ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ചെൽസിയെ നിലംപരിചാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ്. അർജന്റീന താരം സെർജിയോ അഗ്യൂറോ സിറ്റിക്കു വേണ്ടി ഹാട്രിക് കുറിച്ചു. 13, 19, 56 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകൾ. ശേഷിച്ച ഗോളുകൾ റഹിം സ്റ്റെർലിങ് (4, 80), ഗുണ്ടോഗൻ (25) എന്നിവർ നേടി. ആദ്യപകുതിയിൽ സിറ്റി നാലു ഗോളിനു മുന്നിലായിരുന്നു. അര ഡസൻ ഗോളുകൾക്ക് നീലപ്പടയെ മുക്കിയതോടെ പെപ് ഗ്വാർഡിയോളയുടെ ടീം വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറി.

ബോൺമൗത്തിനെ 3–0നു കീഴടക്കി നേരത്തെ ലിവർപൂൾ ഒന്നാം സ്ഥാനത്തേക്കു കയറിയിരുന്നു. സാദിയോ മാനെ‌, ജോർജിനിയോ വിജ്നാൽദം, മുഹമ്മദ് സലാ എന്നിവരാണ് ഗോൾ നേടിയത്. സതാംപ്ടനെതിരെ കാർഡിഫ് സിറ്റി 2–1 വിജയം നേടി. വിമാനാപകടത്തിൽ മരിച്ച അർജന്റീനയുടെ താരം എമിലിയാനോസലയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി ഈ വിജയം. അടുത്തിടെയാണ് സല കാർഡിഫിലെത്തിയത്.ഹഡേഴ്സ് ഫീൽഡിനെതിരെ 2–1 വിജയവുമായി ആർസനലും മുന്നേറി. അലക്സ് ഇവൗബിയും അലക്സാണ്ട്രെ ലകാസറ്റെയുമാണ് സ്കോറർമാർ.

സിറ്റിക്കും ലിവർപൂളിനും 65 പോയിന്റാണെങ്കിലും ഗോൾശരാശരിയിൽ സിറ്റിയാണ് മുന്നിൽ. എന്നാൽ ലിവർപൂൾ ഒരു മൽസരം കുറവാണ് കളിച്ചത്. ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്ത ടോട്ടനം ഹോട്‌സ്പർ 26 മൽസരങ്ങളിൽനിന്ന് 60 പോയിന്റുമായി മൂന്നാമതുണ്ട്. അതേസമയം, സീസണിലെ ആറാം തോൽവി വഴങ്ങിയ ചെൽസി 26 മൽസരങ്ങളിൽനിന്ന് 50 പോയിന്റുമായി ആറാം സ്ഥാനത്തായി. ആർസനലിനും 50 പോയിന്റാണെങ്കിലും മികച്ച ഗോൾശരാശരി അവരെ അഞ്ചാമതെത്തിച്ചു. പുതിയ പരിശീലകനു കീഴിൽ വിജയക്കുതിപ്പു തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 26 മൽസരങ്ങളിൽനിന്ന് 51 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി.

ഹാട്രിക്കോടെ മിന്നി സെർജിയോ അഗ്യൂറോ

മൽസരത്തിനും മുൻപ് പരിശീലകർ തമ്മിലുള്ള പോരാട്ടമായിട്ടാണ് മാ‍ഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലുള്ള മൽസരം വിലയിരുത്തപ്പെട്ടതെങ്കിലും കളി കഴിഞ്ഞ ശേഷം എതിഹാദ് സ്റ്റേഡിയത്തിലെ പ്രധാന പയ്യൻ കളിയിൽ ഹാട്രിക് നേടിയ സിറ്റിയുടെ അർജന്റീന താരം സെർജിയോ അഗ്യൂറോ ആയിരുന്നു. പ്രീമിയർ ലീഗിൽ ഒരിടർച്ചയ്ക്കു ശേഷം സിറ്റി പൂർവാധികം ശക്തിയോടെ കുതിക്കുമ്പോൾ ഗോൾ‌ സ്കോറിങ് പ്രതീക്ഷകൾ ഈ മുപ്പതുകാരനിലാണ്. 

Sergio Aguero
അഗ്യൂറോ

∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ഗോൾസ്കോറർമാരിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ് അഗ്യൂറോ–16 

ഗോളുകൾ. 260 ഗോളുകളുമായി അലൻ ഷിയററാണ് മുന്നിൽ.

∙ പ്രീമിയർ ലീഗിൽ കളിച്ച ഓരോ 125 മിനിറ്റിലും അഗ്യൂറോ ഗോളടിച്ചിട്ടുണ്ട്. കുറഞ്ഞത് 50 മൽസരങ്ങൾ 

കളിച്ചവരിൽ മുഹമ്മദ് സലായ്ക്കും (119) ഹാരി കെയ്നും മാത്രം പിന്നിൽ‌. 

∙ ഒരു മൈതാനത്ത് ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ കളിക്കാരനാണ് അഗ്യൂറോ– എതിഹാദ് സ്റ്റേഡിയത്തിൽ 9 ഹാട്രിക്കുകൾ. ഹൈബറിയിൽ 8 ഹാട്രിക്കുകൾ നേടിയ തിയറി ഒന്റിയാണ് രണ്ടാമത്.

∙ അഗ്യൂറോ ഏറ്റവും കൂടുതൽ ഗോളടിച്ച എതിർ ടീമുകളിലൊന്നാണ് ചെൽസി–15. ന്യൂകാസിലാണ് മറ്റൊന്ന്. 

∙ മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ഗോൾ സ്കോറർ. 222 ഗോളുകള്‍

∙ പ്രീമിയർ ലീഗിൽ ഒരു ക്ലബിനു വേണ്ടി 200 ഗോളുകളിൽ പങ്കു വഹിക്കുന്ന (അസിസ്റ്റ് ഉൾപ്പെടെ) ആറാം താരം. 

∙ അഗ്യൂറോ ഏറ്റവും കൂടുതൽ ഗോൾ നേടിയത് 61–75 മിനിറ്റ് സമയങ്ങളിലാണ്– 40 ഗോളുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT