ADVERTISEMENT

മുടിക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട. പക്ഷേ, മുട്ടയുടെ ദുർഗന്ധം കാരണം പലർക്കും ഇത് തലയിൽ തേക്കാൻ മടിയാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർക്ക്. മുട്ട തേച്ചതിന് ശേഷം ആ മണം മണിക്കൂറുകളോളം തലയിൽ തന്നെ തങ്ങി നിൽക്കും. ഇത് നമുക്ക് ചുറ്റുമുള്ളവർക്കും അരോചകം ഉണ്ടാക്കും. എന്നാൽ ഈ അവധി ദിവസം തലയിൽ മുട്ട കൊണ്ടുള്ള മാസ്ക് ഉണ്ടാക്കി കൃത്യമായി കഴുകി കളഞ്ഞാൽ മുടിയുടെ ആരോഗ്യവും നിലനിൽക്കും മണവും പോകും. 

പ്രോട്ടീനുകൾ, ധാതുക്കൾ, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. ഈ പോഷകങ്ങൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. കൂടാതെ പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടിയുടെ അളവ് കൂട്ടാനും ബലം നൽകാനും സഹായിക്കുന്നു. പ്രോട്ടീൻ ട്രീറ്റ്‌മെന്റായി പ്രവർത്തിക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. മുടി പൊട്ടുന്നതും വരണ്ട് പോകുന്നതുമൊക്കെ മാറ്റാൻ മുട്ട ഏറെ മികച്ചതാണ്. മുട്ട മാത്രം ഉപയോഗിക്കുന്നതിലും മികച്ച ഫലം തരുന്നത് അവയ്ക്കൊപ്പം ചില പൊടിക്കൈകൾ ചേർത്ത് മാസ്ക് ആയി തേക്കുന്നതാണ്. ഇത് മുട്ടയുടെ ദുർഗന്ധം കുറയ്ക്കാനും മുടിക്ക് കൂടുതൽ പോഷകങ്ങൾ നൽകാനും സഹായിക്കും. ഈ മാസ്കുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. 

മുട്ട - പഴം മാസ്ക്
വരണ്ട മുടിയുള്ളവർക്ക് ഈ പാക്ക് ഉത്തമമാണ്. വാഴപ്പഴം മികച്ച മോയ്സ്ചറൈസിങ് ഘടകവും പൊട്ടാസ്യത്തിന്റെയും ബി-വൈറ്റമിനുകളുടെയും മികച്ച ഉറവിടവുമാണ്. പൊട്ടാസ്യം മുടിയെ ബലപ്പെടുത്തുന്നു. ബി-വൈറ്റമിനുകൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ കട്ടി കൂട്ടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.  

ഒരു നേന്ത്രപ്പഴം നന്നായി ഉടച്ച് അതിൽ ഒരു മുട്ട മുഴുവനായും ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. മുടിയിലും തലയോട്ടിയിലും ഹെയർ പാക്ക് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. മണം ഒഴിവാക്കാൻ മൈൽഡ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വ്യത്തിയാക്കാവുന്നതാണ്.

മുട്ട- വെളിച്ചെണ്ണ 
മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചത് വെളിച്ചെണ്ണ ആണെന്ന് നമുക്കെല്ലാവർക്കുമറിയാം. വെളിച്ചെണ്ണ ഫാറ്റി ആസിഡുകളുടെ സമൃദ്ധമായ സ്രോതസ്സാണ്. കൂടാതെ മുടിയുടെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു. മുടിയുടെ വേരിലേക്ക് ആഴ്ന്നിറങ്ങി നന്നായി മുടി വളരാൻ വെളിച്ചെണ്ണ സഹായിക്കും. 

ഒരു മുട്ടയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം 20 മിനിറ്റിന് ശേഷം മുടി തണുത്ത വെള്ളത്തിൽ കഴുകി വ്യത്തിയാക്കാം. മണം ഇല്ലാതാക്കാൻ ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകി വ്യത്തിയാക്കുക. മൈൽഡ് ഷാംപൂ ഉപയോഗിക്കുന്നതും നല്ലതാണ്.

ഇവ കൂടാതെ മുട്ടയുടെ വെള്ളയും കറ്റാർവാഴ ജെല്ലും ചേർത്ത് യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും തേച്ചാൽ തേക്കുന്നത് നല്ലതാണ്. അമിനോ ആസിഡുകൾ, സ്റ്റെറോൾസി, ലിപിഡ്സി, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് കറ്റാർ വാഴ ജെൽ. മുടിയെയും തലയോട്ടിയെയും പോഷിപ്പിക്കുന്നുവയാണ് ഇവയെല്ലാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com