ലവർ. ഇത് പാകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. സൂക്ഷമായി നോക്കി, ശ്രദ്ധാപൂർവം വൃത്തിയാക്കി എടുക്കണം. ബാക്ടീരിയയും പാരസൈറ്റുകളുമൊക്കെ കാണുവാൻ സാധ്യതയുള്ളതു കൊണ്ടാണ് കോളിഫ്ലവർ നന്നായി കഴുകിയെടുക്കണമെന്നു പറയുന്നത്.
ഒരുപാട് വിഭവങ്ങൾ കോളിഫ്ലവർ കൊണ്ട് തയാറാക്കാമെങ്കിലും ഒരു വെറൈറ്റി വിഭവവുമുണ്ട്. ഡയറ്റ് നോക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഐറ്റമാണ് ഷെഫ് അരുൺ പങ്കുവയ്ക്കുന്നത്. കോളിഫ്ലവർ റൈസ്. പേരു കേൾക്കുമ്പോൾ റൈസ് ചേർത്ത് കോളിഫ്ലവർ ആണെന്നു തോന്നുമെങ്കിലും സംഭവം കിടിലമാണ്. ഇനി ഈ ചോറ് കഴിച്ചും ആളുകൾക്ക് മെലിയാം. ഉച്ച ഭക്ഷണമായോ? വൈകുന്നേരത്തെ ഡിന്നറിനോ വിളമ്പാവുന്നതാണ് കോളിഫ്ലവർ റൈസ്. ഒപ്പം ഗ്രിൽഡ് ചെയ്ത ചിക്കനുമുണ്ട്. വളരെ സിംപിളായി ഈ വിഭവം എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
1)കോളിഫ്ലവർ : 1 എണ്ണം
2) ഒലിവ് ഓയിൽ: 80 മില്ലി
3) വെളുത്തുള്ളി അരിഞ്ഞത് : 5 ഗ്രാം
4) ഉള്ളി അരിഞ്ഞത് : 5 ഗ്രാം
5) ചുവന്ന കാപ്സിക്കം അരിഞ്ഞത് : 10 ഗ്രാം
6) പച്ച കാപ്സിക്കം അരിഞ്ഞത് : 10 ഗ്രാം
7) ഉപ്പ് പാകത്തിന്
8) മഞ്ഞൾപ്പൊടി : 2 ഗ്രാം
9) ചിക്കൻ ബ്രെസ്റ്റ് : 1 എണ്ണം
10)ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 5 ഗ്രാം
11)വിനാഗിരി: 10 മില്ലി
12) കുരുമുളക് പൊടി: 4 ഗ്രാം
ഗാര്‍ണിഷ് ചെയ്യാൻ
1) ചുവന്ന റാഡിഷ് കഷ്ണങ്ങൾ
2)മാതളനാരങ്ങ അടർത്തിയത്
3)മൈക്രോഗ്രീൻസ്
തയാറാക്കുന്ന വിധം
കോളിഫ്ലവർ നന്നായി കഴുകി ഗ്രേറ്റ് ചെയ്തെടുക്കാം. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് ഉൗറ്റിയെടുക്കണം. ഒരുപാട് വെന്ത് പോകാതെ നോക്കണം.
ഉപ്പ്, മഞ്ഞൾ, കുരുമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഉപയോഗിച്ച് ചിക്കൻ ബ്രെസ്റ്റ് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കാം. ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളി, ഉള്ളി, കാപ്സിക്കം എന്നിവ ചേർത്ത് നന്നായി വഴറ്റാം. ചെറിയ തീയിൽ 2 മിനിറ്റ് വേവിക്കുക, ശേഷം അതിലേക്ക് വേവിച്ച ഗ്രേറ്റ് കോളിഫ്ലവർ ചേർക്കാം. തീ കൂട്ടിവച്ച് 1 മിനിറ്റ് നന്നായി ഇളക്കിയ ശേഷം മാറ്റിവയ്ക്കാം.
മറ്റൊരു പാൻ വച്ച് ഒലിവ് ഓയിൽ ഒഴിച്ച് 8 മുതൽ 10 മിനിറ്റ് വരെ മാരിനേറ്റ് ചെയ്ത ചിക്കൻ ബ്രെസ്റ്റ് ഗ്രിൽ ചെയ്തെടുക്കാം. തയാറാക്കിയ കോളിഫ്ലവർ റൈസ് ഒരു പാത്രത്തിൽ നിരത്തി ചിക്കൻ ബ്രെസ്റ്റ് അരിഞ്ഞതും മാതളനാരങ്ങയുടെ അല്ലികളും മൈക്രോഗ്രീൻസും ചേർത്ത് അലങ്കരിക്കാം. സൂപ്പര്‍ രുചിയിൽ ഹെൽത്തി റൈസ് റെഡി.
കോളിഫ്ലവർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണം
∙ചെറിയ ഇതളുകളായി മാറ്റിയ കോളിഫ്ലവർ നന്നായി കഴുകിയെടുക്കാം. പൈപ്പിന് താഴെ വച്ച് വേണം വൃത്തിയാക്കിയെടുക്കേണ്ടത്. അഴുക്ക്, പുഴുക്കൾ എന്നിവയെ നീക്കം ചെയ്യാൻ ഇങ്ങനെ കഴുകുന്നത് സഹായിക്കും.
∙ചെറു ചൂടു വെള്ളത്തിൽ ഉപ്പ് ഇട്ടതിനുശേഷം കോളിഫ്ലവർ ഒരിക്കൽ കൂടി കഴുകിയെടുക്കണം. ഇങ്ങനെ ചെയ്യുന്നത് ചെറിയ സൂക്ഷ്മ ജീവികളെയും പാരസൈറ്റുകളെയും ഒഴിവാക്കാൻ സഹായിക്കും. പത്ത് മുതൽ ഇരുപതു മിനിറ്റ് വരെ ഇങ്ങനെ ചൂട് വെള്ളത്തിൽ ഇട്ടുവെയ്ക്കണം.
∙ധാരാളം സൂക്ഷ്മജീവികൾ കാണുവാൻ സാധ്യതയുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. അതുകൊണ്ടുതന്നെ തിളച്ച വെള്ളത്തിലിട്ടു ഒരു അഞ്ച് മിനിറ്റുനേരം വെച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്.
∙തിളച്ച വെള്ളത്തിലേയ്ക്കിട്ട കോളിഫ്ലവറിനെ അഞ്ചു മിനിറ്റിനു ശേഷം ഐസ് വാട്ടറിലേയ്ക്ക് മാറ്റണം. അങ്ങനെ ചെയ്യുന്നത് വഴി കോളിഫ്ലവർ വെന്തുപോകുകയില്ലെന്നു മാത്രമല്ല, നല്ല ക്രിസ്പിയായിരിക്കുകയും ചെയ്യും.
∙ചെറിയ ഇതളുകളാക്കി മുറിച്ചെടുത്ത കോളിഫ്ലവറിലേ ജലാംശം കിച്ചൻ ടവൽ ഉപയോഗിച്ച് നല്ലതുപോലെ തുടച്ചെടുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.