ഇതല്ല, എന്റെ ഓംലെറ്റ് ഇങ്ങനെയല്ല! ഏറ്റവും പുതിയ വേർഷൻ കണ്ട് അന്തംവിട്ട് ഭക്ഷണപ്രേമികൾ
Mail This Article
ഭക്ഷണവിഭവങ്ങളിൽ ‘കൈവിട്ട’ പരീക്ഷണങ്ങൾ നടത്തി പാചകപ്രേമികളെയും ഭക്ഷണപ്രിയരെയും വെറുപ്പിക്കുന്ന ചിലരുണ്ട്. ആ നിരയിൽ പുതിയതാണ് ഓംലെറ്റിനു മേൽ ഒരു ഉത്തരേന്ത്യൻ തട്ടുകടക്കാരന്റെ ‘അതിക്രമം’.തട്ടുകടകളിലെയും സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെയും ഓംലൈറ്റുകൾക്ക് നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയുണ്ടെന്നാണ് പൊതുവേ അഭിപ്രായം. മിക്കവരും ഈ ഓംലെറ്റുകളുടെ ആരാധകരുമാണ്. എന്നാൽ ഈ വിഡിയോ കണ്ടാൽ അവരിൽ പലരും നെഞ്ചത്തു കൈവച്ചുപോകും.
ഉത്തരേന്ത്യയിലെ ഏതോ ഒരു തട്ടുകടയാണ് രംഗം. അവിടുത്തെ പാചകക്കാരൻ ഓംലെറ്റ് ഉണ്ടാക്കാൻ തയാറെടുക്കുന്നു. സാധാരണ ഓംലെറ്റ് ഉണ്ടാക്കുന്ന രീതിയിലാണ് തുടക്കം. പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുന്നു. അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയെല്ലാം ചേർത്ത് മുട്ട നല്ലതുപോലെ അടിച്ചെടുക്കുന്നു. ഇതിലേക്ക് എന്തൊക്കെയോ പൊടികളും വാരി വിതറുന്നുണ്ട്. പിന്നെ ഓംലെറ്റ് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുന്നു. ഇവിടെ വരെ കാര്യങ്ങൾ ഓക്കെയാണ്.
പിന്നെയാണ് ആ ‘പാതകം’. ഓംലെറ്റ് ഉണ്ടാക്കുന്ന ചേട്ടൻ ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുക്കുന്നതോടുകൂടി രംഗം മാറുകയാണ്. പാക്കറ്റ് രണ്ടായി മുറിച്ച് ബിസ്കറ്റുകൾ ഓരോന്നായി ഓംലെറ്റിന്റെ മുകളിൽ നിരത്താൻ തുടങ്ങി. ബിസ്കറ്റുകൾ ചുമ്മാ അങ്ങ് നിരത്തുകയല്ല. ഓരോ ബിസ്കറ്റും മുട്ടയിൽ മുക്കി, കണ്ടാൽ ഒരു പൂക്കളം പോലെയാണ് അലങ്കരിക്കുന്നത്. നല്ലതുപോലെ മൊരിഞ്ഞു വരുന്ന ബിസ്കറ്റ് ഓംലെറ്റിന്റെ മുകളിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ചീസ് കൂടി നിരത്തുന്നതോടെ സംഗതി കഴിഞ്ഞു.
ബിസ്കറ്റ് ഓംലൈറ്റ് കണ്ട ആളുകളുടെ പ്രതികരണം കടുപ്പത്തിലായിരുന്നു. ഇതിലും ഭേദം മരിക്കുന്നതായിരുന്നു എന്ന് നിരവധിപേർ കമന്റ് ചെയ്തു. മറ്റു ചിലരുടെ അഭിപ്രായം ഫുഡ് വ്ലോഗേഴ്സ് ആണ് ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ്. വിഡിയോ പോസ്റ്റ് ചെയ്തു രണ്ടുദിവസത്തിനുള്ളിൽത്തന്നെ ലക്ഷക്കണക്കിന് പേർ കാണുകയും അതിനേക്കാൾ ഏറെ പേർ കമന്റ് ചെയ്യുകയും ചെയ്തു.