ADVERTISEMENT

മിക്കവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് പൈനാപ്പിള്‍. ഇപ്പോഴാണെങ്കില്‍ പൈനാപ്പിളിന്‍റെ സീസണുമാണ്. റോഡരികുകളില്‍, നല്ല വിളഞ്ഞു തുടുത്ത് സുഗന്ധം പരത്തുന്ന പൈനാപ്പിള്‍ വില്‍ക്കുന്ന കച്ചവടക്കാരെ എങ്ങും കാണാം. പൈനാപ്പിള്‍ കൊണ്ട് ജൂസും പച്ചടിയും കിച്ചടിയുമെല്ലാം നമ്മള്‍ ഉണ്ടാക്കാറുണ്ട്.  ഒരുപാട് ഗുണങ്ങൾ പൈനാപ്പിളിനുണ്ട്.

അഴകുള്ള ചക്ക, അകമേയുണ്ട് നൂറു ഗുണങ്ങള്‍
പോഷകഗുണങ്ങളിൽ വളരെ മുന്നിട്ടു നിൽക്കുന്ന ഒരു ഫലവര്‍ഗ്ഗമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്.

കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുള്ള ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. പൈനാപ്പിൾ ജൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്‍റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പഞ്ചസാര താരതമ്യേന കുറവായതിനാൽ പ്രമേഹരോഗികൾക്കു പോലും പൈനാപ്പിൾ കഴിക്കാം. പക്ഷേ മിതമായ അളവിൽ ആയിരിക്കണമെന്നു മാത്രം. കൂടാതെ, ചിലരിൽ പൈനാപ്പിൾ അലർജി, ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാക്കും. വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ. ഇത്തവണ ഒരു അടിപൊളി പൈനാപ്പിള്‍ ചട്ണി ആയാലോ? ദോശയ്ക്കും ചപ്പാത്തിക്കുമെല്ലാം കൂട്ടി കഴിക്കാവുന്ന ഈ അടിപൊളി വിഭവം തയ്യാറാക്കിയത്  ഇന്ത്യൻ സെലിബ്രിറ്റി ഷെഫും റസ്റ്റോറേറ്ററും മാധ്യമപ്രവർത്തകനുമായ കുനാൽ കപൂറാണ്.  

പൈനാപ്പിൾ ചട്ണി
ചേരുവകൾ
പൈനാപ്പിൾ - 1
പഞ്ചസാര - കാല്‍ കപ്പ്‌ 
വിനാഗിരി - 4-5 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ 
ഇന്തുപ്പ് - 1 ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - ½ ടീസ്പൂൺ
വറുത്ത ജീരകം - 2 ടീസ്പൂൺ
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍ 

Photo Credit: Rizly/ Istockphoto
Photo Credit: Rizly/ Istockphoto

തയാറാക്കുന്ന വിധം
പൈനാപ്പിള്‍ അടുപ്പിനു മുകളില്‍ വച്ച് നന്നായി ചുട്ടെടുക്കുക. പുറമേ കറുത്ത നിറമാകുന്നതുവരെ നന്നായി വേവിക്കണം. ഇത് മാറ്റിവച്ച്, തണുത്ത ശേഷം, പുറം തൊലി നന്നായി അരിഞ്ഞു കളയുക. ശേഷം പൈനാപ്പിള്‍ ചെറിയ വട്ടങ്ങളാക്കി മുറിക്കുക. ഇത് വീണ്ടും ചെറുതാക്കി അരിയുക. ഒരു പാൻ ചൂടാക്കി, അതിലേക്ക് പഞ്ചസാരയും അരിഞ്ഞ പൈനാപ്പിളും ഇടുക. ഇതിലേക്ക് വിനാഗിരി ഒഴിക്കുക. ശേഷം, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇന്തുപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വറുത്ത ജീരകം, കുരുമുളകുപൊടി എന്നിവ ഇടുക. വീണ്ടും ഇളക്കുക. ഈ മിശ്രിതം നന്നായി വെന്ത ശേഷം, ഇറക്കിവെച്ചു തണുപ്പിക്കുക. ഇത് ഒരു മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. മുകളില്‍ അല്‍പ്പം മുളകുപൊടി തൂവുക. പൈനാപ്പിള്‍ ചട്ണി റെഡി! ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

English Summary:

Homemade Special Pineapple Chutney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com