നന്ദിനി ഓട്ടക്കാരിയാണ്. വെറും ഓട്ടക്കാരിയല്ല, കരുതലോടെ ഓടുന്നവൾ. 3 പതിറ്റാണ്ട് ഗുരുവായൂർ ഉത്സവത്തിന് കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് ഓട്ടപ്രദക്ഷിണം നടത്തിയ പിടിയാന. ക്ഷേത്രം മതിൽക്കകത്ത് പള്ളിവേട്ടയ്ക്ക് 9, ആറാട്ടിന് 11 പ്രദക്ഷിണം ഓടണം. തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിലൂടെയാണ് ശരവേഗത്തിൽ പായേണ്ടത്. മുകളിൽ കണ്ണന്റെ തങ്കത്തിടമ്പേറ്റിയ കീഴ്ശാന്തി. മുന്നിലും പിന്നിലും ഉത്സവാരവത്തിൽ ജനക്കൂട്ടം. ആർക്കും ഒരപകടവുമില്ലാതെ നന്ദിനി 30 കൊല്ലം ഓട്ടം പൂർത്തിയാക്കി പടിയിറങ്ങി. പ്രായമായി, ക്ഷീണമുണ്ട്. എന്നിട്ടും കുളിച്ച് കുറിയിട്ട് നിന്ന നന്ദിനിക്കായിരുന്നു ഗുരുവായൂരിലെ സുഖചികിത്സയുടെ ആദ്യ ഔഷധ ഉരുള ലഭിച്ചത്. പുന്നത്തൂർക്കോട്ടയിൽ നന്ദിനിക്ക് ഉരുള നൽകി ദേവസ്വം ചെയ്രമാൻ ഡോ. വി.കെ.വിജയനും എൻ.കെ.അക്ബർ എംഎൽഎയും ചേർന്ന് സുഖചികിത്സ ഉദ്ഘാടനം ചെയ്തു.
HIGHLIGHTS
- ജൂലൈ 1 മുതൽ 30 ദിവസമാണ് സുഖചികിത്സ
- ഗുരുവായൂർ ദേവസ്വത്തിൽ 44 ആനകളുണ്ട്
- ഒരു കാലത്ത് ആനകളുടെ എണ്ണം 67 വരെ എത്തി