ADVERTISEMENT

തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ്. മലയാളികളുടെ പ്രഭാത ഭക്ഷണം മുതൽ എല്ലാത്തിലും സത്യം പറഞ്ഞാൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഡയറ്റ് തെരഞ്ഞെടുക്കുമ്പോൾ ഭക്ഷണം ഒരു വെല്ലുവിളി തന്നെയാണ്. ചിലർക്ക് ചോറ് ഒരു വീക്നെസ് മാത്രമല്ല വികാരം കൂടിയാണ്. ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ വല്ലതും സംഭവിക്കുമോ എന്നുപോലും കരുതുന്നവരുണ്ട്. പക്ഷേ തടി കുറയ്ക്കണമെങ്കിൽ ചോറ് അടക്കമുള്ളതെല്ലാം ഒഴിവാക്കേണ്ടി വരും. എന്നുകരുതി പേടിക്കണ്ട. ചോറിന് പകരം കഴിക്കാൻ നിരവധി ഐറ്റംസുണ്ട്. കാർബോ ഹൈഡ്രേറ്റ് കുറഞ്ഞതും വണ്ണം കുറയ്ക്കാൻ ഉതകുന്നതുമായ ചില ഭക്ഷണങ്ങളാണ് ഇനി പറയുന്നത്. 

റവ 

പ്രഭാത ഭക്ഷണത്തിൽ ഏറ്റവും എളുപ്പത്തിൽ തയാറാക്കിയെടുക്കാവുന്ന ഒന്നാണല്ലോ ഉപ്പുമാവ്. അരിയാഹാരത്തിന് പകരം നിൽക്കുന്ന ഒന്നുകൂടിയാണിത്. പലതരത്തിലുളള ഉപ്പുമാവ് ചോറിന് പകരം കഴിക്കാം. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ റവ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണമാണ്. ഫൈബറിനാല്‍ സമ്പന്നവും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണിത്. പച്ചക്കറികള്‍ ധാരാളമായി ഇവയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. റവയും പച്ചക്കറിയും സമാസമം ചേർത്ത് ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. അതുപോലെ റവ കൊണ്ടുള്ള ദോശയും ഡയറ്റിന് ഉത്തമമാണ്. നല്ല മൊരിഞ്ഞ റവ ദോശയുടെ റസിപ്പിയിതാ. 

upma

റവ- അര കപ്പ്
അരിപ്പൊടി- അര കപ്പ്
മൈദ- കാൽ കപ്പ്
ഇഞ്ചി- 2 ടേബിൾസ്പൂൺ
പച്ച മുളക്-2 എണ്ണം
സവാള-1 എണ്ണം
കായം- കാൽ ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
ഉപ്പ്, വെള്ളം- ആവശ്യത്തിന് 

റവ, അരിപ്പൊടി, മൈദ ഇവ നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് സവാള, ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. കുറച്ച് കായ പൊടിയും ജീരകവും ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കലക്കി എടുക്കുക. പാൻ ചൂടാകുമ്പോൾ മാവ് കോരി ഒഴിക്കുക. കുറച്ച് നെയ്യ് ഒഴിച്ച് വേവിച്ച് എടുക്കാം. 

ഓട്സ്

ഓട്സിന്റെ ഗുണഗണങ്ങളെക്കുറിച്ച് ആർക്കും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. എല്ലാ ഡയറ്റ് പ്ലാനുകളിലേയും സ്റ്റാറാണ് ഓട്സ്. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. കലോറി വളരെ കുറഞ്ഞ ഓട്സ് എല്ലാത്തരം ഡയറ്റുകളിലും ഉൾപ്പെടുത്താറുണ്ട്, മാത്രമല്ല ഇത് ഫൈബറു കൊണ്ടും സമ്പന്നമാണ്. കൊളസ്ട്രോൾ, പ്രമേഹം എന്നിവ കുറയ്ക്കാനും ഓട്സ് സഹായിക്കുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണങ്ങൾ ഒഴിവാക്കി പ്രഭാത ഭക്ഷണത്തിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ശീലമാക്കാം. സ്ഥിരം വിഭവങ്ങളിൽ നിന്നും മാറ്റി നല്ലൊരു മസാല ദോശ പരീക്ഷിക്കാവുന്നതാണ്. 

ഓട്സ് പൊടിച്ചടുത്തത്- ഒരു കപ്പ്
അരിപ്പൊടി- കാൽ കപ്പ്
റവ- കാൽ കപ്പ് 
ജീരകം- അര ടീസ്പൂൺ
ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി - ചെറുതായി അരിഞ്ഞത് ആവശ്യത്തിന് 
കറിവേപ്പില, ഉപ്പ്- പാകത്തിന് 
തൈര്- കാൽ കപ്പ് മുതൽ- 1 1/2 കപ്പ് വരെ

ഓട്സ് പൊടിച്ചതിലേയ്ക്ക് മുകളിൽ പറഞ്ഞിരിക്കുന്നതെല്ലം കൂടി ചേർത്ത് നല്ലതുപോലെ ആദ്യമൊന്ന് യോജിപ്പിക്കാം. വെള്ളം കുറവുണ്ടെങ്കിൽ ചേർത്ത് കൊടുത്ത് ദോശമാവിന്റെ പരുവത്തിൽ ആക്കിയെടുത്ത് ചുട്ടെടുക്കാം. ചട്ണിയില്ലെങ്കിലും ഈ ദോശ കഴിയ്ക്കാവുന്നതാണ്. 

ബാർലി 

അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങൾ നൽകുന്ന മികച്ചൊരു ഘടകമാണ്. ഇന്ന് ഒട്ടുമിക്കപേരും അരിയ്ക്ക് പകരം ബാർലി ഉൾപ്പെടുത്തിയാണ് ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നത്.ബാർലി വെളളം സ്ഥിരമായി കുടിയ്ക്കുന്നത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പരിപ്പും ബാർലിയും ചേർത്തുണ്ടാക്കുന്ന നോർത്ത് ഇന്ത്യൻ വിഭവം കിച്ച്ഡി മികച്ചൊരു പ്രഭാതഭക്ഷണമാണ്. 

ബാർലി കിച്ചഡി തയാറാക്കുന്ന വിധം 

പരിപ്പും ബാർലിയും കഴുകി വെള്ളത്തിൽ കുതിർക്കുക. ഒരു പ്രഷർ കുക്കറിൽ കുറച്ച് നെയ്യ് ചൂടാക്കി ജീരകവും കായപ്പൊടിയും ചേർത്ത് മൂപ്പിക്കുക.അതിലേയ്ക്ക് കുറച്ച് പച്ചമുളക് ചേർക്കാം. ഉള്ളി കൂടി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ ഇളക്കുക. 3 കപ്പ് വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവയ്‌ക്കൊപ്പം പ്രഷർ കുക്കറിൽ ബാർലിയും പരിപ്പും ചേർക്കുക. ഇളക്കി ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക അല്ലെങ്കിൽ ഉയർന്ന തീയിൽ 1 വിസിൽ അടിപ്പിക്കുക. നല്ല പോഷകസമ്പുഷ്ടമായ ബ്രേക്ക്ഫാസ്റ്റ് റെഡി. 

English Summary:

Healthy Recipes for Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com