ആപ്പിളിനെ എങ്കിലും വെറുതേ വിടൂ! ഓംലെറ്റ് ഉണ്ടാക്കുന്ന രീതിയെ വിമര്‍ശിച്ച് ഭക്ഷണപ്രേമികൾ
Mail This Article
ബിസ്ക്കറ്റ്, ചോക്ലേറ്റ് എന്നീ കോമ്പിനേഷനുകൾക്ക് ശേഷം സമൂഹമാധ്യമത്തിൽ തരംഗമായി ആപ്പിൾ ഓംലെറ്റ്. ഇതുവരെ പരീക്ഷിക്കാത്ത ഒന്നാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മുമ്പ് ബിസ്ക്കറ്റ് ഓംലെറ്റ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ വൈറലായ തെരുവ് കച്ചവടക്കാരൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആപ്പിൾ, നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഫ്രൂട്ടാണ്. അവശ്യ വിറ്റാമിനുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ആപ്പിൾ നല്ല ആരോഗ്യത്തിനു ബെസ്റ്റാണ്. എന്നാൽ ആപ്പിളിന്റെ പുതിയ വിഭവമായ ആപ്പിൾ ഓംലെറ്റ് എങ്ങനെ കഴിക്കും എന്ന ചിന്തയിലാണ് ഭക്ഷണപ്രേമികൾ.
ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വിഡിയോയിൽ ആപ്പിൾ ഓംലെറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും കാണിക്കുന്നുണ്ട്. ആദ്യം ആപ്പിൾ എടുത്ത് കഷ്ണങ്ങളായി മുറിയ്ക്കുന്നു. അതിനുശേഷം, ഒരു പാനിൽ ഒരു കഷ്ണം എടുത്തിട്ടുകൊണ്ട് ഈ ഓംലെറ്റ് നിങ്ങൾ മുമ്പ് പരീക്ഷിക്കാത്ത ഒന്നാണെന്നു പറയുന്നതും കേൾക്കാം. ഓംലെറ്റ് ഉണ്ടാക്കുന്ന പാത്രവും വൃത്തിഹീനമാണ്. പരീക്ഷണങ്ങളോടുള്ള തന്റെ അഭിനിവേശവും പാചകത്തോടുള്ള ഇഷ്ടവും കൊണ്ടാണ് ഇത്തരം വിഭവങ്ങൾ സൃഷ്ടിക്കുന്നതെന്നും തന്റെ ഹോബിയാണെന്നും ഈ പാചകക്കാരന്‍ പറയുന്നുണ്ട്.
പാത്രത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം ഉള്ളി, മുളക്, മല്ലിയില, തക്കാളി, ഉപ്പ്, ഒരു നുള്ള് ചുവന്ന മുളകുപൊടി, പിന്നെ പാചകക്കാരന്‍ തയാറാക്കിയ മസാലയും ചെറുതായി അരിഞ്ഞ ആപ്പിളും ചേർക്കുന്നതും കാണാം. ശേഷം പാൻ ചൂടാകുമ്പോൾ ബട്ടർ ചേർത്ത് ഈ മുട്ട അതിലേക്ക് ഒഴിക്കുന്നു. അടുത്തതായി ഇതിന് മുകളിലേക്ക് മയോണൈസ് ഒഴിച്ചുകൊടുക്കുന്നു. തുടർന്ന് കുറച്ച് ചീസും മല്ലിയിലയും കൂടി അതിന് മുകളിലേക്ക് നിരത്തുന്നു. മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ഓംലെറ്റിനൊപ്പം മുറിച്ച ആപ്പിളും വേണമെങ്കിൽ പുഴുങ്ങിയ മുട്ടയും ഗ്രീൻ ചട്നിയും നൽകും. 'ഇയാൾ മുട്ട വിതരണം ചെയ്യുന്നത് നിർത്തുന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഓംലെറ്റിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പേരും പറഞ്ഞു'. ഇതിനുമുമ്പും മുട്ടകൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തി വൈറലായ ആളാണ് ഈ തട്ടുകടകാരന്‍