ഇത്ര സിംപിളോ? മാവ് കുഴയ്ക്കണ്ട, പരത്തണ്ട... പത്തു മിനിറ്റില്‍ ആലു പറാത്ത റെഡി!
Mail This Article
ഉത്തരേന്ത്യയിലാണ് ഉത്ഭവമെങ്കിലും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പ്രാതല്‍ വിഭവമാണ് ആലു പറാത്ത. ഉരുളക്കിഴങ്ങ് കുഴച്ച്, മാവിനുള്ളില്‍ സ്റ്റഫ് ചെയ്ത് പരത്തിയെടുത്താണ് ഇത് ഉണ്ടാക്കുന്നത്. ഉണ്ടാക്കി പരിചയമുള്ളവര്‍ക്ക് കുഴപ്പമില്ലെങ്കിലും, ആദ്യമായി ഉണ്ടാക്കുന്നവര്‍ക്ക് ഇതത്ര എളുപ്പമല്ല.
എന്നാല്‍ എളുപ്പത്തില്‍, വെറും പത്തു മിനിറ്റിനുള്ളില്‍ ആലു പറാത്ത ഉണ്ടാക്കാനുള്ള റെസിപ്പി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഫസി എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍. ഈ ആലു പറാത്ത ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. ഉരുളക്കിഴങ്ങ് - 1 വലുത്
2. ഗോതമ്പ് പൊടി - 2 കപ്പ്
3. ഉപ്പ് - ആവശ്യത്തിന്
4. വെള്ളം - ആവശ്യത്തിന്
5. മല്ലിയില
ചില്ലി ഫ്ലേക്സ്
മഞ്ഞള്‍
ഗരം മസാല
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച്, വെള്ളത്തിലിട്ട് വേവിച്ചെടുക്കുക. ഗോതമ്പ്പൊടിയില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കാം. ഉരുളക്കിഴങ്ങ് നന്നായി ഉടച്ച്, അതിലേക്ക് അഞ്ചാമത്തെ ചേരുവകള്‍ പാകം പോലെ ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക.
ഗോതമ്പ് പൊടി മാവിലേക്ക് ഈ ഉരുളക്കിഴങ്ങ് കൂട്ട് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അടുപ്പത്ത് തവ വച്ച് ചൂടാക്കിയ ശേഷം, ഈ മാവ് ദോശ ഒഴിക്കുന്നത് പോലെ ഒഴിക്കുക. ഇരുവശങ്ങളിലും നെയ് പുരട്ടി മറിച്ചിട്ട് വേവിച്ചെടുക്കുക. ഈ ആലു പറാത്ത തൈര്, അച്ചാര്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.