പോയവർഷം ട്രെൻഡിങ്ങായ വിഭവം; ഇന്ന് സ്റ്റാർ ഹോട്ടലുകളിലെ സൂപ്പർ സ്റ്റാർ
Mail This Article
പുതുവർഷത്തിന്റെ തീൻമേശയിൽ പോയവർഷം വിളമ്പിവച്ചുപോയ ഹിറ്റുകളിൽ മുൻപൻ പാൽക്കപ്പ തന്നെ. ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലുകളിലും ട്രെൻഡിങ്. ഫുഡ് ബ്ലോഗ്ഗർമാരുടെ ഇഷ്ടക്കാരൻ.
സംഗതി പണ്ടേ കേരളത്തിൽ ഉണ്ടായിരുന്നതു തന്നെ. കപ്പവേവിച്ചതിൽ അൽപം തേങ്ങാപ്പാലുകൊണ്ടുള്ള കളി. പക്ഷേ, സ്റ്റാർ ഹോട്ടലുകളിൽ കിരീടം വച്ച രാജാവ്.
പാൽക്കപ്പയുടെ ഏറ്റവും മികച്ച കൂട്ടുകാരൻ പോത്തിന്റെ വാരിയെല്ലുകറിയാണ്. അല്ലെങ്കിൽ പോത്തിറച്ചി. നാടൻ ചിക്കൻകറിയോടും മീൻകറിയോടും ഒട്ടും വിരോധമില്ല താനും.
എങ്കിലും പാൽക്കപ്പ 2024ൽ ഒന്നു കരുതിയിരിക്കുന്നതു നല്ലതാ.പാൽപൊറോട്ട പതിയെ കത്തിക്കയറി വരുന്നുണ്ട്.
തയാറാക്കിയാലോ?
ചെണ്ടമുറിക്കപ്പ വീണ്ടും മുറികളാക്കി പുഴുങ്ങി, ചുവന്നുള്ളിയും പച്ചമുളകും ഇടിച്ചു ചേർത്ത് വഴറ്റി ആദ്യം തേങ്ങയുടെ രണ്ടാംപാൽ ഒഴിക്കുന്നു. തിളച്ച് കൊഴുത്തുവരുമ്പോൾ ഒന്നാം പാലും. കേരളത്തിന്റെ പല നാടുകളിൽ പല രുചിരീതികളായതിനാൽ ചിലർ ഇതിൽ കടുകുപൊട്ടിക്കുന്നു, ചിലർ വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കുന്നു. അങ്ങനെ ഓരോരുത്തർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് എന്തുമാവാം.