ADVERTISEMENT

പോപ് ഗായിക റിയാനയാണ് ആ ബ്യൂട്ടി ബോംബ് പൊട്ടിച്ചത്! ക്ഷീണമകറ്റാനും ത്വക്കിന് ആരോഗ്യം നൽകാനുമായി ഒരു രഹസ്യ വൈറ്റമിൻ കൂട്ട് ഡ്രിപ്പായി എടുക്കാറുണ്ടെന്ന്. വൈറ്റമിൻ സി അടക്കം ഒരുകൂട്ടം വൈറ്റമിനുകൾക്കു പുറമേ, ഗ്ലൂട്ടത്തയോണും റിയാനയുടെ ഞരമ്പിലൂടെ കയറിയ ബ്യൂട്ടി ഡ്രിപ്പിൽ ഉണ്ടെന്നും ലോകം അറിഞ്ഞു. പിന്നത്തെ കാര്യം പറയണോ, ഗ്ലൂട്ടത്തയോൺ കഴിച്ചാൽ വെളുക്കും, കുത്തിവച്ചാൽ വെളുക്കും, ക്രീമായി തേച്ചാൽ വെളുക്കും, അതുക്കും മേലേ പ്രായവും കുറയ്ക്കും എന്നിങ്ങനെ നോക്കുന്നിടത്തെല്ലാം ഗ്ലൂട്ടക്കഥകൾ. നമ്മുടെ നാട്ടിലോ? സെലിബ്രിറ്റികൾ മാത്രമല്ല, സാധാരണക്കാർ ഉൾപ്പെടെ എത്രപേരാണെന്നോ ഗ്ലൂ‍ട്ടത്തയോൺ ഫാൻസ്. യൂട്യൂബർമാരടക്കം ഗ്ലൂട്ട എക്സ്പീരിയൻസ് പങ്കുവയ്ക്കുന്നു. വെളുക്കാനുള്ള ക്രീം പുരട്ടി വൃക്കയുൾപ്പെടെ പ്രശ്നത്തിലായവരെ നമുക്കറിയാമല്ലോ. അതുകൊണ്ടു തന്നെ ആശങ്കയും സ്വാഭാവികം, ശരിക്കും ഈ ഗ്ലൂട്ടത്തയോൺ വെളുപ്പ് ഉള്ളതാണോ? 

വെളുപ്പുമായിട്ട് എന്താ ഇടപാട്?
ഗുരുതര കരൾ രോഗം ബാധിച്ചവർക്ക്  ഗ്ലൂട്ടത്തയോണും വൈറ്റമിൻ സിയും ഉൾപ്പെടെ ഡ്രിപ്പായി നൽകുന്ന വൈറ്റമിൻ തെറപ്പിയുണ്ട്. അതിനിടെയാണു ഡോക്ടർമാർ ശ്രദ്ധിച്ചത് – കരൾ വഴക്കുകൂടിയതോടെ മുഖത്തും ശരീരത്തുമുണ്ടായ കരിമംഗല്യവും (hyperpigmentation) പാടുമൊക്കെ വൈറ്റമിൻ തെറപ്പിയെടുത്തവരിൽ കുറഞ്ഞിരിക്കുന്നു. ത്വക്ക് തിളങ്ങുന്നു. ശരീരത്തിലെ മെലനിൻ (ത്വക്ക്, കണ്ണ്, തലമുടി എന്നിവയ്ക്കു നിറം നൽകുന്ന ഘടകം) അളവ് കുറഞ്ഞ് ത്വക്ക് വെളുത്ത നിറത്തിലേക്കു നീങ്ങുന്നു. അതോടെ ഗ്ലൂട്ട ശടപടേന്ന് കയറിയങ്ങ് സ്റ്റാറായി. 

ഉന്തിന്റെ കൂടെയൊരു തള്ളെന്നൊക്കെ പറയും പോലെ ഹോളിവുഡ് നടി ഗ്വൈനിത് പാൾട്രോ, പാട്ടുകാരി ബിയോൺസെ തുടങ്ങി പല സെലിബ്രിറ്റികളും ഗ്ലൂട്ടയിൽ പിടിച്ച് ആണയിടാൻ തുടങ്ങി. യുഎസിലെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ചിട്ടില്ലെങ്കിലും പലയിടത്തും ഗ്ലൂക്കോസ് ഞരമ്പിലൂടെ നൽകും പോലെ ഗ്ലൂട്ടത്തയോൺ നൽകിത്തുടങ്ങി. പുതിയ പേരും വീണു– ദ് ഡ്രിപ് ഓഫ് ബ്യൂട്ടി!

അതെന്താ, ഗ്ലൂട്ട നിങ്ങളെ പിടിച്ച് കടിച്ചാ?
അല്ല, ഇതൊക്കെയിങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ ഉപയോഗിക്കാമോ എന്നു ചോദിച്ചാൽ ചിലർ ഓടിക്കും. കാരണം ഗ്ലൂട്ടത്തയോ‍ൺ ഐവി പതിവായി എടുക്കുന്ന പല യൂട്യൂബർമാരും സെലിബ്രിറ്റികളും അതിന്റെ ഗുണങ്ങളിൽ അത്ര സംതൃപ്തരാണ്. പക്ഷേ, ഓർക്കുക– ഇവരിൽ ഭൂരിഭാഗവും കോസ്മറ്റോളജിസ്റ്റുകളുടെയും മറ്റു വിദഗ്ധരുടെയും ഉപദേശമനുസരിച്ചു മാത്രം ബ്യൂട്ടി ട്രീറ്റ്മെന്റ് എടുക്കുന്നവരാണ്. മികച്ച ക്ലിനിക്കുകളിൽ, നൂതന സൗകര്യങ്ങളിലാണ് ഇവരുടെ ചികിത്സകളും. അല്ലാതെ സ്വയം ചികിത്സിച്ചാൽ ഗ്ലൂട്ട ചിലപ്പോൾ ‘കടിക്കും.’

രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ
ഗ്ലൂട്ടത്തയോൺ പോലെ ഹിറ്റാണിപ്പോൾ കൊളാജനും. സിംപിൾ ആയി പറഞ്ഞാൽ, കോശകലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോട്ടീനാണു കൊളാജൻ. ത്വക്കും പേശിയും എല്ലും കരുത്തുറ്റതാകാൻ ഇതു വേണം. കൊളാജൻ സപ്ലിമെന്റുകളും ക്രീമുകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പ്രോത്സാഹിപ്പിക്കുന്നു. ഇവിടെയും ഓർക്കുക– വിദഗ്ധ നിർദേശമനുസരിച്ചു മാത്രമാണു സെലിബ്രിറ്റികൾ ഇതും ഉപയോഗിക്കുന്നത്.

എന്നാൽ, നമ്മളോ– ഓൺലൈനിലോ മെഡിക്കൽ സ്റ്റോറിലോ ഓടിക്കയറി കൊളാജനും ഗ്ലൂട്ടത്തയോണും – രണ്ടും ഓരോ പ്ലേറ്റ് ഇങ്ങ് പോരട്ടെ എന്ന മട്ടിൽ വാരിയെടുത്ത് വിഴുങ്ങുന്നു. 

നാച്വറൽ ഉണ്ടല്ലോ
സമീകൃത ഡയറ്റ്, ആവശ്യത്തിനു ശുദ്ധജലം, നല്ല ഉറക്കം, വ്യായാമം എന്നിവ ദിവസവും ഉറപ്പാക്കിയാൽ തന്നെ നാച്വറലായി ഗ്ലൂട്ടത്തയോൺ, കൊളാജൻ തോത് കൂട്ടാം. ഇവ കൂടാൻ സഹായിക്കുന്ന ആഹാരസാധനങ്ങളോ സപ്ലിമെന്റോ (ആവശ്യമെങ്കിൽ) വിദഗ്ധനിർദേശം അനുസരിച്ച് കൂടുതലായി കഴിക്കാം. ജങ്ക് ഫൂഡും മറ്റും പാടേ ഒഴിവാക്കുകകൂടി ചെയ്താൽ ഭേഷ്. 

ഹലോ, താനാരാ ?
ഒറ്റവാക്കിൽ ആന്റി ഓക്സിഡന്റ്. അതായത് കോശങ്ങളിലും മറ്റും ഓക്സിഡേഷൻ (ഓക്സീകരണം) മൂലമുണ്ടാകുന്ന കേടുപാടുകളും മറ്റും പരിഹരിക്കാൻ നമ്മെ സഹായിക്കുന്നതാണ് ആന്റി ഓക്സിഡന്റ്. ഇവ കോശങ്ങളെ മിടുക്കരാക്കാനും പൊതുവായ ആരോഗ്യം സംരക്ഷിക്കാനുമെല്ലാം സഹായിക്കും. മികച്ച ആന്റി ഓക്സിഡന്റുകൾ നമ്മുടെ തൊലിയും തലമുടിയും കരുത്തും അഴകും ഉള്ളതാക്കി മാറ്റുകയും ചെയ്യും. എല്ലാവരുടെയും ശരീരത്തിൽ ഗ്ലൂട്ടത്തയോൺ ഉണ്ട്. ചില രോഗാവസ്ഥകളിൽ അളവ് കുറയുമെന്നു മാത്രം. 

കാൻസർ രോഗികളിൽ കീമോതെറപ്പിയുടെ പാർശ്വ ഫലങ്ങൾ ഒരു പരിധി വരെ തടയാൻ ഗ്ലൂട്ടത്തയോൺ സഹായകമാണ്. ശരീരം വെളുക്കാനും ഇതു സഹായിച്ചേക്കാം. പക്ഷേ, മെഡിക്കൽ വിദഗ്ധരുടെ മാർഗനിർദേശമില്ലാതെ ഉപയോഗിച്ചാൽ പ്രശ്നങ്ങൾ പലതാണ്. 

∙ ത്വക്ക് കാൻസർ: ദീർഘകാല ഉപയോഗം ഇതിലേക്ക് വഴിതെളിച്ചേക്കാം

∙ ഗർഭം, മൂലയൂട്ടൽ കാലങ്ങളിൽ ഇതിന്റെ ഉപയോഗം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

∙ കുത്തിവയ്പ് രൂപത്തിലുള്ള ഗ്ലൂട്ടത്തയോൺ ശരീരത്തിലെ സിങ്ക് തോത് കുറയ്ക്കുകയും ആസ്മ കൂട്ടുകയും ചെയ്യാം. അലർജി, കിഡ്നി പ്രശ്നങ്ങളുമുണ്ടാകാം.

∙ ശരീരത്തിനു നിറം വയ്ക്കുന്നത് ശാശ്വതമല്ല.

∙ മറ്റു ചില മരുന്നുകളുടെ കൂടെയോ രോഗാവസ്ഥകളിലോ ഉപയോഗിക്കുന്നത് അപകടകരമാകാം. 

പ്രായമാകുന്ന പ്രക്രിയ പതുക്കെയാക്കാനും സന്ധിവേദന കുറയ്ക്കാനും പേശീബലം കൂട്ടാനും കൊളാജൻ സഹായിച്ചേക്കാം. എന്നാൽ ഇതിന്റെ ഉപയോഗത്തിനും പാർശ്വഫലമുണ്ട്. അലർജിയും (ഗുരുതരമായ അനഫൈലാക്സിസ് അടക്കം) മറ്റു രോഗങ്ങളുടെ പകർച്ചയും ഉണ്ടാകാം. 

സ്റ്റിറോയ്ഡുകളും മെർക്കുറിയും അടങ്ങിയ ലേപനങ്ങളും മരുന്നുകളും ചിലർ ‘വെളുക്കാൻ’ വേണ്ടി ഉപയോഗിക്കാറുണ്ട്. ഫലം ഗുരുതരമാകുമെന്നു പറയേണ്ടല്ലോ. എല്ലാ മരുന്നും എല്ലാവർക്കും ഒരേ പോലെ ഉപയോഗിക്കാനുള്ളതല്ല. ശാരീരികാവസ്ഥ, രോഗങ്ങൾ, പ്രായം തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു ചികിത്സ. അതുകൊണ്ടു തന്നെ സ്വയം ചികിത്സ അങ്ങേയറ്റം അപകടമാണ്. ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഏതു ബ്യൂട്ടി ട്രീറ്റ്മെന്റും പാടുള്ളു.  

(ഡോ. എ. സരിൻ, അസോഷ്യേറ്റ് പ്രഫസർ‌, ത്വക് രോഗവിഭാഗം, ഗവ.മെഡിക്കൽ കോളജ്, തൃശൂർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com